കർക്കിടക വാവു രാത്രിയിൽ ബലിച്ചോറിനായ്
പിതൃക്കളണയുന്ന കാലടി ശബ്ദവും ഓരിവിളികളും…
കണ്ണുപൂട്ടിക്കിടന്നു കാതോർക്കുന്ന
കുരുന്നു മൗനത്തിൻ്റെ ചുണ്ടുകൾ വിറക്കുന്നു
പേക്കിനാവിൻ്റെ ഭൂതായനങ്ങളിൽ…
സ്മരണയിൽ, ദൂരെയാ നോവു പൂക്കുന്ന
അന്ത്യയാനത്തിൻ കഹളം മുഴങ്ങുന്നു
അറിക നീ നാവുനനക്കുവാൻ കണ്ണൂനീരിറ്റും
പവിത്രത്തിൽ നിന്നിറ്റു വിഴുന്ന പുണ്യതീർത്ഥവുമില്ലാതെ
പുത്രകർമ്മ ദോഷത്തിൻ്റെ മൺകുടമുടയില്ല.
മരണകാല രാമായണം നേർത്തുനീളുമീ
ഈറൻ സന്ധ്യയിൽ യാത്രയാകുന്നു
നിറനിലാവിൻ്റെ പൗർണമി രാവുകൾ
നൂറുകണ്ടതാം വാത്സല്യ സൂര്യനും
നേർത്തു ചുവന്നൊരു പുലരിയെത്തുന്നതിൻ മുമ്പ്
നേർത്തു നേർത്തങ്ങു നിലയ്ക്കുന്ന സ്പന്ദനം.
കാടുതേടി ഒറ്റക്കുവന്നവൻ
കാടു തീണ്ടിയുണർത്തിയ പൗരുഷം
കരളിലുരുവായ കനവിൻ്റെ വിത്തുകൾ
കർക്കിടക മഴനൂലിലൊന്നായി നട്ടുനനച്ചവൻ
കതിരുകൊത്താൻ വരുന്ന പക്ഷിയെ കാത്ത്
കാട്ടരുവിക്കരയിലൊറ്റക്കിരുന്നവൻ
മോഹമുന്തിരി വാറ്റിയ നീർമോന്തി
നീണ്ട രാത്രികൾ തീ കാഞ്ഞിരുന്നവൻ
വിറകുവെച്ചു ജ്വലിപ്പിച്ചെടുത്തൊരാ
മഞ്ഞിലെരിയുന്ന തീനാമ്പുകൾക്കിരുപുറം
കാട്ടുകരടിയുമൊന്നിച്ച്
തീ കാഞ്ഞിരുന്നൊരു വന്യകൗതുകം..
കാട്ടു മുള്ളിൽ കാലുടക്കിമുറിഞ്ഞു മുടന്തുന്ന
കുഞ്ഞുമുയലിൻ്റെ നൊമ്പരപാടിൽ
കാട്ടറിവിൻ്റെ പച്ചില ചാലിച്ച് സൗഖ്യമേകുവാൻ
കനിവു പൂത്തൊരാ വനവസന്തങ്ങൾ…
ഭാഗപത്രങ്ങളിൽ പിതൃവാത്സല്യസാരമായി
കരുണപൂർവ്വം കോറിയിട്ടൊരാ കാടെന്ന ബോധം
പൈതൃകങ്ങളിൽ കണ്ണു ചിമ്മി ചിണുങ്ങിനിൽക്കുന്നു
കാടുതേടുന്ന വന്യവാസര സ്വപ്നങ്ങൾ.
ഭാഗപത്രം പകർന്നു നൽകുന്നൊരാ
ശുഷ്ക്ക ജീവിത ബോധ ഭ്രമത്തിൻ്റെ
യുക്തിഹീനമാം വന്ധ്യമോഹങ്ങൾ
കാടു തീണ്ടിമുട്ടിക്കുന്നതിന് മുമ്പ്
കാടുതേടുന്നു കാടിനൊപ്പം കാരുണ്യമുള്ളവൻ
പൂച്ചമൂത്തു പുലിയായി മാറിയോൻ
കാടിനുള്ളിലെ ഹൃദയം നുകർന്നവൻ.

അഡ്വ: വി.എസ്. ദിപു

By ivayana