ചിരി ചലഞ്ചിന് വേണ്ടി ചിരിയ്ക്കാൻ ശ്രമിച്ചെങ്കിലും അത് പൂർണ്ണമായും പരാജയപ്പെട്ടു പോയതിനാൽആ ചിരി ഇവിടെ പോസ്റ്റ് ചെയ്യുന്നില്ല.അല്ലെങ്കിലും ഇങ്ങനെ ചിരിക്കുവാനുള്ള എന്ത് അവസരമാണ് നിലവിൽ നമ്മുടെ നാട്ടിൽലുള്ളതെന്നും മനസ്സിലാകുന്നില്ല.തൊഴിൽ നഷ്ടപ്പെട്ട കോടിക്കണക്കിന് ആളുകൾ ഡിപ്രഷനിലാണ്..ചിലർ ആത്മഹത്യ ചെയ്തു.പലരും ആത്മഹത്യയുടെ വക്കിൽ എത്തി നിൽക്കുന്നു.

കോവിഡിന് മൂലം കുടുംബനാഥൻ നഷ്ടപ്പെട്ട ആയിരക്കണക്കിന് കുടുംബങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ട്.നമ്മുടെ നാട്ടിലും വിരളമല്ല.അഞ്ച് മാസം മുൻപ് പ്രിയ സുഹൃത്തിന് കോവിഡ് വന്നിരുന്നു , അധിക ലക്ഷണങ്ങൾ ഒന്നും ഉണ്ടായില്ല. ഒരു ജലദോഷം പോലെ തോന്നി, ഇതിനെയാണോ ഇത്രയും നാൾ ഭയപ്പെട്ടത് എന്ന് ആലോക്കുമ്പോൾ ചിരി വരുന്നു എന്നാണ് അവൻ അന്ന് വിളിച്ചു പറഞ്ഞത്.ഒരാഴ്ച മുൻപ് അവൻ വീണ്ടും വിളിച്ചിരുന്നു..മൂത്രം കൺട്രോൾ ചെയ്യാനാകുന്നില്ല എന്ന് പറഞ്ഞു.എന്റെ അഭ്യർത്ഥന മാനിച്ച് അവൻ ഡോക്ടറെ കണ്ട് ചില ടെസ്റ്റുകൾ ചെയ്തു.

ഇന്നലെ റിസൽട്ട് വന്നു. ഗോമാങ്ങയുടെ അണ്ടിപോലിരുന്ന എന്റെ ഒരു കിഡ്‌നി ഇപ്പോൾ ചുക്കിച്ചുളിഞ്ഞ കശുഅണ്ടി പോലെയുണ്ട് എന്ന് തമാശയോടെയാണ് പറഞ്ഞതെങ്കിലും,ചികിത്സ എത്ര കാലം തുടരേണ്ടി വരുമെന്ന് ഡോക്ടർക്ക് പോലും ഉറപ്പ് നൽകാനായില്ല.മാത്രമല്ല പല കുടുബങ്ങളിലും അസാധാരണമായ പ്രശ്നങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് മനശാസ്ത്ര ഗവേഷകർ തന്നെ വെളിപ്പെടുത്തുന്നു..

രാവിലെ ജോലിക്ക് പോയി സന്ധ്യക്ക് തിരിച്ചെത്തുന്നവർ ഫുൾ ടൈം വീട്ടിൽ ഇരിക്കുമ്പോൾ കുടുംബ കലഹം അധികരിക്കുന്നു.സ്കൂൾ ഇല്ലാത്തതിനാൽ മൂന്നും നാലും കുട്ടികൾ ഉള്ള വീടുകളിൽ കുട്ടികളുടെ വികൃതിയെ നിയന്ത്രിക്കാനാകാതെ വീട്ടമ്മമാർ നെഞ്ചത്തടിച്ച് വിലപിക്കുന്നു..

ഓൺ ലൈൻ പഠനമെന്ന നൂതന പാഠ്യക്രമം പല അമ്മമാരുടേയും ഉറക്കംകെടുത്തുന്നു.വരുമാനമില്ലാതായതോടെസാധാരണക്കാരുടെ ഇത്തരം അവസ്ഥ വിവരിക്കാൻ ആവാത്ത വിധത്തിൽ ദൈന്യത നിറഞ്ഞുപോയിരിക്കുന്നു..അത്ര പെട്ടെന്നൊന്നും പഴയ ആ സന്തോഷം നിറഞ്ഞ കാലമോ സ്വാതന്ത്ര്യമോ തിരിച്ചെത്തുമെന്ന പ്രതീക്ഷയും ഇല്ല.വിദ്യാഭ്യാസവും സംസ്കാരവും വിവേകവുമുള്ള ഒരു ജനതയാണ് കേരളീയർ എന്ന് നാം കരുതിയത് പൂർണമായും തെറ്റാണ്.

ഒരു മഹാമാരിയെ പോലും വെല്ലുവിളിച്ച് കൂട്ടം കൂട്ടമായി വട്ടം കറങ്ങുന്ന വിവേകശാലികളെ കാണുമ്പോൾ പുച്ഛമാണ് തോന്നുന്നത്..ഒരു തൊഴിലെടുക്കാൻ പോയി അസുഖം വന്നാൽ അത് സഹിക്കാം..ഒരു പണിക്കും പോകാതെ നാടു നീളെ ചുറ്റി കറങ്ങി വീട്ടിലേക്ക് കൊറോണയുമായി മടങ്ങി വന്ന് വീട്ടിലെ പ്രായമായരോഗികളായ രക്ഷിതാക്കൾക്ക് മരണം സമ്മാനിക്കുന്ന ഉത്തമൻമാരോട് പുച്ഛം തന്നെ..ആരോട് പറയാൻ ആര് കേൾക്കാൻ..

😢-രമേഷ് ബാബു.

By ivayana