“ടാ… മണീ.. അന്റെ കല്യാണത്തിനാണ് ഇയ്യ് ന്നെ വിളിച്ചത്. അന്റെ കല്യാണത്തിന് തന്നെയാണ് കല്യാണി വന്നതും. ഇയ്യ് മണിയാണെങ്കിൽ.. ഞാൻ കല്യാണിയാണ്.”ഇത്രയും പറഞ്ഞ് കല്യാണിചേച്ചി ചിരിയോടെ മുണ്ടിന്റെ തുമ്പുകൊണ്ട് മുഖം തുടച്ചു. ഇത് നേടിയേടത്ത് കല്യാണി. ഗ്രാമവാസി എന്നതിനപ്പുറം എനിക്ക് ഏറ്റവും പ്രിയപ്പെട്ട വ്യക്‌തികളിൽ ഒരാൾ. സ്നേഹിച്ചാൽ വിനയത്തോടെയും കോപിച്ചാൽ ആരാണെന്നുപോലുംനോക്കാതെ തന്റേടത്തോടെനിന്ന് പൊരുതുകയും ചെയ്യുന്ന കല്യാണിചേച്ചിയ്ക്ക് മെല്ലെ സംസാരിക്കുകയെന്നത് ശീലമേയില്ല. കല്യാണിചേച്ചി അങ്ങനെയാണ്.

ആക്രമണമാണ് ഏറ്റവുംനല്ല പ്രതിരോധം എന്ന് അറിയുന്നതുകൊണ്ടാകാം തനിക്കുനേരെ ഒരാൾ വിരൽചൂണ്ടാനൊരുങ്ങിയാൽ ചൂണ്ടുംമുമ്പേ ചൂണ്ടുന്നവന്റെ കയ്യൊടിക്കാനുള്ള ചങ്കുറപ്പ് കല്യാണിചേച്ചിക്ക് എന്നും ഉണ്ടായിരുന്നു. വർഷങ്ങൾക്കുമുമ്പ്….. പടികടന്നുവന്ന എനിക്ക് ഇരിക്കാൻ കസേരയിട്ടുതന്നുകൊണ്ട് കല്യാണിചേച്ചി ഇങ്ങോട്ട് പറഞ്ഞു. “എനിക്കറിയാം… അന്റെ കല്യാണമല്ലേ… ആരോ പറഞ്ഞുകേട്ടു അന്റെ കല്യാണം ഉണ്ടെന്ന്.

ഇന്നോട് യ്യ് പറഞ്ഞില്ലെങ്കിലും ഞാൻ വരും അന്റെ കല്യാണത്തിന്.”ഞാൻ ചിരിയോടെ കല്യാണിചേച്ചിയുടെകയ്യിൽ പിടിച്ചു.കല്യാണിചേച്ചി തന്ന നാരങ്ങവെള്ളം കുടിക്കുന്നതിനിടയിൽ ഞാൻ പറഞ്ഞുതുടങ്ങി. “നവംബർ അഞ്ചിനാണ് കല്യാണം. തലേദിവസംതന്നെ വീട്ടിൽ എത്തണം.””തലേന്നോന്നും ഞാൻ വരില്ല. വയസായില്ലേ.. കല്യാണി കല്യാണത്തിന്റന്നേ വരൂ.””ശരി അങ്ങനെയെങ്കിൽ അങ്ങനെ..

പക്ഷേ കാലത്ത് ഏഴ് മണി ആകുമ്പോഴേക്കും വീട്ടിൽ എത്തണം ട്ടോ”. “അതെന്തിനാ ഏഴ് മണിയ്ക്ക് ഞാൻ വര്ണത്.”കല്യാണിചേച്ചിക്ക് സംശയം. “ഏഴ് മണിക്ക് നമ്മൾ എല്ലാവരുംകൂടി പെണ്ണിന്റെ വീട്ടിലേക്ക് പോകണം. അവിടെവച്ചാണ് താലികെട്ട്. താലികെട്ട് കഴിഞ്ഞ് ഭക്ഷണമൊക്കെ കഴിഞ്ഞേ പിന്നെ നമ്മൾ മടങ്ങൂ..”കല്യാണിചേച്ചിയുടെ മുഖത്ത് എന്തോ ഒരു സംശയത്തിന്റെ നിഴലാട്ടം ഉള്ളപോലെ എനിക്ക് തോന്നി. എന്നാൽ.. അത് മാറ്റിവച്ചുകൊണ്ട് ചേച്ചി പറഞ്ഞു. “ന്തായാലും ഞാൻ കല്യാണത്തിന് വരാം.”അന്നും ഇന്നും ഉമ്മറത്തെ വാതിലിന് ലോക്ക് ഇല്ലാത്ത (വീട്ടിൽ കള്ളൻ കയറില്ല.

കഷ്ടകാലത്തിന് വല്ല കള്ളനും കയറിയാൽ കക്കണമെങ്കിൽ ആ കള്ളൻ വീട്ടിൽ എന്തെങ്കിലും കൊണ്ടുവന്നുവയ്‌ക്കേണ്ടിവരും എന്ന് ഞങ്ങൾക്ക് ഉറപ്പുള്ളതിനാൽ മനഃപൂർവം പൂട്ട് ഇടാറില്ല എന്നതാണ് സത്യം )എന്റെ വീടിന്റെ വാതിലുകൾ വെറുതേ ചാരിയടച്ച് കല്യാണദിവസം കാലത്ത് ഏഴ് മണിയ്ക്കുതന്നെ ഞങ്ങളും ഞങ്ങൾ ക്ഷണിച്ച ആളുകളും വധുവിന്റെ വീട്ടിലേക്ക് യാത്രയായി. താലികെട്ടും ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ വീട്ടിൽ എത്തുമ്പോൾഎന്റെ വീടിന്റെ ഉമ്മറത്തെ പന്തലിൽ ഏകദേശം അഞ്ചുപത്തുപേർ ഭക്ഷണം കഴിക്കുന്നു.

ങേ.? ഇതെങ്ങനെ? ഞങ്ങൾ പോകുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു.ഇവിടെയാരും ഭക്ഷണവും വച്ചിട്ടില്ല. അപ്പോൾ ഞങ്ങൾ കാണുന്ന ഈ കാഴ്ച.?? ഞങ്ങളാകെ അത്ഭുതപ്പെട്ടുനിൽക്കുമ്പോഴാണ് ഉമ്മറത്ത് നിൽക്കുന്ന കല്യാണിചേച്ചി പറഞ്ഞത്.”ന്റെ മണീ… യ്യ് ങ്ങനെ അന്തംവിട്ട് നോക്കണ്ട. ഇതൊക്കെ ന്റെ പണിയാണ്.”ഞങ്ങൾക്ക് ഒന്നും മനസിലായില്ല. അത് കണ്ടപ്പോൾ കല്യാണിചേച്ചി തുടർന്നു. “എട്ടരയ്ക്കാണ് ഞാൻ ഇവിടെ വന്നത്. വന്നപ്പോൾ ഈ വീട്ടിൽ ആരെയും കാണാനില്ല. ഇന്നല്ലേ കല്യാണംന്ന് യ്ക്ക് സംശയം വന്നപ്പോ ഞാൻ അപ്പറത്തെ വീട്ടില് അന്വേഷിച്ചു.

അവരാണ് ന്നോട് പറഞ്ഞത് നായന്മാരുടെ വീട്ടിലെ കല്യാണത്തിന് എല്ലാവരും പെണ്ണിന്റെ വീട്ടിലേക്ക് പോകണം, താലികെട്ട് കഴിഞ്ഞാൽ ഭക്ഷണമൊക്കെ അവിടെവച്ചാണ്, കല്യാണം കഴിഞ്ഞ് വരുന്നതുവരെ ആൺവീട്ടിൽ ആരും ഉണ്ടാകാറില്ല എന്ന്.”കല്യാണിചേച്ചി സംസാരം തുടരുകയുംഒപ്പം, ഊണ് കഴിക്കുന്നവർക്ക് വിളമ്പുകയും ചെയ്തുകൊണ്ട് തുടർന്നു. “ന്റെ മണീ… ഇങ്ങള് നായന്മാരുടെ രീതിയൊന്നും എന്നെപ്പോലെ വേറെയും കുറേ ആൾക്കാർക്ക് മനസിലായിക്കോളണമെന്നില്ലല്ലോ. ഞാനെന്തായാലും നിങ്ങൾ വരുന്നതുവരെ ഇവിടെത്തന്നെ ഇരിക്കാം എന്ന് കരുതി. അപ്പോഴാണ് വേറെയും ഓരോരുത്തരായി വന്നത്.

എന്തായാലും നനഞ്ഞു.എങ്കിലിനി കുളിച്ചിട്ടുതന്നെ കയറാമെന്ന് എനിക്കും തോന്നി. ഞാൻ നോക്കിയപ്പോൾ ഉമ്മറത്തെ വാതിൽ പൂട്ടിയിട്ടില്ല. അഞ്ചുപത്തുപേർ പന്തലിൽ ഇരിക്കുന്നുമുണ്ട്. എല്ലാവരോടും അവിടെത്തന്നെ ഇരിക്കാൻപറഞ്ഞ് ഞാൻ വാതിൽതുറന്ന് അകത്ത് കയറി. (ഒപ്പം പ്രാരത്തെ തങ്കചേച്ചിയും )അരിയും സാധനങ്ങളുമൊക്ക വീട്ടിൽ ഉണ്ടല്ലോ. പിന്നെ ഞാനെന്തിന് കാത്തിരിക്കണമെന്ന് ചിന്തിച്ച് ഇവിടെ ഉള്ളവർക്കുള്ള ചോറും കറിയുമങ്ങുണ്ടാക്കി. അന്റെ കല്യാണത്തിന് വന്ന കല്യാണി അന്റെ വീട്ടിലെ ചോറ് തിന്നിട്ടേ പോകൂ… കല്യാണിയോടാണോ കളി..? വേണമെങ്കിൽ ഇരുന്നോ ഞാൻ വെളമ്പിത്തരാം.”കല്യാണിച്ചേച്ചിയെ ചേർത്തുപിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു.

ഈ സ്നേഹം,…. ഞങ്ങളോട് കാണിക്കുന്ന ഈ അധികാരം… അതുതന്നെയാണ് കല്യാണിചേച്ചീ ഞങ്ങളുടെ ഏറ്റവുംവലിയ സമ്പാദ്യം.””ഇയ്യും ന്റെ സുകൂം യ്ക്ക് ഒരുപോലെയാണ്‌. അതോണ്ട് അന്റെ വീട്ടിൽ കേറാൻ ഇയ്ക്ക് ആരുടെയും സമ്മതപത്രം വേണ്ട. വെർതെ വർത്താനം പറഞ്ഞ് നിൽക്കാണ്ട് ഇങ്ങള് അകത്തേക്ക് കേറിക്കോ. ഇഞ്ഞ് ഞാനും ഇത്തിരി ചോറുണ്ണട്ടെ.”ഇതുംപറഞ്ഞ് കല്യാണിച്ചേച്ചി അന്ന് നിർത്താതെചിരിച്ചു. ഇന്ന്…. വെള്ളമൂടികിടക്കുന്ന കല്യാണിചേച്ചിയുടെ മുഖത്തേക്ക് നോക്കിനിന്നപ്പോൾ വല്ലാത്തൊരു വിങ്ങൽ എന്നിലുണ്ടായി. നടുമുറിയിലെ നേർത്ത വിലാപങ്ങളെ മറികടന്ന് കല്യാണിച്ചേച്ചിയുടെ ശബ്ദം എന്റെ കാതിലെത്തി. തോൽക്കാൻ എനിക്ക് മനസില്ല. ഇയ്യ് മണിയാണെങ്കിൽ ഞാൻ കല്യാണിയാണ്.

By ivayana