കണ്ടുഞാൻ ദേവാലയങ്കണത്തിൽ
അശരണയായോരമ്മയിരിക്കുന്നു.
ഭക്തജനം നൽകും ഭിക്ഷകൊണ്ടും
പൂജാരി നീട്ടും പടച്ചോറ് കൊണ്ടും
ഒട്ടിയ വയറിൻ വിശപ്പകറ്റീടുവാൻ
കഷ്ട്ടപ്പെടുന്നോരീ വൃദ്ധ മാതാവിനെ.
കണ്ണീരുണങ്ങി വറ്റിവരണ്ടു
കുഴിഞ്ഞ മിഴികളിലിനിയും
അസ്‌തമിക്കാത്ത പ്രതീക്ഷയുടെ
മങ്ങിയ വെട്ടം എനിക്ക് കാണാം.
നീര് കെട്ടി വ്രണപ്പെട്ട പാദങ്ങളിൽനിന്നും
ഈച്ചയാട്ടുന്ന വിറയാർന്ന കൈകളിൽ
ഉണ്ണിയെ പോറ്റിയ, താലോലമാട്ടിയ
സ്നേഹത്തഴമ്പുണ്ട്.
തിരയുന്നു ഓരോ മുഖങ്ങളിലും
ദീനതയോടെയാ വൃദ്ധമാതാ
പൊന്മകനെ തേടി അലയുന്നു കണ്ണുകൾ
നൈരാശ്യമോടെയടച്ചിടുന്നു.
ആറ്റുനോറ്റുണ്ടായൊരുണ്ണിയെഏൽപ്പിച്ചു
മൃതിയെ പുണർന്ന പതിയുടെ ഓർമയിൽ
ദാരിദ്ര്യക്കടലിൽ മുങ്ങിയും പൊങ്ങിയും
ഉണ്ണിയെ പോറ്റിയ കാലമോർത്തു.
അമ്മേ അമ്മേ എന്നുവിളിച്ച്
പിറകേനടന ഉണ്ണിയെ ഓർത്തു
പട്ടിണി വയറുമായ് മുണ്ടുമുറുക്കി
ഉണ്ണിയെ ഊട്ടിയ കാലമോർത്തു.
പള്ളിക്കൂടത്തിൽ ചേർന്നു ഉണ്ണി
ഒന്നാമനായി പഠിച്ചു
അമ്മയെ ദൈവമായ് കണ്ടൊരുണ്ണി
ഭാവിയിൽ അമ്മയെ കാക്കുമെന്നോതി.
തമ്പ്രാന്റെ വീട്ടിലും
പാടത്തും പറമ്പിലും
ഓടി നടന്നു പണിയെടുത്തു
ഉണ്ണിയെ ഉദ്യോഗസ്ഥനായ് മാറ്റാൻ
കിടപ്പാടം വിറ്റും പഠിപ്പിച്ചു.
പഠിപ്പു കഴിഞ്ഞൊരു ജോലിക്കായ്
പലയിടം തേടി നടന്നു ഉണ്ണി
ആശ നിരാശയായ് മാറിയപ്പോൾ
ഉണ്ണി വിഷാദത്തിനടിമയായി.
അമ്മതൻ ആശ്വാസവാക്കുകളൊന്നും
ഉണ്ണിയുടെ മനമതി ൽ കയറിയില്ല
ചിന്തിച്ചു ചിന്തിച്ചു പുഞ്ചിരിച്ചും
പൊട്ടിക്കരഞ്ഞും പൊട്ടിച്ചിരിച്ചും
അമ്മമനത്തിൽ അഗ്നിയിട്ടുണ്ണീ..
ഒരു നാൾ മകനെ കാണാതായി…
പൊന്മകനെ തേടി അമ്മയലഞ്ഞു.
ഉണ്ണീ ഉണ്ണീ എന്നുറക്കെ കരഞ്ഞു
ഈ ദേവാംഗണത്തിലെത്തി
ഇന്നുമാ കണ്ണുകൾ മകനെ തേടിയലയുന്നു..

ബിന്ദു വിജയൻ കടവല്ലൂർ.

By ivayana