പൂവേ! നിൻ മനോഹര വദനം ചിരിക്കവേ
എൻ മനം മയിലുപോൽ നൃത്തമാടൂ
എന്തേ നിൻ മനസ്സിനെ ആമോദമാക്കുന്നു
എൻ ചിത്തത്തിലേക്കാവെട്ടം പകരുകില്ലേ?
ഇന്നു വിടർന്ന നീ നാളെയൊരോർമയായ്
മനതാരിൻ നോവായ് മാറിയാലും
നിൻ ചന്തവും മനംമയക്കും നിത്യഹാസവും
മാസ്മര ചിന്തക്കു മതിയാകുന്നു.
പൊന്നേ!നിനക്കാരു തുണയുണ്ടീ വാടിയിൽ
മധു തേടിയലയുന്ന പൂമ്പാറ്റയോ?
നിൻ ഹൃദയത്തിൻ മധുരിമ മൂളിക്കൊണ്ടു-
ണ്ണുന്ന കരിവണ്ടോ വർണ്ണ ശലഭമോ?
എന്തേ പരനന്മ പരിമളമായ് നീ വിതറിയോ
പൂന്നിലാപരിശുദ്ധ നീ പാരിൻ മാറിൽ
എത്ര അഴകിൽ നിന്നു നീ ഉയിർകൊണ്ടു
ഇത്ര അഴകുള്ളവൾ നീ ആയീടുവാൻ
ദൂരെ മാനത്തെ താരകൾ തൻ തോപ്പിനെ
പാരിലെ താരം നീ ശുഷ്കമാക്കൂ
ഇത്ര മധുരം നിൻ തേനമൃതിനാകുകിൽ
ദേവാമൃതം മധുരമോ? ചവർപ്പു താനോ?
രത്‌നം പതിപ്പിച്ച നിൻ വല്ലികൾ വായുവിൽ
ഊയലാടുന്ന കാഴ്ച കണ്ടീടുകിൽ
സുഖദുഃഖങ്ങളായ് ചാഞ്ചാടുമെൻ മനസ്സി-
നെന്തൊരാശ്വാസ തിരയടങ്ങൽ.
പൂവേ!നിൻ മിഴിനീരുതിർക്കുന്നനനവുകളി-
തളിൻ പൊയ്കയിലൊഴുകിടുമ്പോൾ
എന്തേ നിന്നാത്മാവിൻ ചേതോവികാരമെ-
ന്നെന്നന്തരംഗം മുദ ആരായുന്നു.
പൂവേ! നിനക്കിതെങ്ങനെ മന്ദസ്മിതം തൂകി
ദുഖത്തെ മായ്ക്കുവാനായിടുന്നു?
അല്ലെങ്കിലും നിന്റെ നിത്യദുഃഖമവരല്ലോ
ആർക്കായി സൗരഭം നീ പൊഴിച്ചിടുന്നു.
(തോമസ് കാവാലം)