ഏറ്റവും മഹത്തരമായ സങ്കല്പമാണ് ദൈവം.ദൈവത്തിലുള്ള അചഞ്ചലമായ ഉറപ്പാണ് വിശ്വാസം.വിശ്വാസത്തിൻ്റെ ആഴങ്ങളാണ് ആചാരങ്ങളിൽ പ്രകടമാകുന്നത്.ആചാരങ്ങളാണ് അനുഷ്ഠാനങ്ങളായി ഉരുത്തിരിയുന്നത്.അനുഷ്ഠാനങ്ങളുടെ ആകെത്തുക തലമുറകളിലേക്ക് പകരുന്ന വഴിയാണ് മതം.മതങ്ങൾ കണിശതയേറ്റുമ്പോൾ മനുഷ്യൻ ദുർബ്ബലനാകുന്നു.ദുർബ്ബലനെ പിന്നെ ഭരിക്കാൻ പുരോഹിതനാകുന്നത്, അയാൾ ജോലി ചെയ്യാത്തതിനാലും, ദുർബ്ബലൻ ജോലി ചെയ്തു മാത്രം ജീവിക്കേണ്ടി വരുന്നതിനാലുമാണ്.പുരോഹിതരാണ് പിന്നെ ദൈവത്തെ പങ്കുവയ്ക്കാനും, ദൈവത്തോടു സംവദിക്കാനും ഇടനിലക്കാരായത്.അവരുടെ ഭാഷ മാത്രം തിരിയുന്ന ദൈവങ്ങളെ അവർ സൃഷ്ടിച്ചു, അതിനെ സേവിക്കാൻ നാം കപ്പം കൊടുക്കേണ്ടവരായി.ദൈവത്തിൻ്റെ ഇച്ഛയറിയാൻ നാം അവരെ അറിയേണ്ടതായി വന്നു,ക്രമേണ നാം അവരാൽ മേയിക്കപ്പെടേണ്ടവരാണെന്ന ബൗദ്ധിക അടിമത്തം ഇരന്നു വാങ്ങിത്തുടങ്ങി.ദൈവങ്ങൾ അവരുടെ തടവിൽ, അവൻ്റെ സൃഷ്ടികളെ സ്പർശിക്കാനും ദർശിക്കാനുമാവാതെ മൂകം ഭക്ഷിച്ചു പാനം ചെയ്തു, മിച്ചം വന്നത് പുരോഹിതവർഗ്ഗത്തിന് ദാനം ചെയ്തു കഴിയുന്നു.സംഹിതകൾ, നമുക്ക് അവരുടെ ദൈവത്തിങ്കലേക്കുള്ള കല്പടവുകൾ തീർത്തു, നാം വിശ്വാസി, നാം സത്യാന്വേഷി, കേട്ടവ സത്യമായിക്കരുതി അനുസരണയോടെ ജീവിച്ചുമരിക്കുന്ന ‘നല്ല’ പാരമ്പര്യമുള്ളവരായി!നമ്മുടെ മതത്തിലേക്ക് കണ്ണു നാം തുറന്നു പിടിച്ചപ്പോൾ, അന്യ മതവും, അവൻ്റെ ദൈവങ്ങളും നമുക്ക് അസ്പൃശ്യരായി. ദൈവങ്ങൾ തമ്മിലടിച്ച് ശക്തി തെളിയിക്കട്ടെ എന്നാരും ചിന്തിച്ചില്ല, നാം മനുഷ്യർ തമ്മിൽത്തല്ലി, കൊന്നുകൊലവിളിച്ച് നമ്മുടെ ദൈവങ്ങളുടെ ശക്തിയുടെ കാവല്ക്കാരായി ജീവിക്കുന്നു.ഒടുവിൽ നാം തിരിച്ചറിയേണ്ട ഘട്ടമെത്തി ആരാധനകളില്ലാതെ, അനുഷ്ഠാനങ്ങളില്ലാതെ, ദൈവാലയങ്ങൾ പൂട്ടിക്കിടക്കുന്ന കൊറോണക്കാലത്ത് ആ സത്യം,വിശ്വാസമാണ് ദൈവത്തിൻ്റെ ശക്തിസ്നേഹമാണ് ദൈവംപങ്കുവയ്ക്കലാണ് ദൈവഹിതം.അതിരുകളില്ലാതെ ക്വാറൻ്റീൻ സെൻ്ററുകളിൽ ജീവശ്വാസത്തിനു പിടയുന്നവൻ്റെ കണ്ണുകളിലേക്ക് പകരപ്പെടാനുതകുന്ന അനുതാപമാകണം ചുരുങ്ങിയ പക്ഷം നമ്മിലൂടെ പകരപ്പെടുന്ന ദൈവികത.മതങ്ങൾക്കുമപ്പുറം മനങ്ങൾ ഒന്നാകുന്ന ലോകത്താണ് ദൈവം . അപ്പോഴേ ദൈവ സൃഷ്ടിയായ മനുഷ്യർക്കിടയിൽ ശാശ്വത സമാധാനം പുലരൂ…

By ivayana