സുബ്രമണ്യം മാമന്‍റെ അഞ്ചു മക്കളില്‍ ഏറ്റവും ഇളയവന്‍ കണ്ണന്‍ .. ഞങ്ങള്‍ കണ്ണേട്ടന്‍ എന്ന് വിളിക്കുന്ന കണ്ണന്‍ സുബ്രമണ്യം. സുബ്രമണ്യം മാമന് ധനലക്ഷ്മി ബാങ്കില്‍ ആയിരുന്നു ഉദ്യോഗം. അപ്പച്ചന്റെ അടുത്ത കൂട്ടുകാരന്‍ .
കുറച്ചു ജ്യോതിഷം ഒക്കെ അറിയാം. കഷണ്ടിത്തലയും കുടവയറും കുടവയറിനു മുകളില്‍ കയറ്റി ഉടുത്തിരിക്കുന്ന വെള്ളമുണ്ടിന്‍റെ അറ്റം ഒരു കക്ഷത്തിലും അതെ കയ്യില്‍ ഒരു ബാഗും മറ്റേ കയ്യില്‍ ഒരു കാലന്‍ കുട മടക്കി പിടിച്ചു നടന്നു വരുന്ന മാമനു ദൂരെ നിന്ന് കാണുമ്പഴേ ഒരു ചെറിയ ചിരിയാണ് .. അടുത്ത് വന്നു തലയില്‍ ഒന്നു തടവി “റോയ്യീയെ ” എന്ന് വിളിച്ചു കടന്നു പോകും … അധികം എന്നോട് സംസാരിക്കില്ല .. ആരോടും ..
അകെ അടുപ്പം അപ്പച്ചനോട് മാത്രം ..ചിലദിവസങ്ങളില്‍ വൈകുന്നേരം മാമന്‍ വരും .കുറെ അധികം സംസാരിച്ചിരിക്കും അപ്പച്ചനുമായി .. എല്ലാ വിഷയങ്ങളും സംസാരിക്കുമെങ്കിലും രാഷ്ട്രീയം ഒരിക്കലും സംസാരിക്കുന്നത് കേട്ടിട്ടില്ല . ജ്യോതിഷവും ഒക്കെ സംസാരിക്കും .. ഒരു ദിവസം ഇങ്ങനെ സംസാരിച്ചിരിക്കുമ്പോ ഞാനതിലെ കടന്നു പോയി …. “ഇവന്‍റെ ജാതകം ഞാന്‍ എഴുതിത്തരാം ” എന്ന് അപ്പച്ചനോട് പറയുന്നത് കേട്ടു .. എഴുതി കൊടുത്തോ എന്നറിയില്ല.
ഞാനൊട്ടു ചോദിച്ചിട്ടുമില്ല ഇതുവരെ.കണ്ണേട്ടനും രണ്ടു ചേട്ടന്മാരും പിന്നെ രണ്ടു ചേച്ചിയും പഠിക്കാന്‍ മിടുക്കരായിരുന്നു .. അന്നത്തെ കാലത്ത് എം എ , എം കോം ഡിഗ്രീ ഒക്കെ ഉയര്‍ന്ന ക്ലാസ്സില്‍ പാസ്സായവര്‍. കണ്ണേട്ടന്‍ ടുഷന്‍ എടുക്കും.. ജോലി ഒന്നും ആകാത്ത വിഷമം കണ്ണേട്ടന് ഉണ്ടെങ്കിലും ആരോടും പറയില്ല .. എപ്പോഴും ചിരിച്ചു കളി പറഞ്ഞു തമാശ പറഞ്ഞു നടക്കുന്ന ഒരു സുന്ദരക്കുട്ടന്‍ . എനിക്കൊരു ചേട്ടന്‍ അതായിരുന്നു കണ്ണേട്ടന്‍ . എന്തും പറയാം ..
എന്‍റെ കാര്യങ്ങളില്‍ വളരെ ശ്രദ്ധ പുലര്‍ത്തുന്ന ഒരാള്‍ വല്യമ്മച്ചി കുഞ്ഞന്നാമ്മയ്ക്ക് കണ്ണേട്ടനെ വലിയ കാര്യമായിരുന്നു… വല്യമ്മച്ചി വരുമ്പോഴൊക്കെ കണ്ണേട്ടനു എന്തെങ്കിലും കൊണ്ട് വരും. കണ്ണേട്ടന്‍ വല്യമ്മച്ചിയുടെ കൂടെ അടുക്കളയില്‍ പാചകം പഠിക്കാന്‍ കയറുന്നത് കാണാം. നെഞ്ചു വേദനയുണ്ടെന്നു ഒരു ദിവസം സുബ്രമണ്യം മാമന്‍ അപ്പച്ചനോട് പറയുന്നത് കേട്ടു. നിര്‍ബന്ധിച്ചു അപ്പച്ചന്‍ ഉപാസനയിലേക്ക് പറഞ്ഞു വിട്ടു .. വൈകിട്ട് മാമനെ കാണാന്‍ പോയ അപ്പച്ചന്‍ തിരിച്ചു വരുന്നത് ആംബുലന്‍സിന്റെ പിന്‍ സീറ്റില്‍ ഇരുന്നു നിറം മങ്ങിയ മുഖവുമായി.
പിന്നീടു ഞാന്‍ കാണുന്നത് മറ്റൊരു കണ്ണേട്ടനെയാണ് . അധികം മിണ്ടാട്ടം ഇല്ല. എപ്പോഴും ഒരു വിഷമം പോലെ. അപ്പച്ചന്‍ ഇടയ്ക്ക് കണ്ണേട്ടനെ വിളിച്ചു കൊണ്ട് വരും .. സംസാരിക്കും .. ചിലപ്പോള്‍ രണ്ടാളും കൂടി നടക്കാന്‍ പോകും .. തിരികെ വരുന്ന വഴിയില്‍ സലിം ഹോട്ടലില്‍ കയറി പൊറോട്ടയും മട്ടണും കഴിക്കും .. എന്ത് പറഞ്ഞാലും മൂളി കേള്‍ക്കും. അപ്പച്ചനെ പേടിയാണ് ബഹുമാനവും. പിന്നീടു കണ്ണേട്ടന്‍ അധികം വരാറില്ല. എപ്പോഴും മുറിക്കകത്ത് അടച്ചിരിപ്പാണ് . അധികം പുറത്തിറങ്ങില്ല. ജേഷ്ടന്മാരുമായി വഴക്കുണ്ടാകുക .. ചീത്ത വിളിക്കുക ഇതൊക്കെ പതിയെ പതിയെ തുടങ്ങി. ചിലപ്പോള്‍ വഴക്ക് മൂക്കുമ്പോള്‍ മനോഹരന്‍ ചേട്ടന്‍ വന്നു അപ്പച്ചനോട് വിവരം പറയും.
അപ്പച്ചന്‍ പോകും കണ്ണാ എന്ന് നീട്ടി വിളിച്ചാല്‍ നിശബ്ദനാകും .. അപ്പച്ചന്‍ തിരിച്ചു നടക്കുമ്പോള്‍ ചിലപ്പോള്‍ കൂടെ വരും .. അമ്മച്ചി വിളമ്പിക്കൊടുക്കുന്ന ചോറില്‍ വിരലിഴച്ചു വെറുതേയിരിക്കും . മുന്നില്‍ ഇരിക്കുന്ന എന്നെ തുറിച്ച് നോക്കും . പേടിയായിരുന്നു അന്നൊക്കെ എനിക്ക് കണ്ണേട്ടനെ കാണുമ്പോള്‍ .”കണ്ണാ നീ കഴിക്കു “എന്ന് അമ്മച്ചി ശബ്ദമുയര്‍ത്തുമ്പോള്‍ കണ്ണേട്ടന്‍ പറയും “കൊറച്ചൂടെ ഇട് ചോറ് “. അമ്മച്ചി പിന്നെയും വിളമ്പും .. ചിലപ്പോള്‍ മുഴുവനും കഴിക്കും “കൊള്ളാട്ടോ” എന്ന് പറഞ്ഞു എഴുനേറ്റു പോകും ..
അപ്പച്ചനും ചേട്ടന്മാരും കൂടി ചില ആശുപത്രികളില്‍ കണ്ണേട്ടനെ കൊണ്ട് പോയി … മരുന്നുകള്‍ കൃത്യമായി കഴിക്കില്ല. കൊടുക്കുന്ന മരുന്ന് ദൂരെക്കളയും .. ചീത്തവിളിക്കും പിന്നെ റോഡിലേക്കിറങ്ങി അതിവേഗത്തില്‍ എങ്ങോട്ടെന്നില്ലാതെ അതും ഇതും പറഞ്ഞു നടന്നു പോകും … എന്‍റെ വീടിനു മുന്നില്‍ എത്തുകയാണെങ്കില്‍ അമ്മച്ചിയുണ്ടെങ്കില്‍ “കണ്ണാ ” എന്നുള്ള വിളി മതി അണച്ചുകൊണ്ട് ഗേറ്റില്‍ പിടിച്ചു നില്‍ക്കും. കുറെ നേരം രണ്ടാളും മിണ്ടില്ല.
അമ്മച്ചിക്കറിയാം കണ്ണേട്ടന്റെ മനസ്സ് “നിനക്ക് ചായ വേണോ …കണ്ണാ ” കണ്ണേട്ടന്‍ കണ്ണുരുട്ടി ചിരിക്കും. എനിക്കത് കാണുമ്പോള്‍ പേടിയാണ് .. അമ്മച്ചി ചായ ഇട്ടു വരുന്നത് വരെ ഗേറ്റില്‍ ബലമായി പിടിച്ചു നില്‍ക്കും. വാങ്ങി കുടിച്ചു പതിയെ നടന്നു നീങ്ങും. ഇടയ്ക്ക് തിരിഞ്ഞു നോക്കും.ഒരുദിവസം നല്ല മഴയുള്ള വൈകിയ ഒരു രാത്രിയില്‍ നനഞ്ഞൊലിച്ചു കണ്ണേട്ടന്‍ വന്നു. കയറി ഇരുന്നു .. .. … പൊട്ടാന്‍ വിങ്ങുന്ന മനസ്സുമായി ഇരിക്കുവാണെന്ന് കണ്ടാല്‍ അറിയാം . അപ്പച്ചന്‍ ഓരോന്ന് പറഞ്ഞു കണ്ണേട്ടന്‍റെ അടുത്തിരുന്നു …
കണ്ണേട്ടന്‍ ഒന്നും മിണ്ടുന്നില്ല പെട്ടെന്ന് കണ്ണേട്ടന്‍ അമ്മച്ചിയോട് ചോദിച്ചു “ഇച്ചിരി ചോറ് തരുമോ “എല്ലാരും ഊണ് കഴിഞ്ഞു കിടക്കാനുള്ള സമയം ആയിരുന്നു .. അമ്മച്ചി അടുക്കളയിലേക്ക് ഓടി .. എന്തൊക്കെയോ പാത്രത്തിലിട്ട് അതിന്മേല്‍ എന്തൊക്കെയോ ഒഴിച്ചു അമ്മച്ചി കൊണ്ട് വന്നു .. കണ്ണേട്ടന്‍ അവിടെ നിന്ന് കൊണ്ട് കഴിച്ചു “കണ്ണാ നീ ഇരിക്ക് .. ഇരുന്നു കഴിക്കു …….” അപ്പച്ചന്‍ പറഞ്ഞു “ഇല്ല എനിക്ക് പോകണം ” “ചോറ് കൊള്ളാട്ടോ” എന്ന് പറഞ്ഞു അമ്മച്ചിയുടെ കയ്യില്‍ ഇരുന്ന ഗ്ലാസ് വാങ്ങി വെള്ളം ഒറ്റ വലിക്കു കുടിച്ചു “ഞാന്‍ പോണു ” എന്ന് പറഞ്ഞു ഇറങ്ങി പോയി പിന്നെ കണ്ണേട്ടന്‍ വന്നിട്ടില്ല ….