19 വർഷം മുമ്പൊരു സെപ്റ്റംബർ 11 -ന് അമേരിക്കയുടെ കിഴക്കൻ തീരത്തിന്റെ പ്രഭാത ശാന്തതയെ ഭഞ്ജിച്ചുകൊണ്ട് ഒരു ഭീകരാക്രമണമുണ്ടായി. ജെറ്റുവിമാനങ്ങൾ ഹൈജാക്ക് ചെയ്ത അൽ ക്വയ്‌ദ ഭീകരർ അവയെ അമേരിക്കയിൽ പലയിടത്തായി കെട്ടിടങ്ങളിലേക്ക് ഇടിച്ചു കയറ്റി. രണ്ടു വിമാനങ്ങൾ ന്യൂയോർക്കിലെ വേൾഡ് ട്രേഡ് സെന്ററിലേക്ക്, ഒരെണ്ണം പെന്റഗൺ ബിൽഡിങ്ങിലേക്ക്, മറ്റൊരെണ്ണം പെൻസിൽവാനിയയിലെ ഷാങ്ക്സ്വില്ലെയിൽ തകർന്നുവീണു.

ആകെ മരണം, 2977. ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ഏറ്റവും രക്തരൂക്ഷിതമായ ഭീകരാക്രമണങ്ങളിൽ ഒന്നായി 9/11 എന്ന വാക്കിനാൽ പിന്നീട് അടയാളപ്പെടുത്തപ്പെട്ട ഈ തീവ്രവാദ ആക്രമണം മാറുന്നു. അമേരിക്കൻ അഗ്നിശമന സേനയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുരുതിക്കളമായും അന്ന് വേൾഡ് ട്രേഡ് സെന്റർ പരിസരം മാറുന്നു. ആകെ ഹൈജാക്ക് ചെയ്യപ്പെട്ടത് നാല് വിമാനങ്ങൾ. അതിൽ ആദ്യത്തേത്, ഫ്‌ളൈറ്റ് 11, രാവിലെ 8:46 -ന്, വേൾഡ് ട്രേഡ് സെന്ററിന്റെ നോർത്ത് ടവറിലേക്ക് ഇടിച്ചു കയറ്റപ്പെടുന്നു.

രണ്ടാമത്തേത്, ഫ്‌ളൈറ്റ് 175, രാവിലെ 9:03 -ന് സൗത്ത് ടവറിലേക്കും ക്രാഷ് ചെയുന്നു. വിമാനം ഇടിച്ചിറങ്ങി ഒരു മണിക്കൂറിനുള്ളിൽ തന്നെ, രാവിലെ 9:59 അടുപ്പിച്ച് സൗത്ത് ടവർ നിലം പൊത്തുന്നു. 10:28 -ന് നോർത്ത് ടവറും തകർന്നടിയുന്നു. രണ്ടു ടവറുകളിലുമായി ഉണ്ടായിരുന്ന 2,595 പേർ കൊല്ലപ്പെടുന്നു, ഒപ്പം രണ്ടു വിമാനങ്ങളിലുമായി ഉണ്ടായിരുന്ന 157 പേരും.എഴുപതുകളിൽ കമ്മീഷൻ ചെയ്ത വേൾഡ് ട്രേഡ് സെന്റർ എന്ന 110 നിലകളുള്ള ഇരട്ടക്കെട്ടിട സമുച്ചയം സാധാരണ കൊടുങ്കാറ്റുകളെയും തീപ്പിടിത്തങ്ങളെയും ഒക്കെ അതിജീവിക്കാൻ പോന്ന ഒന്നായിരുന്നു.

എന്നാൽ, 2001 സെപ്റ്റംബർ 11 -ന് ഈ കെട്ടിടങ്ങൾക്കുമേൽ ഉണ്ടായ ആഘാതത്തെ തടുക്കുന്ന ഒരു ഡിസൈൻ ഉണ്ടാക്കാൻ ഒരെഞ്ചിനീയർക്കും സാധിക്കില്ലായിരുന്നു. സെപ്റ്റംബർ 11 രാവിലെ 8:46. അഞ്ചു ഭീകരവാദികൾ ചേർന്ന് ഒരു ബോയിങ് 767 ജെറ്റുവിമാനം, അമേരിക്കൻ എയർലൈൻസിന്റെ ബോസ്റ്റണിൽ നിന്നുള്ള യാത്രാവിമാനം, ഹൈജാക്ക് ചെയ്യുന്നു. 440 mph വേഗതയിൽ ആ വിമാനം നോർത്ത് ടവറിന്റെ 94 – 98 നിലകൾക്കിടയിലൂടെ തുളച്ചു കയറുന്നു.

ആ ബഹുനിലക്കെട്ടിടം വിമാനമിടിച്ചു കയറിയ അടുത്ത നിമിഷം നിലംപൊത്തുകയല്ല ഉണ്ടായത്. അഗ്നിശമന സേനാംഗങ്ങൾക്ക് അത് മറ്റൊരു അപകടസ്ഥലം മാത്രമായിരുന്നു. അവിടെ കുടുങ്ങിയ മനുഷ്യരെ രക്ഷിക്കാൻ ന്യൂയോർക്ക് ഫയർ ആൻഡ് റെസ്ക്യൂ സർവീസസിന്റെ അഗ്നിശമനസേനാംഗങ്ങൾ അടുത്ത നിമിഷം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങുന്നു. അപ്പോൾ അവർ കരുതിയത് അത് ആ യാത്രാവിമാനത്തിനു പിണഞ്ഞ ഒരു സാധാരണ അപകടം മാത്രമാണ് എന്നായിരുന്നു.

അസഹ്യമായ ചൂട് താങ്ങാനാകാതെ, പുക നിറഞ്ഞ് ശ്വാസം മുട്ടിയപ്പോൾ പലരും ആ നൂറുനിലക്കെട്ടിടത്തിന്റെ മുകളിൽ നിന്ന് നിലത്തേക്ക് എടുത്ത് ചാടി. ഇടിയുടെ ആഘാതം കെട്ടിടത്തിന്റെ ബലം ക്ഷയിപ്പിച്ചിരുന്നു. 9.45 അടുപ്പിച്ച് കെട്ടിടത്തിൽ നിന്ന് ശബ്ദങ്ങൾ കേട്ടുതുടങ്ങി.

9:59 -ന് തെക്കേ ടവർ നിലം പൊത്തി. അപ്പോഴും നോർത്ത് ടവർ നിന്ന് കത്തിക്കൊണ്ടിരുന്നു..വിമാനം ഇടിച്ചുകയറിയ നിലയുടെ മുകളിലുള്ള ഭാഗം ഇടിഞ്ഞ് താഴെയുള്ള ഭാഗത്തേക്ക് വീണു. സ്റ്റെയർവെ ബി എന്നറിയപ്പെട്ട ആ ഒരു കോണിപ്പടിയിൽ ചെന്ന് നിന്ന 16 പേർ ആ ആക്രമണത്തെ അത്ഭുതകരമായി അതിജീവിച്ചു. ‘അതിജീവനത്തിന്റെ കോണിപ്പടി’ എന്നറിയപ്പെടുന്ന ആ ഭാഗം ഇന്ന് ദേശീയ 9/11 മ്യൂസിയത്തിന്റെ ഭാഗമാണ്.

By ivayana