കറിക്ക് രുചിയേകിയ
കറിവേപ്പില
കൂട്ടാൻ്റെ മാറിൽ നി-
ന്നടർത്തപ്പെട്ട്
തെരുവിലനാഥമാക്കപ്പെടുന്നു..
പ്രഭാതത്തിലെന്നും
പ്രതിഫലേഛയില്ലാതെ
കൂകിയുണർത്തും
പൂവൻ കോഴി
ഉണർത്തപ്പെട്ടവൻ്റെ
വിശപ്പിനിരയാകുന്നു..
തണലേകിയ മരങ്ങൾ
കൈകാലുകൾ ഛേദിക്കപ്പെട്ട്
തണലനുഭവിച്ചവൻ്റടുപ്പിൽ
കിടന്നു വെന്തു മരിക്കുന്നു..
അന്നമേകുന്ന കൈകൾ –
ക്കാഞ്ഞു കൊത്തുന്ന
മൂർഖനുകൾ
എല്ലായിടത്തും
ഒളിഞ്ഞിരിപ്പുണ്ട്..
നന്മ ചെയ്യുന്നവർ
നിർദയം വലിച്ചെറിയപ്പെട്ടുന്നു..
ഉണർത്തുന്നവ-
രില്ലാതാക്കപ്പെടുന്നു..
സഹായിച്ചവൻ
നിസ്സഹായനാവുന്നു..
ആസുര കാലത്തിൻ
നേർ സാക്ഷ്യങ്ങൾ..
സെയ്തലവി വിളയൂർ