” ഹലോ ഇത് റാംജി റാവു സ്പീക്കിങ്ങ് “

ഇത് സിദ്ദീഖ്-ലാൽ സിനിമയുടെ പേര് പറഞ്ഞതല്ല . 60-65 വർഷങ്ങൾക്ക് മുൻപ് കൊച്ചി ഫോർട്ടുകൊച്ചി മുൻസിപ്പാലിറ്റിയിൽ ഒരു കൗൺസിലറുണ്ടായിരുന്നു പേര് ‘ റാംജി റാവു ‘ . മട്ടാഞ്ചേരി മഹാജനവാടിയിൽ കന്നഡ സമൂഹത്തിലെ ഹെഗ്ഡെവിഭാഗക്കാരനായ കൗൺസിലർ . എന്റെ സുഹൃത്ത് രാജേന്ദ്രന്റെ ഭാര്യ ജയശ്രീയുടെ മുത്തച്ചനാണ് റാംജി റാവു .

മട്ടാഞ്ചേരി – ഫോർട്ടുകൊച്ചിയിലൂടെ ഒന്ന് നടന്ന് നീങ്ങിയാൽ ലോകത്ത് ഒരിടത്തും കാണാത്ത ചില കാഴ്കൾ കാണാം . 16 വ്യത്യസ്ഥ ഭാഷകൾ സംസാരിക്കുന്ന 30 – ൽ അധികം കുടിയേറ്റ സമൂഹങ്ങൾ . അവരുടെ ജീവിതം , വേഷങ്ങൾ , സംസ്ക്കാരങ്ങൾ . കേവലം 4.5 സ്ക്വയർ കിലോമീറ്ററിനകത്തെ വിസ്മയം തീർത്ത് കൊച്ചി .

കൊച്ചിയിൽ കന്നഡ സംസാരിക്കുന്ന ഒരു വിഭാഗമുണ്ട് . ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കേരളത്തിന്റെ വടക്കേ അറ്റമായ കാസർഗോഡ് നിന്നെത്തിയ ഒരു ജനത . കൊച്ചിയിലെ വ്യാവസായിക അഭിവൃതിയുടെ കാലത്ത് രാജ്യത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് ഓടിയെത്തിയവരിൽ ഇന്നത്തെ ഈ കന്നഡ സമൂഹവുമുണ്ടായിരുന്നു . കൊച്ചിയിൽ വിവിധ ജോലികളിൽ , കച്ചവടങ്ങളിൽ അവർ ഏർപ്പെട്ടിരുന്നു . ഹെഗ്ഡെ , കോട്ടെയർ ( ന്യൂ ഹെഗ്ഡെ ) വിഭാഗങ്ങൾ മട്ടാഞ്ചേരിയിലെ ഗുജറാത്തി റോഡിൽ മഹാജനവാടിയിലും . ഗുജറാത്തി സ്ക്കൂളിന് മുന്നിലെ പണ്ഡിതൻ റോഡിലുള്ള ശേർവാടിയിലും , ലാലൻ റോഡിലും , മാന്ത്രയിലും , അമരാവതിയിലുമൊക്കെയായി താമസിക്കുന്നു .

ഗുജറാത്തി സ്ക്കൂളിലെ എന്റെ സഹപാഠിയും സുഹൃത്തും കന്നഡ സമൂഹത്തിലെ അംഗമായ രാജേന്ദ്രനും , ഒപ്പം മഹാജനവാടിയിൽ താമസിക്കുന്ന അദ്ദേഹത്തിന്റെ ബന്ധു സുഭാഷും , എന്റെ മറ്റൊരു സുഹൃത്തായ രാധാകൃഷ്ണനും ചേർന്ന് കൊച്ചിയിലെ കന്നഡ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി …….

കാസർഗോഡിലെ കാഞ്ഞങ്ങാട് നിന്നാണ് എത്തിയതെങ്കിലും ഇവർ കർണ്ണാടകയുടെ ഭാഗം തന്നെയായിരുന്നു . ഹെഗ്ഡെ , റാവു എന്നതൊക്കെ ഇവരുടെ സർനെയിമാണ് . കോട്ടയുടെ തലവൻ എന്നതാണ് ഹെഗ്‌ഡെയുടെ അർത്ഥം . ഗുജറാത്തി റോഡിൽ ജൈനക്ഷേത്രത്തിന് സമീപമുള്ള മഹാജനവാടിയിലെ ഇവരുടെ ജീവിതത്തിന് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട് . ഇവിടെ അവർക്ക് ഒരു അമ്പലമുണ്ട് , ശ്രീമഹാദേവി (ദുർഗ്ഗ) ക്ഷേത്രം . ഹിന്ദുക്കളായ കർണ്ണാടകക്കാരും , മുസ്ലിംകളും ഇവിടെ മഹാജനവാടിയിൽ പൂവാടിയിലെ വ്യത്യസ്ഥ പുഷ്പങ്ങളെ പോലെ വിരിഞ്ഞ് ഉല്ലസിച്ച് നിൽക്കുന്നു .

മഹാജനവാടിയിൽ നിന്ന് ഇന്ത്യാ – ചൈന യുദ്ധത്തിൽ പങ്കെടുത്ത വ്യക്തിയാണ് സുബാഷിന്റെ അച്ഛൻ എൻ . ചന്ദ്രശേഖരൻ ഹെഗ്ഡെ . 1962 -ൽ ഒക്ടോബർ 20 – ന് തുടങ്ങി നവംബർ 21 വരെ നടന്ന . ഒരു മാസവും ഒരു ദിവസവും നീണ്ടു നിന്ന ഇന്ത്യാ ചൈന യുദ്ധത്തിലാണ് ഇദ്ദേഹം പങ്കെടുത്തിട്ടുള്ളത് .

മഹാജനവാടി , കച്ചി മുസ്ലിംകളുടെ ട്രസ്റ്റിന് കീഴിലാണ് . ധനാഢ്യനും , ഭൂവുടമയും , പൊതു പ്രവർത്തകനുമായ ഇസ്മായിൽ ഹാജി ഈസ്റ്റാ സേട്ടിന്റെ തൊഴിലിടങ്ങളിൽ പണിയെടുത്തിരുന്നവരായിരുന്നു ഇവിടെ താമസിച്ചിരുന്നവരിൽ ഏറെയും . പിന്നെ ഗുജറാത്തികളുടെ സുഗന്ധവ്യഞ്ജന ഗോഡൗണുകളിൽ പണിയെടുത്തിരുന്നവരും , മറ്റു കച്ചവടങ്ങളിൽ ഏർപ്പെട്ടിരുന്നവരും ഇവിടെ താമസക്കാരായി ഉണ്ടായിരുന്നു . ആദ്യകാലങ്ങളിൽ കുറച്ച് ഗുജറാത്തികളും ഇവിടെ താമസിച്ചിരുന്നു . മഹാജനവാടി ആദ്യ കാലങ്ങളിൽ മേമന വാടി (മേമ്മൻ വാടി ) എന്നാണ് അറിയപ്പെട്ടിരുന്നത് .

കൗൺസിലർ ടി.കെ. അഷറഫിന്റെ നേതൃത്വത്തിൽ നടത്തിയ ശ്രമങ്ങളെ തുടർന്ന് യാതൊരു മത വിഭാഗീയതയും ഇല്ലാതെ തന്നെ ഇവിടുത്തെ താമസക്കാരിൽ ഭൂരിപക്ഷം പേർക്കും ‘ വഖഫ് ബോർഡ് ‘ ഭൂമി പതിച്ച് നൽകി കഴിഞ്ഞു . ഇത് അഭിനന്ദനാർഹമായ കാര്യമാണ് . ഇതിന് മുൻകൈയ്യെടുത്തവരൊക്കെയും അഭിനന്ദനം അർഹിക്കുന്നു . കൊച്ചി ……. കൊച്ചീക്കാരുടെ ഹൃദയങ്ങളിൽ മാത്രമല്ല കൊച്ചിയെ തൊട്ടറിഞ്ഞവരുടെ ഹൃദയങ്ങളിലെല്ലാം പതിച്ചു നൽകപ്പെട്ടു .

മഹാജനവാടിയിൽ നിന്നും അര കിലോമീറ്റർ മാറി ഗുജറാത്തി സ്ക്കൂളിന് സമീപം പണ്ഡിതൻ റോഡിലെ ശേർവാടിയിൽ ശ്രീ ശാരദാദേവി (സരസ്വതി ) ക്ഷേത്രമുണ്ട് ഇതിന് ഒരു നൂറ്റാണ്ടിനുത്ത് പഴക്കമുണ്ട് .

നവരാത്രികളാണ് ഇവർക്ക് ആഘോഷ രാവുകൾ . തുള്ളൽ , തിരുവാഭരണ ഘോഷയാത്ര , അഗ്നി സേവ , താലം ഘോഷയാത്ര ഇങ്ങനെ പോകുന്നു നവരാത്രി ആചാരങ്ങൾ . കൊച്ചിയിൽ മുൻപ് താമസിച്ച് പിന്നീട് മറ്റു സ്ഥലങ്ങളിലേക്ക് മാറി പോയവരെല്ലാം നവരാത്രി ആഘോഷങ്ങളുമായി കൊച്ചിയിൽ ഒത്തുകൂടുന്നു .

‘ പട്ടണപ്രവേശം ‘ നവരാത്രി ആഘോഷങ്ങളുടെ ഭാഗമാണിത് . നവരാത്രി ആഘോഷത്തിന്റെ അവസാന ദിവസം നടക്കുന്ന പട്ടണപ്രവേശം അദൃശ്യശക്തികളെയും , ആത്മാക്കളെയും തൃപ്തിപ്പെടുത്തുന്ന ചടങ്ങാണ് . കരിക്ക് , മുറിതേങ്ങ , കുമ്പളങ്ങ , തുണികൊണ്ട് തെറുത്ത തിരി എന്നിവ ക്ഷേത്രത്തിന്റെ നാല് അതിരുകളിൽ വെച്ച് നടത്തുന്ന ചടങ്ങാണിത് . തിരിഞ്ഞു നോക്കരുത് ആത്മാക്കൾ പ്രവേശിക്കുന്ന നേരമാണത്രെ ….

മരണാനന്തര ചടങ്ങുകളെന്നാൽ . മരണപ്പെട്ട് പതിനൊന്നാം ദിവസം വീട് വൃത്തിയാക്കി , വീട്ടുകാർ കുളിച്ച് വൃത്തിയായി , ക്ഷേത്രത്തിൽ നിന്ന് കൊണ്ടുവരുന്ന തീർത്ഥം വീട്ടിൽ തിളച്ച ശേഷം കുടുംബ സദ്യ ഒരുക്കും . ഇതിൽ കുമ്പളങ്ങാക്കറി നിർബന്ധമായും ഉണ്ടാവണം . പതിമൂന്നാം ദിവസം മരണപ്പെട്ടയാൾക്ക് ഇഷ്ടപ്പെട്ട വിഭവങ്ങൾ വിളമ്പി മുറിയിൽ വെച്ച് , ചന്ദന തിരികൾ കത്തിച്ചു വെച്ച് , പ്രാർത്ഥിച്ചും , ആത്മാവിനെ തൃപിതപ്പെടുത്തുന്നു . ഭർത്താവ് മരിച്ച് വിധവയാകുന്ന സ്ത്രീ താലിയും , വളയും പൊട്ടിക്കുന്നു . മൂന്ന് മാസക്കാലം ഇവർ വീട് വിട്ട് ഇറങ്ങരുത് .

കല്യാണാനന്തരമുള്ള സൽക്കാരത്തിൽ മാംസാഹാരമായി കോഴിയിറച്ചി വിളമ്പാറുണ്ട് . കടലയും ചേനയും അല്ലെങ്കിൽ കോവക്കായും ചേനയും ചേർത്ത ‘ഗസ്സി ‘ ഇവരുടെ പ്രത്യേക വിഭവമാണ് . കല്യാണത്താലി പ്രത്യേക മാതൃകയിലുള്ള ‘ ഗുണ്ടു ഹവള ‘ എന്ന ആഭരണമാണ് .

കാസർഗോഡ് കാഞ്ഞങ്ങാട് നിന്ന് കൊച്ചിയിൽ ആദ്യകാലത്ത് എത്തിയവരുടെ കൂട്ടത്തിലുള്ള ചില പേരുകളാണ് നാഗപ്പ ഹെഗ്ഡെ ,
വെങ്കിട്ടരമണ ഹെഗ്ഡെ , ശുഭ്രായ ഹെഗ്ഡെ , തുടങ്ങിയവർ .
പൊതുപ്രവർത്തന രംഗത്തെ കന്നഡ സാന്നിദ്ധ്യമായ ചില പേരുകളാണ്
ബേക്കൽ നാഗപ്പ , ആനന്ദ ഹെഗ്ഡെ , റാംജി റാവു എന്നിവർ .

കൊച്ചി തങ്ങളുടെ വികാരമാണെന്ന് അവർ പറയുന്നു …

” കൊച്ചി നമിഖെ തുമ്പ പ്രീത്തിയാഗിത ഹുട്ടി ബെളിത പ്രദേശ “

( കൊച്ചി നമ്മൾ ജനിച്ചു വളർന്ന …ഏറെ ഇഷ്ടപ്പെടുന്ന പ്രദേശമാണ് )


മൻസൂർ നൈന

By ivayana