ദു:ഖമെന്ന ജ്ഞാനമാണ് മഹത്തായ സാഹിത്യത്തെ ഇന്നും നയിക്കുന്നത്. ദു:ഖസത്യത്തെക്കുറിച്ച് തഥാഗതമുനിയും വ്യക്തമാക്കുന്നുണ്ട്. അമ്പേറ്റുപിടയുന്ന ക്രൗഞ്ചപ്പക്ഷിയുടെ രോദനംകേട്ട് ആദികവിയായ വാല്മീകിയിൽനിന്നുതിർന്നുവീണ ശ്ലോകം ശോകമയമായിരുന്നു.
കണ്ണുനീർത്തുള്ളിപോലെ മണ്ണിലേക്കടർന്നുവീണ ആ ശ്ലോകത്തിലൂടെയാണ് സാഹിത്യത്തെ ശോകം കീഴടക്കിയത്. ഇന്നും ചിരന്തനവികാരമായി ദു:ഖം സാഹിത്യത്തിൽ തങ്ങിനിൽക്കുന്നു. കണ്ണുനീർവീണുനനഞ്ഞ കൃതികളെല്ലാം ഉത്കൃഷ്ടസാഹിത്യമായി ഇന്നും പരിഗണിക്കപ്പെട്ടുപോരുന്നു. രസസിദ്ധാന്തമനുസ്സരിച്ചു ആദികാവ്യത്തിലെ രസം “കരുണം ” ആണ്. ആ കരുണ കണ്ണുനീർത്തുള്ളിയായി സഹൃദയമനസ്സിനെ നനയിപ്പിച്ചുകൊണ്ടിരിക്കുന്നു.രാമായണത്തിലെ ഉജ്ജ്വല കഥാപാത്രമാണെല്ലോ സീതാദേവി. അവളെ “ദൗർഭാഗ്യത്തിന്റെ കണ്ണുനീർത്തുള്ളി ” എന്നു വിശേഷിപ്പിയ്ക്കാം.
ഇന്നും ഭൂപുത്രിയുടെ കരച്ചിൽ നമ്മെ അസ്വസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. അത് ഭാരതീയ സാഹിത്യാന്തരീക്ഷം മുഴുവൻ പടർന്നൊഴുകി ശോകമയമാണ് ജീവിതമെന്ന മഹാസത്യം നമ്മെ ബോധ്യപ്പെടുത്തുന്നു. രാമായണത്തിലെ സീതാദേവിയെ മഹാകവി കുമാരനാശാൻ തനതുരീതിയിൽ വാർത്തെടുത്ത ” ചിന്താവിഷ്ടയായ സീത “യിലും അവൾ വിലപിച്ചുകൊണ്ട് സ്വയംമറയുന്നവളാണ്.
പ്രതിഷേധാഗ്നികൾ അവളുടെ ചിന്തകളിൽ തട്ടിച്ചിതറുന്നുണ്ടെങ്കിലും ഇവിടെ ആത്യന്തിക വികാരം ദുഃഖമായി പര്യവസാനിയ്ക്കുന്നു.ഈ തലത്തിൽ പരിശോധിച്ചാൽ സാഹിത്യത്തിലെ അടിസ്ഥാനവികാരം ദു:ഖമാണെന്ന് നമുക്ക് പറയേണ്ടിവരും. കണ്ണുനീർത്തുള്ളികൾ വൈരക്കല്ലുകളായി ഉജ്ജ്വലിയ്ക്കുന്ന പരമാർത്ഥം നമുക്ക് ലോകസാഹിത്യത്തിൽനിന്നുതന്നെ കണ്ടെത്താൻ കഴിയും. രാമന്റെ വീരേതിഹാസങ്ങളെയൊന്നും സഹൃദയർ മാനിച്ചിട്ടില്ല. അവരുടെ ഉള്ളിൽനിറഞ്ഞുവിങ്ങുന്നത് ദു:ഖഭാഗിനിയായ സീതയെക്കുറിച്ചുള്ള സ്മരണകളാണ്.
മഹാഭാരതകഥയുടെ പര്യവസാനവും ശോകത്തിലല്ലേ ? പാണ്ഡവർ യുദ്ധം ജയിച്ചുവെന്നു അവകാശപ്പെടാമെങ്കിലും പതിനെട്ടുദിവസത്തെ യുദ്ധംവരുത്തിവച്ച ബന്ധുജനനാശത്തിലും സ്ത്രീവിലാപത്തിലും അതു ചെന്നെത്തിനിൽക്കുന്നു. മാത്രമല്ല , ദുര്യോധനന്റെ പിടിവാശിമൂലമുണ്ടായ ചൂതുകളി , വനവാസം ,അജ്ഞാതവാസം ,പാഞ്ചാലീവസ്ത്രാക്ഷേപം ഇവയൊക്കെത്തന്നെ മാനുഷികജീവിതം ദു:ഖമയമാണെന്നുള്ള യാഥാർഥ്യത്തിന്റെ തിരുപ്പകർപ്പുകളാണ്. സാഹിത്യത്തിലൂടെ അതിന്റെ സ്പന്ദനം വളരെ അടുത്ത് നമുക്കറിയാം.ക്ലാസ്സിക്കൽ സാഹിത്യത്തിന്റെ തുടർച്ചയായാണ് മഹാകാവ്യപ്രസ്ഥാനം രൂപംകൊണ്ടത്.
ഇതിനെ നവ-ക്ലാസ്സിസിസം എന്നുവിളിക്കാം. മാനുഷികജീവിതം പ്രതിപാദ്യമാകുന്ന കാളിദാസന്റെ നാടകങ്ങളിലും മഹാകാവ്യങ്ങളിലും ദു:ഖമെന്ന പരമസത്യത്തെ കവി വിളംബരംചെയ്യുന്നുണ്ട്. അഭിജ്ഞാനശാകുന്തളത്തിൽ ശകുന്തളാദുഷ്യന്തൻമാരുടെ വേർപിരിയലിൽ തുടങ്ങുന്ന ദുഃഖാത്മകമായ ഒരു അന്തരീക്ഷം നാടകത്തിന്റെ അവസാന അങ്കംവരെ തങ്ങിനിൽക്കുന്നു. പ്രശസ്തമായ “മേഘസന്ദേശം ” എന്ന കാവ്യത്തിൽ ആദ്യന്തം ഗാഡതപ്തമായ പ്രണയവിഷാദം നിറഞ്ഞുനിൽക്കുന്നു. ദു:ഖമൂർച്ഛയുടെ കാവ്യമെന്നുവരെ മേഘസന്ദേശത്തെ വിശേഷിപ്പിയ്ക്കാം. ഭാസമഹാകവിയുടെ ” ഊരുഭംഗം” എന്ന ട്രാജഡി യിലും ഈ സ്ഥിതിതന്നെ.ജീവിതം സമസ്തവികാരങ്ങളുടെയും പകർന്നാട്ടമാണ്.
എങ്കിലും ശോകതീക്ഷ്ണത സാഹിത്യത്തിന്റെ മാറ്റുവർദ്ധിപ്പിയ്ക്കുന്നതായി പറയേണ്ടിയിരിക്കുന്നു. നായികാനായകൻമാരുടെ പ്രണയദുഃഖം , ധാർമ്മികച്യുതിമൂലമുള്ള ദു:ഖം, യുദ്ധത്തകർച്ചയിൽനിന്നുളളത് , രോഗബാധാദികളിൽനിന്നുള്ളത് ,തുടങ്ങിയ സമസ്തദു:ഖഭാവനകളും മതസാഹിത്യഗ്രന്ഥങ്ങളിൽപ്പോലും അടയാളപ്പെടുത്തിയിരിക്കുന്നു. നളചരിതം ആട്ടക്കഥയിലെ നായികാനായകൻമാർ പ്രണയസമൃദ്ധിയിൽനിന്ന് അഗാധദുഃഖത്തിലേക്ക് നിപതിച്ചവരാണ്. ഒടുവിൽ നഷ്ടപ്പെട്ടതൊക്കെ തിരിച്ചുനേടാൻ കഴിയുന്നെങ്കിലും ദു:ഖത്തിന്റെ അസ്തിത്വം ജീവിതത്തിൽ എത്രമാത്രം യാഥാർത്ഥ്യമാകുന്നെന്ന് കവിയ്ക്ക് സമർത്ഥിയ്ക്കുവാൻ കഴിയുന്നുണ്ട്.കാല്പനികകാവ്യപ്രസ്ഥാനം കടന്നുവന്നപ്പോൾ ” ശോകാത്മകത ” ജീവിതത്തിന്റെ അടിസ്ഥാനഭാവമായി മാറുകയായിരുന്നു.
നവ- കാല്പനികപ്രസ്ഥാനത്തിലെ ആദ്യകൃതിയായ “വീണപൂവിൽ ” തുടങ്ങി അത് ചങ്ങമ്പുഴയിലൂടെയും ഇടപ്പള്ളിയിലൂടെയും സഞ്ചരിച്ചു അത്യന്താധുനികരിൽവരെ വന്നെത്തിയിരിക്കുന്നു. പ്രണയഭംഗം ,ജീവിതനൈരാശ്യം, ആത്മഹത്യപ്രവണത ,ജീവിതത്തിന്റെ അർത്ഥശൂന്യത ഇവയൊക്കെ കാല്പനികരുടെ മുഖമുദ്രയാണ്. ചങ്ങമ്പുഴയിലും ഇടപ്പള്ളിയിലും ജീവിതത്തിന്റെ ലഹരിപിടിക്കുന്ന വേദനയുമായി പാടിത്തിമിർക്കുന്ന കവികളെ നാം കണ്ടു. അവിടെയും സാഹിത്യത്തിലെ ശാശ്വതവികാരം ശോകംതന്നെയാണ്.
എങ്കിലും ഈ പരമസത്യം റിയലിസത്തെയും ചുംബിച്ചു., ശേഷം അസ്തിത്വദു:ഖവും പേറിനടക്കുന്നു. തകഴിയിലും കേശവദേവിലും ,ഉറൂബിലും കാരൂരിലുമൊക്കെ സാധാരണക്കാരുടെ ഇല്ലായ്മയുടെ വ്യഥ നീറിപ്പുകഞ്ഞെങ്കിൽ ഒ.വി.വിജയനിലും കാക്കനാടനിലും ,ആനന്ദിലുമൊക്കെ അസ്തിത്വവ്യഥയും നീതിശാസ്ത്രവ്യഥയും നമുക്ക് കാണാം.
വിനോദ് വി.ദേവ്.