കൊറച്ചു നാള് മുമ്പ് ഒരു പെങ്കൊച്ച് ഫേസൂക്കിലിട്ട ഒരു വീഡിയോ കണ്ടായിരുന്നു. ഒരു ബസ് സ്റ്റോപ്പിന്റെ അടുത്ത് പാർക്ക് ചെയ്ത കാറിൽ ഇരിക്കുന്ന ആ കൊച്ചിനെ സ്റ്റോപ്പിൽ നിൽക്കുന്ന ഒരുത്തൻ ലവന്റെ ഉണ്ടക്കണ്ണും മിഴിച്ചു തുറിച്ചു നോക്കി പറങ്കിയണ്ടി കണ്ട അണ്ണാനെ പോലെ വായും പൊളിച്ചു നിക്കുന്നതാണ് സംഭവം. അവസാനം എവൻ കാറിന്റെ ഡോർ തുറക്കാൻ നോക്കുമ്പോൾ ആ കൊച്ച് ഒച്ച വച്ചു വഴിയേ പോയ ഒരു ചേട്ടന്റെ സഹായം തേടുന്നതോടെയാണ് വീഡിയോ തീരുന്നത്.

ഏതാണ്ട് അഞ്ചു മിനിറ്റോളം നീളമൊണ്ട് സാനത്തിന്.ആ വീഡിയോയുടെ താഴെ ചെല ഓണ്ലൈൻ ആങ്ങളമാരുടെ കമന്റുകള് കണ്ടു. ഹോ, ഒരു ശരാശരി മലയാളി പുരുഷുവായ നോം ആകെ മൊത്തം റ്റോട്ടലി രോമാഞ്ചപുളകിതനായി പോയി.ചെലർക്കു കൊച്ച് ആംഗലേയത്തിൽ സംസാരിച്ചതാണ് പ്രധാന വിഷയം. മോളൂസിന് ഭയങ്കര ജാഡയണത്രേ. വേറെ ചിലരുടെ സംശയം ആ കൊച്ച് വീഡിയോയും പിടിച്ച് അവടെ തന്നെ ഇരുന്നതെതെന്തിനാണെന്നാണ്.

ഇതൊക്കെ സർവ്വസാധാരണമല്ലേ, നല്ല വീട്ടിലെ പെങ്കൊച്ചുങ്ങള് കണ്ടില്ലാ കേട്ടില്ലാ മട്ടിൽ അവടന്നു കഴിയുന്നത്ര വേഗം സ്‌കൂട്ടാവുകല്ലേ വേണ്ടിയത് എന്നു വംഗ്യം. ഇനിയും ചില മനഃശാസ്ത്രജ്ഞൻമാര്ടെ കണ്ടുപിടുത്തം ആ പാവം പുരുഷുവിന് മനോരോഗമാണെന്നാണ്. ലവന് ഒരുപാട് മലയാളി പുരുഷന്മാർക്കൊള്ള ഒരു തരം നട്ടപ്രാന്താണെന്നല്ലാതെ മറ്റു മനോരോഗമൊന്നും ആ വീഡിയോ കണ്ടിട്ട് എനിക്ക് തോന്നിയില്ല. (മനോരോഗിയല്ലെന്ന് ആധികാരികമായി പറഞ്ഞതല്ല, മനോരോഗവിദഗ്‌ധനല്ലാത്ത ഒരുത്തനും ആ വീഡിയോ കണ്ട് അങ്ങനെയൊന്നും ഗണിച്ചെടുക്കാൻ വകുപ്പില്ലെന്നേ ഉദ്ദേശിച്ചൊള്ളൂ.)

ചില ശരാശരി മലയാളി ആമ്പറന്നോന്മാരെങ്കിലും കാലമിത്ര മാറിയിട്ടും ഇപ്പോഴും മാടമ്പള്ളിയിലെ മനോരോഗികള് തന്നെയെന്ന് ഇതൊക്കെ കണ്ട സമയത്ത് തോന്നി തുടങ്ങിയതാണ്. ഇന്നലെ ഒരു പെങ്കൊച്ചു നല്ല രസികൻ കുപ്പായമൊക്കെയിട്ടു ഇട്ട പടത്തിനു കീഴെ ഈ ഓണ്ലൈൻ ആങ്ങളവിളയാട്ടം കണ്ടതോടെ കാലം ഇത്രേം മുന്നോട്ട് പോയിട്ടും ഈ വക നാട്ടുനടപ്പിനൊന്നും ഒരു മാറ്റോമില്ലെന്നു മനസ്സിലായി.വായിന്നോട്ടം എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഈ അനുഷ്ഠാന കല നമ്മൾ മലയാളി പുരുഷുക്കൾക്കു പുത്തരിയൊന്നുമല്ല.

പത്തു പതിനഞ്ചു വർഷം മുമ്പ് കുമരകം പക്ഷിസങ്കേതത്തിൽ കൊക്കും കാക്കേം നിരീക്ഷണം നടത്താൻ വന്ന ഗോവക്കാരി സഹപാഠി നെന്റെ നാട്ടുകാരെന്താടാ പെണ്ണുങ്ങളെ കണ്ടിട്ടില്ലേന്ന് ചോയ്ച്ചപ്പോൾ കോച്ചിപ്പിടിച്ച എന്റെ സ്വന്തം മലയാളി പൗരുഷത്തിന്റെ വിറയൽ ഇത്രേം കാലമായിട്ടും മൊത്തമായി മാറിയിട്ടില്ല. മറ്റൊരിക്കൽ കോട്ടയം കൊല്ലം പാസ്സഞ്ചറിൽ ചങ്ങനാശ്ശേരി മുതൽ കരുനാഗപ്പള്ളി വരെ ഒരു ഇടവേള പോലും ഇല്ലാതെ പ്രിയപത്നി കുസുമലതയെ തുറിച്ചു നോക്കി നിന്ന കുടവയറൻ കാമദേവൻ അവസാനം നോട്ടം നിറുത്തിയത് കുസുമലതയും നോമും സീറ്റ് പരസ്പരം വച്ചുമാറി നോം കണ്ണും കണ്ണും കൊള്ളയടിത്താൽ മോഡലിൽ മേൽപ്പടിയാനെ തിരിച്ചും അടിമുടി സൗന്ദര്യാസ്വാദനം നടത്തി തുടങ്ങിയപ്പോഴാണ്.

ഇതൊക്കെ നിർദ്ദോഷമാണ്, ചുമ്മാ തമാശയാണ് എന്നൊക്കെ ധരിച്ചു വച്ചേക്കുന്ന പുരുഷ കേസരികൾ അവനോന്റെ വീട്ടിലെ സ്ത്രീജനങ്ങളോട് അവരുടെ ഇമ്മാതിരി അനുഭവങ്ങളെ കുറിച്ച് വല്ലപ്പഴും ഒന്ന് ചോയ്ച്ചു നോക്കണം. എന്നിട്ട് ആങ്ങള ചമയാൻ കെട്ടിയൊരുങ്ങി എറങ്ങുന്നതായിരിക്കും നല്ലത്.

By ivayana