കന്നിമേഘം കനിഞ്ഞെങ്ങും
വെണ്മയൂഖങ്ങള്‍ തീര്‍ത്തനാള്‍
വന്നു പോവുന്ന കാര്‍മേഘ-
ക്കാളിമയ്ക്കുമൊടുക്കമായ്
പശ്ചിമാകാശ സൂര്യന്‍ ഹാ !
സ്വച്ഛമായ് നോക്കി നില്‍ക്കയായ്
വൃക്ഷപക്ഷിനികുഞ്ജങ്ങള്‍
സൂക്ഷ്മഭാവമിയന്നുവോ?
ദ്യോവിലായാസമായ് വീശും
വായുവും സ്വസ്ഥമായിതാ
സര്‍വ്വലോകചരങ്ങൾക്കും
നിര്‍വ്വൃതീഭവമാര്‍ന്നിതോ?
എട്ടോളം മാസമായ് ദേഹം
വിട്ടിടാത്ത വിഷജ്വരം
തീര്‍ത്ത വേദനയെല്ലാമേ
മുക്തമായ് ഗുരു ശാന്തനായ്
ആമുഖത്തു പ്രശാന്തതാ
സീമകണ്ടതുപോല്‍ സ്ഥിരം
ഭാവ തേജോജ്വലം ജ്വാല
സാവധാനമുയര്‍ന്നിതാ
നിര്‍ന്നിമേഷം ചുറ്റുപാടും
നിന്നു ശിഷ്യര്‍ വിതുമ്പിയോ
അന്തരീക്ഷത്തിലാര്‍ദ്രമായ്
തെന്നിനീങ്ങുന്നു വീചികള്‍
” ദൈവമേ കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവി വന്‍ തോണി നിന്‍പദം “

By ivayana