ഇടക്കൊക്കെ കാണുന്ന സുഹൃത്ത് എന്തോ ഇന്നൊരു കുശലാന്വേഷണം. “കാണാറേയില്ലല്ലോ “. അവനും അവന്റെ നല്ലപാതിയും ഈയുള്ളവന്റെ താളുകൾ സന്ദർശിക്കുന്നുണ്ടെന്ന് സുക്കറണ്ണൻ സാക്ഷ്യപ്പെടുത്തുന്നു. എന്നിട്ടും ഔപചാരികതയുടെ നനുത്ത മൊഴി. കാണാറേയില്ലല്ലോ…നേട്ടങ്ങൾ കൊയ്തെടുക്കാൻ ഭൗതിക ആസക്തിയാൽ പരക്കം പായുന്ന നമ്മൾ.

കണ്ടാലൊന്നു മിണ്ടാനും നേരമില്ലാതെ.. പുഷ് ക്ളൈമ്പർ പർവ്വം . കാഴ്ചകൾക്ക് കൺതുറന്നാൽ മതിയോ?? അകക്കണ്ണ് തുറന്ന് ദർശിക്കാനായാൽ സൗഭാഗ്യം. ഹെലൻകെല്ലർ വായനോർമ്മയിൽ.ജനന ശേഷം ദര്ശനഭാഗ്യം അന്യമാക്കപ്പെട്ടവർ. അവരെ തേടിയെത്തിയ മിത്രത്തോട് അവർ ചോദിച്ചു “നടന്നു വന്ന വഴികളിൽ താങ്കൾ കണ്ടത് എന്തൊക്കെ ?” കാനന വീഥിയിലൂടെ മടങ്ങിയെത്തിയ സുഹൃത്ത് പറഞ്ഞു “പ്രത്യേകിച്ച് ഒന്നും കണ്ടില്ലല്ലോ” .

“കാട്ടുപാതയിലൂടെ നടന്നിട്ട് ഒന്നും കണ്ടില്ലെന്നോ?” ഹെലന് ആശ്ചര്യം. “വിധത്തിലും തരത്തിലുമുള്ള വൃക്ഷലതാദികളും, വർണ്ണമലരുകളും പക്ഷിജാലങ്ങളൊക്കെയുണ്ടാവും അവിടെ. അതൊന്നും കണ്ടില്ലേ?” മറ്റൊരു സുഹൃത്തിനോട് ഹെലൻ ചോദിച്ചു ” ഭാര്യയുടെ കണ്ണുകളുടെ നിറം എന്ത്?” ഓർത്തെടുക്കാൻ ആവാതെ അയാൾ സമ്മതിച്ചു.

താനിതുവരെ ഭാര്യയുടെ കണ്ണുകളുടെ നിറം ശ്രദ്ധിച്ചിട്ടില്ല . കാഴ്ച്ച ഉണ്ടായിട്ടും കാണാതിരിക്കുക. ശ്രവണശേഷി ഉണ്ടായിട്ടും കേൾക്കാതിരിക്കുക. അതാണിന്നത്തെ ഉലകം . ശൈശവത്തിൽ തന്നെ കാഴ്ചയും കേൾവിയും കൈമോശം വന്ന ഹെലനത് അരോചകം .കാഴ്ചയും കേൾവിയും സ്പർശവുമൊക്കെയാണ് അവനവനെ, ചുറ്റുപാടുകളെ നമുക്ക് പരിചിതമാക്കുന്നത് .

ഇതൊക്കെ ഉണ്ടായിട്ടും പലപ്പോഴും അത് മനസ്സിലാക്കുന്നതിൽ നമ്മൾ പരാജയപ്പെടുന്നു . മനസ്സിന്റെ പരിമിതികളാണ് നമ്മുടെ പല കാഴ്ചകളെയും നയിക്കുന്നത് . അകക്കണ്ണ് തുറന്ന് കാണാനാവണം നമുക്ക്. അതിനു മുതിരാറില്ല നമ്മൾ പലപ്പോഴും. മിഴിക്കോണുകളിൽ കൂടിയല്ലാതെ മനസ്സു തുറന്ന് കാഴ്ചയ്ക്ക് ഇടം നൽകുക.. വിമുക്ത ഭടനോട് പട്ടാള വിശേഷം ചോദിച്ച സാമാനം മിത്രം!. ഇനി ചോദിക്കാൻ ഇടയില്ല ആരോടും “കാണാറില്ലല്ലോ”

By ivayana