ഒൻപതു മക്കളിൽ അഞ്ചാമത്തേതായിരുന്നു അവൾ.. പഠിക്കാൻ മിടുക്കി.. മൂന്നു ആങ്ങിളമാർക്കും കണ്ണിലുണ്ണി..ആങ്ങള മാരോട് തന്നെയായിരുന്നു കൂടുതൽ അടുപ്പവും, പൂരപ്പറമ്പിലും നാട്ടു മാവിൻ ചോട്ടിലും അവർക്കൊപ്പം തന്നെ അവളുമുണ്ടാകും.. അതുകൊണ്ട് തന്നെയാകും കുട്ടിയും കോലും കളിക്കിടെ കണ്ണൊന്നു പോയതും കെട്ടാച്ചരക്കായി വീട്ടിൽ നിന്നു പോയതും.

ചേച്ചിമാരുടെയും അനിയത്തിമാരുടെയും മക്കളെ നെഞ്ചോടു ചേർത്ത് ഉറക്കുമ്പോഴും ചേട്ടന്മാരുടെയും അനിയന്റെയും ഭാര്യമാരുടെ കുത്തു വാക്കുകൾ കേൾക്കുമ്പോഴും മാത്രം ചുണ്ടിലെ പുഞ്ചിരി ചിലപ്പോൾ കുറച്ചൊന്നു മങ്ങും… അപ്പോൾ മാത്രമാണ് ഇരുട്ട് വീണ കണ്ണിലെ ഞരമ്പുകളിൽ നനവ് പടരുന്നതും…

തൊഴുത്തിലെ പശുവിനോടും കിടാവിനോടും മാത്രം പരിഭവം പറഞ്ഞഅവളുടെ പകൽ മുഴുവൻ മനയ്ക്കലെ പറമ്പിലെ പാമ്പിഴയുന്ന കോള പുല്ലുകളോട് മാത്രം യുദ്ധം ചെയ്തു. തറവാട്ടിലെ മുറികളിൽ നിന്നും മുറികളിലേക്ക് അവളെ പറിച്ചു നട്ടെങ്കിലും ചോരുന്ന ചായ്പ്പിലേക്കു ഒരുകുഞ്ഞു പോലും തിരിഞ്ഞു നോകിയിട്ടില്ല.. അതിനവൾക്കു പരാതിയുമില്ല..കുഞ്ഞാങ്ങളയുടെ മോളുടെ ചോറൂണിനു ഗുരുവായൂർക്കു പോകുന്ന വണ്ടിയിൽ നിന്നും സീറ്റില്ലെന്നു പറഞ്ഞു മൂത്ത നാത്തൂൻ ഇറക്കി വിട്ടപ്പോൾ..

ആ പൊട്ടക്കണ്ണിക്കു അവിടെയെങ്ങാനും ഇരുന്നാൽ പോരെ ന്നു പറഞ്ഞു കുഞ്ഞാങ്ങള ചിരിച്ചപ്പോൾ തൊണ്ടയിൽ തങ്ങിനിന്ന നിലവിളി തുറന്നു വിട്ടത് മനയ്ക്കലെ പൊട്ടകിണറിന്റെ ചാരത്തെ ആരും കടന്നു വരാത്ത കൈതക്കാട്ടിനു പിന്നിലാണ്… കുഞ്ഞാങ്ങള ആഞ്ഞടിച്ച കുട്ടി നെഞ്ചിൽ തറച്ചു കയറിയത് അന്നാണ്.. മനയ്ക്കലെ പൊട്ടകിണറിലെ വങ്കിനുള്ളിൽ നിന്നും പാതാളക്കരണ്ടിയിൽ ഉടക്കിയ അവളുടെ പിഞ്ഞിയ സാരിത്തുമ്പു കിട്ടുമ്പോൾ.. കൂടിനിന്നവർക്കൊക്കെ ആശ്വാസമായിരുന്നു.. ഇനി തിരയാൻ ആ നാട്ടില് വേറെ കുളമോ കിണറോ ഇല്ലത്രെ..

By ivayana