ഭാഗികമായതാണെങ്കിലും ‘ലോക്ക് ഡൌൺ’ എന്ന കടുപ്പമേറിയ യാഥാർഥ്യം പ്രവാസ ലോകത്ത് കടുത്ത മാനസിക വ്യഥയും സമ്മർദവുമാണ് വിതച്ചത് .
നാട്ടിൽ, വീടിന്റെ സ്നേഹ ലാളനകൾ ഈ ദുരന്ത കാലത്തെ ഒറ്റപ്പെടലിൽ പരസ്പരം സാന്ത്വനമായെങ്കിൽ ഒരു വലിയ വിഭാഗം പ്രവാസികൾ അതി മാരകമാവിധം ഏകാകികളായിപ്പോയിട്ടുണ്ട്
കഴിഞ്ഞ ദിവസങ്ങളിൽ നവ മാധ്യമങ്ങൾ വഴി ആശങ്കൾ പങ്കു വയ്ക്കുന്നവർ അതാണ് വ്യക്തമാക്കുന്നത് .മനുഷ്യരെ പോലും അപൂർവമായി മാത്രമേ കാണാൻ കഴിയുന്നുള്ളൂ എന്ന് അനുഭവം പങ്കുവച്ചവരുണ്ട്
പരിഷ്‌കൃത ലോകത്തിന്റെ പകിട്ടുകൾക്ക് നടുവിൽ ഒരു പാട് പേർ ‘ആട് ജീവിതം’ നയിക്കുകയാണ് എന്നതാണ് യാഥാർഥ്യം .
അവിചാരിതമായി വന്നു ചേർന്ന തിരിച്ചടിയുടെ ഞെട്ടലിനൊപ്പം ,നാട്ടിൽ തങ്ങളെ ആശ്രയിച്ചു കഴിയുന്നവരെ ഓർത്തുള്ള വേവലാതികൾ ,ജോലി സംബന്ധമായ ആശങ്കകൾ അങ്ങനെ എവിടെയും കടുത്ത മനോവ്യഥകളുടെ നരച്ച ചിത്രങ്ങൾ മാത്രമാണ് .
ഏതെങ്കിലും തരത്തിലുള്ള ആകുലതകളിൽ അകപ്പെടുമ്പോൾ ഏറ്റവും പ്രിയപ്പെട്ടവരോട് സംവദിക്കുക എന്നതാണ് കരണീയമായ മാർഗം ,എത്ര അന്തർമുഖരായാലും വാചാലരായിപ്പോകുന്ന അപൂർവം സന്ദർഭങ്ങളാണവ .
സമാന ദുഖങ്ങളിൽ മുഴുകുന്നവരോടാണെങ്കിൽ പോലും ഇങ്ങനെ ഹൃദയം തുറക്കുമ്പോഴോ , എന്തിനേറെ ഹ്രസ്വമായ ഒരു കുശലാന്വേഷണം പോലും വലിയ ആശ്വാസം പകരുന്നു എന്ന കാര്യം അവഗണിക്കാനാവാത്ത യാഥാർഥ്യമാണ് .അതിനാൽ
എല്ലാ വിധ
അഹംബോധങ്ങൾക്കപ്പുറം
എത്ര അകലങ്ങളിലും അടുത്തിരിക്കാൻ ആഗ്രഹിക്കണം .
ഈ കെട്ട കാലത്ത് വാക്കുകൾകൊണ്ട് , കേട്ടിരിക്കാനുള്ള ഒരു മനസ് കൊണ്ട് വേപഥു പൂണ്ട ഹൃദയങ്ങളെ തലോടുക എന്നത് മഹത്തരമായ ഒരു കാര്യമാണ്
ഭയാനകമായ ഒരു തകർച്ചയുടെ മുനമ്പിൽ നിന്ന് ഒരായിരം കൈകൾ കൊണ്ട് ചേർത്ത് പിടിച്ചു നിർത്തുന്നത് പോലെയാണത് …!