ചാവേറുകളുറങ്ങുന്നില്ല
സ്മൃതികുടീരങ്ങളിൽ !
വെടിയുണ്ടകളെ നേരിട്ട
വാരിക്കുന്തപാണികൾ !!
കല്ലറകളിൽ പല്ലിറുമ്മുന്നുണ്ടവർ
മൃത്യുഞ്ജയർ രക്തസാക്ഷികൾ!!
അസന്തുലിതം
നീതിതൻ ത്രാസുകൾ!
കാണ്മതെങ്ങിനെ
കരിന്തുണി കെട്ടിയ കണ്ണുകൾ!
നരമേധർക്കു മനുഷ്യാവകാശം
സംശയാനുകൂല്ല്യം
കൊലമരക്കടമ്പയനായാസം താണ്ടി
കൊടും കൊലയാളികൾ!
കല്ലറകളിലിരകൾതൻ
പല്ലിറുമ്മൽ ഞരക്കം!
ജടായുക്കൾതൻ ചിറകരിഞ്ഞ
യന്ത്രപുഷ്പകങ്ങളെ വീഴ്ത്തി
മിസ്സൈലുകൾ!
വെടിയൊടുക്കി
വടിവാളുകൾ!
തോക്കുകൾ തോറ്റമ്പി
ബോംബുമഴയിലും!!
വൃദ്ധനാമേകാന്തപഥികനെ
യന്തകനെന്നോർത്തു
കാലപുരിക്കയച്ച
കരിമുരടൻ ധീരനോ?
അതിവേഗമൃത്യുവിതപ്പവൻ
ശക്തനോ?
ശത്രുഭീതിപൂണ്ട ഭീരുവോ?
വ്യർത്ഥമായിതോ
കുരുതിപ്പൂപരവതാനികൾ?
ചരിത്രനിയോഗമെന്നോർത്തു
ചരിച്ച ചരമപാതകൾ?

By ivayana