ഇന്ത്യൻ നേവിയുടെ ആദ്യത്തെ ചീഫ് അഡ്മിറൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അതിസാഹസികനായ കുഞ്ഞാലി മരക്കാരെ ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ക്ഷേത്രം …

തമിഴ്നാട്ടിലെ തൂത്തുക്കുടിയിലെ കൊറൊമാണ്ടൽ തീരത്ത് മാധവ കുറിച്ചി എന്ന കൊച്ചുഗ്രാമത്തിലെ ഒരു കുടുംബ ക്ഷേത്രത്തിലാണ് നമ്മെ വിസ്മയിപ്പിക്കുന്ന ഈ കാഴ്ച . ഈ കാഴ്ച കാണുവാൻ പലവുരി പോകാൻ തുനിഞ്ഞിരുന്നുവെങ്കിലും ചില തടസ്സങ്ങൾ വന്ന് ചേർന്നിരുന്നു .

പോർച്ചുഗീസുകാർക്കെതിരെ സാമൂതിരിക്ക് വേണ്ടി പട നയിച്ച കുഞ്ഞാലി മരക്കാർമാരുടെ ചരിത്രം ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെ ചരിത്രം കൂടിയാണ് . അധിനിവേശ ശക്തികൾക്കെതിരെ ശക്തമായ പോർക്കളമൊരുക്കിയ ഈ ധീര പോരാളിയാണ് തമിഴ്നാട്ടിലെ തൂത്തുക്കുടിക്കടുത്തുള്ള ഈ കൊച്ചുഗ്രാമത്തിലെ ക്ഷേത്രത്തിൽ ഒരു
അന്യമതസ്ഥനായിരുന്നിട്ട് കൂടി ആരാധിക്കപ്പെടുന്നത് . ക്ഷേത്രത്തിലെ നാടോടി ദേവതകളുടെ ഇടയിൽ താടി വെച്ച , വെളുത്ത ചെക്ക് ലുങ്കിയുടുത്ത , പച്ച ഷർട്ട് ധരിച്ച , തുർക്കി തൊപ്പി ധരിച്ച കുഞ്ഞാലി
മരക്കാരുമുണ്ട് . ഇത് അവിശ്വസനീയമായ ഒരു കാഴ്ച തന്നെയാണ് . മാധവ കുറിച്ചി എന്ന ഗ്രാമത്തിലേക്ക് പോകാതെ തന്നെ ഞാൻ അവിടെ എത്തി ആ കാഴ്ച കൺകൊണ്ട് കണ്ടത് പോലായി . എന്ന് വെച്ചാൽ യാദൃശ്ചികമായാണ് The Hindu പത്രത്തിലെ ചെന്നൈ എഡിഷനിൽ ഫിലിം ഡയറക്ടറായ Kombai.S.Anwar ന്റെ ഒരു ആർട്ടിക്കിൾ ഈ വിഷയകമായി കാണുന്നത് . സാഹസികമായി താൻ കണ്ടെത്തിയ ഈ വിസ്മയത്തെ അദ്ദേഹം ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട് . അത് ഒന്നു കൂടി ഫോണിലൂടെ അദ്ദേഹത്തിൽ നിന്ന് ഞാൻ നേരിട്ട് കേട്ടപ്പോൾ ആ യാത്രയിൽ ഞാനും ഒപ്പമുണ്ടായിരുന്നു എന്ന് തോന്നി .

കൊച്ചി , കോഴിക്കോട് , പൊന്നാനി , കൊല്ലം , കായൽ പട്ടണം , തൂത്തുക്കുടി തുടങ്ങിയിടത്ത് കടലിലും കരയിലും പോർച്ചുഗീസുകാർക്കെതിരെ പോരാടിയ വീര പോരാളികളായ മരക്കാർമാർ ഈ രാജ്യത്തിന് വേണ്ടി പോരാടിയ ധീര ദേശാഭിമാനികളാണ് ( കൂടുതൽ വിശദമായ ചരിത്രം വഴിയെ പറയാം ) .

മരക്കാർ രൂപഭേദം പ്രാപിച്ചതോടെ അവരുമായി ബന്ധപ്പെട്ട കഥകളും വളർന്നു. ഇവിടുത്തെ വാർ‌ഷിക ക്ഷേത്രോത്സവ വേളയിൽ‌ അവതരിപ്പിക്കുന്ന വില്ലു പാട്ടിനൊപ്പം (വില്ലും സ്ട്രിംഗ് ഉപകരണവും ഉപയോഗിച്ച് അവതരിപ്പിക്കുന്ന വീരഗാഥ ) വ്യത്യാസമുണ്ടെങ്കിലും , നമ്മുടെ സമുദ്ര പാരമ്പര്യത്തിന്റെ മറന്നുപോയ വശങ്ങളോടുള്ള യഥാർത്ഥ ചരിത്രവും കാഷ്വൽ റഫറൻസുമായുള്ള സാമ്യത തീർച്ചയായും ആകർഷകമായിരിക്കുന്നു .

മരക്കാറിന് 999 കപ്പലുകളുണ്ടായിരുന്നു എന്നും , ആണികളില്ലാതെ തങ്ങളുടെ ആയിരാമത്തെ കപ്പൽ നിർമ്മിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു … അതിനാൽ, തന്റെ കപ്പൽ നിർമ്മിക്കാൻ പര്യാപ്തമായ ഒരു വൃക്ഷത്തെ തേടി അദ്ദേഹം തന്റെ ആളുകളുമായി കാട്ടിലേക്ക് പോയി . ഒരു വലിയ വൃക്ഷം വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട ദു:ശ്ശകുനം മൂലം പിന്നീടുണ്ടായ സമുദ്രയുദ്ധത്തിലാണ് അവരുടെ ദാരുണമായ അന്ത്യം സംഭവിച്ചത് എന്നും അതിനാലാണ് ക്ഷേത്രത്തിലെ ദൈവങ്ങളിൽ ഒരാളായി മരക്കാർ മാറിയത് എന്നും കഥകൾ . 400 മുതൽ 500 വർഷം മുമ്പാണ് ഈ ദുരന്തം നടന്നതെന്ന് മാധവൻ കുറിച്ചിയിലെ എല്ലാവരും സമ്മതിക്കുന്നു, അതുവഴി പതിനാറാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം സ്ഥാപിക്കപ്പെട്ടുവെന്നും പറയുന്നു .

ആണികളില്ലാതെ തങ്ങളുടെ ആയിരാമത്തെ കപ്പൽ നിർമ്മിക്കാനുള്ള കുഞ്ഞാലിമാരുടെ ആഗ്രഹത്തോടെയാണ് മാധവൻ കുറിച്ചിയിലെ ഇതിഹാസം ആരംഭിക്കുന്നത്. രസകരമെന്നു പറയട്ടെ, യൂറോപ്യന്മാരുടെ വരവിനു മുമ്പെ ഇന്ത്യൻ കപ്പലുകൾ ആണികളില്ലാതെയാണ് നിർമ്മിക്കപ്പെട്ടിരുന്നത് , ഇത് മിക്കവാറും മറന്നുപോയ ഒരു സാങ്കേതികതയാണ് . കടൽ യുദ്ധത്തിൽ പങ്കു ചേരുന്ന കുഞ്ഞാലിമാരുടെ കപ്പലിലെ യുദ്ധത്തെ കുറിച്ചും സൈനികരെക്കുറിച്ചും വില്ലു പാട്ട് പരാമർശിക്കുന്നു .

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും ധീരരായ കുഞ്ഞാലിമാരെ തമിഴ് നാട്ടിലെ മാധവ കുറിച്ചി എന്ന കൊച്ചു ഗ്രാമം ഇന്നും സ്മരിക്കുന്നു എന്നതും അദ്ദേഹത്തെ ആരാധിക്കുന്നു എന്നതും വിസ്മയം തീർക്കുന്നു …..

മൻസൂർ നൈന

By ivayana