ഒന്നാം പിറവിയിൽ
എനിക്കൊരു മുടന്തുണ്ടായിരുന്നു..
ഞാൻ സഞ്ചരിച്ച ഒറ്റയടിപ്പാതകളിലൊക്കെ
ചുരുണ്ട ഉള്ളിലേക്ക് മടങ്ങിയ പാദം വെച്ചു
കാൽപ്പാടുകൾ ഉണ്ടാക്കുമായിരുന്നു ഞാൻ.
എന്റെ മുടന്തിന്റെ പാടുകൊണ്ട് വികൃതമായ
വിജനപാതകൾ
പലയിടങ്ങളിലും
നടന്നു തീരാത്ത വിധം
കിതച്ചൊടുങ്ങും
ചിലപ്പോഴൊക്കെ സ്വയം മായ്ഞ്ഞു പോവും..
രണ്ടാം പിറവിയിൽ
ഉറക്കെ ഉറക്കെ നിലവിളിക്കണമെന്നാർത്തികൊണ്ട്
ഞാൻ നാക്ക് വലിച്ചു നീട്ടി പുറത്തേയ്ക്കിടുമായിരുന്നു.
ചുറ്റിലും കരച്ചിലുകൾ വീണു മുളച്ചിരിക്കും.
എന്റെ ഇല മുളച്ചിക്കാടെയെന്ന്
നാവു തൊട്ട് ഞാൻ വെറുതേ കരഞ്ഞുനോക്കും.
എന്തെഴുതിയാലും മായ്ഞ്ഞു പോവാൻ
അതിന്റെയുള്ളിൽ നിറയെ
നനഞ്ഞു പോയ എന്റെ നിലവിളികൾപടർത്തിയിടും.
മൂന്നാം പിറവിയിൽ
ബുദ്ധനാകാൻ ആഗ്രഹിച്ചു.
ഞാൻ ബോധിയിലകളിൽ
കാതുകൾ ചേർത്തു വെച്ചുറങ്ങി
ഓർമ ഞരമ്പ് പോലെ
അതിന്റെ വള്ളികളിൽ
കേൾവി കീഴ്പ്പോട്ട് തൂക്കിയിട്ടു.
ചെവിക്കിരുവശവും
നിശബ്ദതയുടെ കൽത്തൂണുകൾ ഉണ്ടായി..
ഞാൻ ബുദ്ധവിഹാരങ്ങളിൽ എന്ന പോലെ
അതിന്റെ ചുവടു പറ്റി
എന്റെ നിഴലുകളെ വളർത്തി..
നാലാം പിറവിയിൽ
ഞാൻ കണ്ണുകാണാത്ത
ചിത്രകാരനായിരുന്നു.
എന്റെ ഏഴു വർണ്ണങ്ങളിലും
കറുത്ത ശലഭങ്ങളുടെ ചിറകുകൾ
അതിന്റെ പുള്ളിയുടുപ്പു നിറയെ
ഞാൻ തടഞ്ഞു വീണ പാടുകൾ
അറ്റു വീണ മുറിവുകൾ നിറയെ
ഞാൻ കണ്ടെത്തിയ ചിത്രത്തുന്നലുകൾ..
അഞ്ചാമത്തെ പിറവിയിൽ
ആണെനിക്കൊരു പെൺജന്മം കിട്ടിയത്
മറുപിറവിയിലെ ആളനക്കമില്ലാത്ത വന്യതയിലേക്ക്
ആരും കാണാതെ മുടന്തി വീണു പോവുന്നത്
തട്ടിയെഴുന്നേറ്റ് നേർരേഖയിലൂടെ
മറ്റാരും അറിയാതെ ദീർഘ ദൂരം ഓടുന്നത്..
സമാന്തരമെന്നു
വഴി മാറി സഞ്ചരിക്കുമ്പോഴും ഇരട്ടിക്കുന്ന
പാളങ്ങളിലേക്ക് എടുത്തു ചാടി
തലയറ്റ നിലവിളികൾ കൊണ്ട് നടക്കുന്നത്..
ജീവിതം കൂകി പാഞ്ഞു അടുത്തെത്തിയാലും
തട്ടി തെറിപ്പിച്ചു കുതിച്ചു പോയാലും
ചെവികൾ അലങ്കാരമായി കൊണ്ട്നടക്കുന്നത്
കടുക് മണിയോളം
പ്രതീക്ഷകളിൽ
അന്തപുരം ചുട്ടെരിക്കുന്ന
തിരസ്കൃതയാവുന്ന ഒരുവൾ..
ആറാം പിറവിയിൽ
ഞാൻ ഒരു വെള്ളി മൂങ്ങ ആയിരിക്കും.
അതിന്റെ ഇരുട്ടിലേക്ക്
തിളങ്ങുന്ന രണ്ട് കണ്ണുകൾ
സ്ഥാനം തെറ്റിയ എന്റെ ഗർഭ പാത്രത്തിൽ
മുളച്ചു തുടങ്ങുന്നുണ്ട്.
അതുകൊണ്ടാവണം
ഓരോ രാത്രിയിലും
ഞാൻ ഇങ്ങെനെ ഇരുട്ട് കുഴച്ചു തിന്നുന്നത്..
ഏഴാം പിറവിയിൽ മാത്രം
ഞാൻ നീയായി പിറക്കും
ഞാൻ നിന്നെ ഒരിക്കൽ കൂടി
എന്റെ ദൈവമേ എന്ന്
വിളിച്ചു നോക്കും…

By ivayana