“ദില് ഹൂം ഹൂം കരേ ഘബ്‌രായേ ഘന് ധം ധം കരേ ഡര് ജായേഎക് ബൂന്ദ് കഭീ പാനീ കി മോരി അഖിയോം സേ ബര്സായേ.. “ശനിചരി എന്ന “രുദാലി” നായികയുടെ ഹൃദയവേദനകൾ .ഗുൽസാർ കുറിച്ചിട്ടത് ആസ്സാമീസ് നാടോടി ശീലുകളാൽ ഭൂപൻ ദാ അവിസ്മരണീയമാക്കി. ലതാജി യുമായി ചേർന്ന് ആ ഗാനങ്ങൾ.. മാനവികത മുഖമുദ്ര ചാർത്തിയ കലാകാരൻ ഭൂപൻ ഹസാരിക.
അദ്ദേഹത്തിന്റെ നാമത്തിൽ ബ്രഹ്മപുത്ര കൈവഴിയില് രാജ്യത്തെ വലിയ നദീ പാലവും. രാജ്യം അദ്ദേഹത്തിനിപ്പോൾ ഭാരത രത്‌ന യും നൽകി ആദരിച്ചു . അമേരിക്കയിലിരുന്ന് ഏക മകനതിനെ വിവാദം ആക്കുന്നു. തിരുത്തി പറയുന്നു. ഭൂപന്റെ ജന്മദിന കുറിപ്പുകളാൽ സോഷ്യൽ മീഡിയ നിറയുന്നു. ഒപ്പം ഓർക്കാതെ പോകുന്ന പെൺവേദനകളും!!. പ്രശസ്തിയുടെ വെള്ളിവെളിച്ചങ്ങളിൽ തിളങ്ങും വേളയിലാണ് ഭൂപൻ അവളെ കണ്ടത്. പ്രഥമദൃഷ്‌ട്യാ അനുരാഗം.പ്രായം കൊണ്ട് മൂന്ന് ദശകാന്തരം ഇരുവർക്കും.
കല്പന ലജ്മി. ചിത്രകാരി ലളിത ലജ്മിയുടെ മകൾക്ക് സിനിമയില് കമ്പം. ഭൂപൻദാ യുടെ നിർദ്ദേശങ്ങൾ ചേർത്ത് കല്പന നല്ല സിനിമകൾ സാക്ഷാത്ക്കരിച്ചു. ശ്യം ബെനഗലിന്റെ ശിഷ്യ. മൈത്രേയിദേവിയുടെ കഥ “ഏക് പൽ” സിനിമയാക്കിയ കല്പന ശബ്ന അസ്‌മി ക്കും.., മഹാശ്വേതദേവിയുടെ കഥ ആസ്പദമാക്കിയുള്ള രുദാലി ഡിംപിൾ കപാഡിയക്കും രാജ്യത്തെ മികച്ച നടി പുരസ്‌കാരം സമ്മാനിച്ചു.
അസമത്വത്തിനെതിരെ ലിംഗനീതിക്കും, മാനവിതക്കും വേണ്ടി തന്റെ കലാജീവിതം. പ്രിയപ്പെട്ട ഭൂപൻ ദാ ക്കുവേണ്ടി ജീവിത സമ്പാദ്യം മുഴുവൻ നൽകി കഷ്ടപ്പാടുകളാൽ അന്ത്യനാളുകൾ. അർബുദ ചികിത്സക്ക് പണമില്ലാതെ.. താരങ്ങളായ ആമിർ ഖാനും, രോഹിത് ഷെട്ടി യും കൈയയഞ്ഞു സഹായിച്ചു അന്നീ കലാകാരിയെ. ആസ്സാം മുഖ്യനും വകയിരുത്തി ഒരു തുക. അന്നൊന്നും ഉയർന്നില്ല അമേരിക്കൻ പുത്ര പ്രസ്താവനകൾ. ഭൂപൻ ദാ യുടെ ബയോ പിക് സിനിമ എന്ന സ്വപ്നം യാഥാർഥ്യമാക്കാനാവാതെ കല്പന ലജ്മി യാത്രയായി. സ്മരണയിൽ രുദാലിയും കല്പനയും പിന്നെ ഭൂപൻ ദാ യും. “ദിൽ ഹൂം ഹൂം കരെ.. “