വാക്കുകൾ
കൊണ്ടെന്റെ നെഞ്ചിൽ തൊടുത്തു
നീ വരുത്തിയ മുറിവിൽ നിന്നും
രക്തം വാർന്ന്, ഒരു പക്ഷേ
ഞാൻ മരിച്ചു പോയേക്കാം…
എങ്കിലും…..
പറയില്ല ഞാൻ,
എന്നെ കൊന്നത് നീയാണെന്ന്…..
ആത്മഹത്യയാണെന്ന് വിധിവരാം
ഭീരുവെന്നാരോപിക്കപ്പെടാം
നാലാൾക്കവലയിൽ നാട്ടിൻ പുറങ്ങളിൽ കേൾക്കാം
മുറുമുറുപ്പുകൾ, അടക്കം പറച്ചിലുകൾ
പതിയെ കെട്ടടങ്ങിയേക്കാം പലതും.
ഒടുവിൽ ഒരു ചിതയായ് നിന്നിലും.
എന്നിലാകെയും നീയായിരുന്നു,
നിന്നിലൊരംശമായ് പോലും
ഞാനില്ലെന്നറിയും വരെ….
എങ്കിലും….
പറയില്ല ഞാൻ നിന്റെ വാക്കിന്റെ
മുനയാണെന്നെ കൊന്നതെന്ന്…