മരിച്ച മനുഷ്യന്റെ ചിരിച്ച മുഖം കണ്ടു –
തരിച്ചിരുന്നവർ അടക്കം പറഞ്ഞു:
മാരിക്കാർ മറച്ചൊരാ മാനം പെയ്തിട്ട-
ർക്കൻ തെളിഞ്ഞതു പോലെ.
എന്തോ ചൊല്ലുവാൻ ഒരുമ്പെടുംപോലെ
ചൊടികൾ അല്പം മടിച്ചു!
ആരാരും കാണാതെ വാത്സല്യംമുറ്റിയ
കണ്ണുകൾ മെല്ലെ തുടിച്ചു!
ആ കൈവിരലുകൾ ആലിംഗനംചെയ്യാൻ
കോച്ചി വിറച്ചോ മെല്ലെ?
മരവിപ്പ് മാറാത്ത ജഡം ഞരങ്ങിയോ
ആത്മാവു തേങ്ങുന്ന പോലെ?
ഈ മനുഷ്യന്റെ നരക യാതനകൾക്ക-
റുതിവന്നാവദനം മിന്നി.
മാനത്തു മാലാഖ മഴമാല കോർത്തിട്ടിട്ട-
ങ്ങോട്ടാനയിച്ച പോലെ
വിലകൂടിയോരാലങ്കാരപ്പെട്ടിയിൽ കിടത്തി-
യവന്റെ അഭിമാനം കൂട്ടി.
കിടക്കുവാൻ പണ്ടൊരു തഴപ്പായപോലും
വിരിച്ചിരുന്നോ തറയിലീകുട്ടി!
ജീവനിരിക്കെ തലമേലെയൊരു കൂര
പണിയുവാനായിരുന്നെങ്കിൽ
നിണം വറ്റിയോരീയസ്ഥികൂടം കിടന്നു
തെരുവിൽ മരിക്കുമായിരുന്നോ ?
ഉടുക്കുവാനൊരുവാര തുണി വാങ്ങിനൽകാതെ
മൃതദേഹം പട്ടിൽ പൊതിഞ്ഞു.
ജീവിച്ചിരിക്കെ തുണി ആർഭാഢമാംമട്ടിൽ
നായയെ പോലെ വലഞ്ഞു.
രോഗശയ്യേ വേദനതിന്നു പുളയുംമ്പോൾ
എന്തായിരുന്നാശ്വാസ വാക്ക്?
പ്രായമേറീടുബോൾ രോഗങ്ങൾ കൂടീടും
ചികിത്സ എന്തിനവയ്ക്ക്?
എന്തൊരു നാറ്റമെന്നു പുലമ്പിയ മക്കൾ
ചീമുട്ടപോലഛനെ കരുതി
അത്തർപൂശി എത്രടൺ സുഗന്ധപൂക്കൾ
വാരിവിതറി ശവം മീതെ?
മഴയത്തുംമഞ്ഞത്തും കുളിരെടുക്കുമ്പോഴും
പുതയ്ക്കുവാനില്ലൊരു തുണിത്തുണ്ട് !
അയലത്തെയൊരാളോ അഥിതിവരുമ്പോഴും
പുതപ്പിയ്ക്കും തൂവെള്ള മുണ്ട്.
ജീവിതത്തിൽചെയ്ത കൊച്ചു കൊച്ചു തെറ്റുകൾ
പൊറുക്കാതെ പൊറുപൊറുത്തു മക്കൾ!
‘പൊറുക്കണം’എന്നൊരു വാക്കുചൊല്ലീടുകിൽ
മരിക്കുമോ ചങ്കുപൊട്ടി ഈ മനുഷ്യൻ?
വാത്സല്യമക്കളുടെ അന്ത്യചുംബനച്ചൂടിൽ
ഉയർക്കുമോ ശവശരീരം?
ഒരുപക്ഷെയൊരുതുടം ചൂടുവെള്ളം ചുണ്ടിൽ
ഇറ്റിച്ചിരുന്നോ ജീവിച്ചിരിക്കെ?
അന്ത്യചുംബനത്തിനു പ്രതിചുംബനംനൽകുവാൻ
എഴുന്നേൽക്കില്ലിനിയും ആ അഛൻ
ജീവിതംമുഴുവനും മക്കൾക്കായ് ഹോമിച്ചു
പുഴുക്കൾക്കു സ്വന്തം ബാക്കി തുച്ഛം.
( തോമസ് കാവാലം )