മഹാനായ ഒരു വ്യക്തിയുടെ ഓര്‍മ്മ , ഒരു കാലഘട്ടത്തിന്‍റെ തന്നെ ഓര്‍മ്മയാകുന്നത് അസാധാരണമല്ല. ശ്രി. അയ്യങ്കാളിയുടെ ജന്മവാര്‍ഷിക ദിനമാചരിക്കേ, സംഭവബഹുലമായിരുന്ന ഒരു കാലഘട്ടത്തെയാണ് നാം അഭിമുഖീകരിക്കുന്നത്. ദളിത് ആത്മവീര്യത്തിന്‍റെ ഏറ്റവും കരുത്തുറ്റ പ്രകാശനമായിരുന്നു അയ്യങ്കാളിയിലൂടെ കേരളം കണ്ടത്. നൂറ്റാണ്ടുകളായുള്ള സാമൂഹ്യ,സാംസ്കാരിക , സാമ്പത്തിക , ആത്മീയ പീഡനങ്ങള്‍ക്ക് ശേഷവും ഒരു ജനതയ്ക്ക് തലയുയര്‍ത്താനാവുമെന്ന് അന്ന് തെളിയിക്കപ്പെട്ടു.രക്ഷകന്മാരില്‍നിന്നും ഉദ്ധാരണക്കാരില്‍നിന്നും വ്യത്യസ്തമായി,താനുള്‍പ്പെടുന്ന സമൂഹത്തിന്‍റെ പൊള്ളുന്ന അവസ്ഥ അനുഭവിച്ചറിഞ്ഞ നേതാവായിരുന്നു അദ്ദേഹം.
അതിനെതിരെ നൈസര്‍ഗ്ഗികമായി അദ്ദേഹം പ്രതികരിച്ചത്, മുന്‍ സിദ്ധാന്തങ്ങളുടെയോ പ്രത്യയശാസ്ത്രത്തിന്‍റെയൊ ഒന്നും അടിസ്ഥാനത്തിലായിരുന്നില്ല . പിന്നീട് രൂപപ്പെട്ടുവന്ന പ്രത്യയശാസ്ത്രങ്ങള്‍ക്കെല്ലാം അദ്ദേഹത്തിന്‍റെ സമരതന്ത്രങ്ങളെ ശരിവക്കേണ്ടിവന്നുവെന്ന് ഇന്ന് നമുക്കറിയാമല്ലോ .ഒന്നു നെടുവീര്‍പ്പിടാനുള്ള ഇളവുപോലുമില്ലാതെ പണിയെടുക്കേണ്ടിവന്നിട്ടും, വിശപ്പടക്കാനുള്ളത് ലഭിക്കാതെ , ലോകത്തെ തീറ്റിപ്പോറ്റിയിട്ടും ഒരു പുഞ്ചിരിപോലും തിരികെ കിട്ടാതെ , ഭൂതവും ഭാവിയുമില്ലാതെ, വെറും വര്‍ത്തമാനത്തില്‍മാത്രം ഇഴയേണ്ടിവന്ന സ്വന്തം ജനതയുടെ അവസ്ഥ, സ്വതേ പ്രതികരണക്ഷമമായിരുന്ന അദ്ദേഹത്തിന്‍റെ മനസ്സിനെ അസ്വസ്ഥമാക്കിയത് സ്വാഭാവികം .
ഉറക്കമില്ലാതെ , സ്വയം ഉള്‍വലിഞ്ഞ് ചിന്തകളുടെ നിര്‍ദ്ദാക്ഷിണ്യവിചാരണകള്‍ക്കദ്ദേഹം വിധേയനായി. ഔപചാരികവിദ്യാഭ്യാസത്തിന്‍റെ പിന്തുണയില്ലാതിരുന്നിട്ടും , ഒന്ന് മനസ്സ്തുറക്കാന്‍ പോലും പറ്റിയ ആരുടെയും സാന്നിധ്യം സ്വസമുദായത്തിലില്ലാതിരുന്നിട്ടും , പോരാട്ടത്തിന്‍റെയൊരു പുതിയ പാത വെട്ടിത്തുറക്കാനും അധസ്ഥിത ജനതയുടെ അനിഷേധ്യനായ നേതാവായുയരാനും മഹാനായ അയ്യങ്കാളിയെ പ്രാപ്തനാക്കിയത് , കടന്നുപോന്ന കനല്‍വഴികളല്ലാതെ മറ്റെന്ത്? 1893-ല്‍ മുപ്പതാം വയസ്സിലാണ്, അദ്ദേഹം പൊതുവഴിയിലൂടെയുള്ള തന്‍റെ ചരിത്രം സൃഷ്ടിച്ച വില്ലുവണ്ടിയാത്ര നടത്തിയത് . വഴി പൊതുവഴിയായതിനാല്‍ , അതിലെ സഞ്ചരിക്കാന്‍ ആരെങ്കിലും അനുവദിക്കേണ്ടതുണ്ടോ? ഒരാളുടെയും തീട്ടൂരം കാക്കാതെ , തടയാന്‍ വരുന്നവരെ വെല്ലുവിളിച്ചുകൊണ്ട് ആ വില്ലുവണ്ടി കുതിച്ചുപാഞ്ഞു .
മേലാളര്‍ തങ്ങളുടെ മേധാവിത്വം പ്രകടമാക്കിയിരുന്ന ചില രീതികളുണ്ട്. തലേക്കെട്ടും കെട്ടി, രാജകീയമായ വില്ലുവണ്ടിയാത്രയായിരുന്നു അവയിലൊന്ന്. വില്ലുവണ്ടിയുണ്ടെങ്കില്‍ ഇതാര്‍ക്കും ചെയ്യവുന്നതെയുള്ളൂവെന്നാണ് അയ്യന്‍കാളി കാണിച്ചുകൊടുത്തത് . വൈക്കം ക്ഷേത്രത്തിനു മുന്നിലൂടെയുള്ള പൊതുവഴിയില്‍ക്കൂടി അവര്‍ണ്ണര്‍ക്ക് സഞ്ചരിക്കാനുള്ള അനുവാദം യാചിക്കാനായി ഗാന്ധി വന്നിട്ടും , അയ്യന്‍കാളി ആ ഭാഗത്തേക്ക് തിരിഞ്ഞുനോക്കാതിരുന്നത് , ഈ കാരണം കൊണ്ടുതന്നെയാണ്. അനുവാദം ചോദിക്കുമ്പോള്‍ , അനുവദിക്കാനുള്ള അധികാരം സവര്‍ണര്‍ക്കുണ്ടെന്നു അംഗീകരിക്കുകകൂടിയാണല്ലോ ചെയ്യുന്നത്.
വഴി പൊതുവഴിയായിരിക്കുന്നേടത്തോളം കാലം അതിലെ സഞ്ചരിക്കുന്നതിന് ഒരുത്തന്‍റെയും സമ്മതം വേണ്ടെന്നായിരുന്നു അയ്യങ്കാളിയുടെ ബോധ്യം.ആയിരം പ്രസംഗങ്ങള്‍ക്കും ലഘുലേഖകള്‍ക്കും കഴിയുന്നതിനേക്കാളൊക്കെ കരുത്തിലും വേഗത്തിലുമാണ്, ധീരമായ ഈ ഇടപെടലുകളുടെ ഊര്‍ജ്ജം സമുദായത്തില്‍ പടര്‍ന്നത്. ആറാലുംമൂട്ടിലും ബാലരാമപുരത്തും സഞ്ചാരസ്വാതന്ത്ര്യത്തിനായി തെരുവിലിറങ്ങിയത് അയ്യന്‍കാളി ഒറ്റക്കായിരുന്നില്ല. എന്നോ കൈമോശം വന്ന പോരാട്ടവീര്യം വീണ്ടെടുത്തതിന്‍റെ ലഹരിയുമായി യുവാക്കളുടെയൊരു സംഘം കൂടെയുണ്ടായിരുന്നു. അതെ, അയ്യങ്കാളിപ്പട തന്നെ. ‘പുലയരാജാവ്’ എന്ന് അയ്യന്‍കാളി വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.പക്ഷെ, ഒരു സംഘടനയെക്കുറിച്ചുള്ള ആലോചന, പുലയസംഘരൂപീകരണത്തിലേക്കല്ല അദ്ദേഹത്തെ നയിച്ചത് എന്നത് പ്രധാനമാണ്.
ഒരേ തരംപീഡനത്തിനിരയാകുന്നവര്‍ക്ക് പൊതുവായൊരു സംഘടന എന്നേ അദ്ദേഹം കരുതിയുള്ളൂ.ആ സാഹചര്യത്തില്‍ , അതല്ലേ ഏറ്റവും ഉചിതം?ഇനി പോരാട്ടത്തിന് അറിവിന്റെ ആയുധം കൂടി വേണം എന്നും അദ്ദേഹം മനസ്സിലാക്കി. പൊതുവിദ്യാഭ്യാസം എന്നൊരു സംഗതി അന്ന് നിലവിലില്ലായിരുന്നല്ലോ. ഒട്ടേറെ നിവേദനങ്ങള്‍ക്കുശേഷം 1910-ല്‍ അധ:സ്ഥിതര്‍ക്ക് വിദ്യാലയപ്രവേശനം അനുവദിക്കപ്പെട്ടെങ്കിലും , വരേണ്യരുടെ ശക്തമായ ഇടപെടല്‍മൂലം അത് നടന്നില്ല. മുഷ്ക്കിനെ മുഷ്ക്കുകൊണ്ട് നേരിടുകയല്ലാതെ അയ്യങ്കാളിക്ക് മാര്‍ഗമില്ലായിരുന്നു . സ്കൂള്‍ബഹിഷ്ക്കരണവും, കെട്ടിടം കത്തിക്കലും, ഗുണ്ടായിസവും അരങ്ങുതകര്‍ത്തു. ഒരു വിട്ടുവീഴ്ചക്കും അയ്യങ്കാളിയും സംഘവും തയ്യാറായില്ല. ‘ലഹള’ യായി സവര്‍ണചരിത്രം വിലയിരുത്തിയ അവകാശസമരത്തിന്‍റെ വേലിയേറ്റമായിരുന്നു തുടര്‍ന്നു നടന്നത്.
ഒരുവിധ സാമ്പത്തിക ആവശ്യങ്ങള്‍ക്കും വേണ്ടിയല്ലാതെ , സ്വന്തം കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസാവകാശത്തിനുമാത്രമായി നടന്ന ആ പോരാട്ടം കവര്‍ന്നെടുത്ത ജീവനുകളെത്ര! ഒടുവില്‍ പാടത്ത് ‘മുട്ടിപ്പുല്ല് കുരുപ്പി’ച്ചിട്ട് വേണ്ടിവന്നു ആ അവകാശം നേടാന്‍. അധ്വാനം അടിയറവു മാത്രമല്ല, ആജ്ഞാപിക്കലുമാകാമെന്നു അയ്യന്‍കാളി തിരിച്ചറിഞ്ഞത്, പുരോഗമനപ്രസ്ഥാനങ്ങളുടെ അരങ്ങേറ്റത്തിനെത്രയോ മുന്‍പാണ്! വറുതിയില്‍ വീണടിയുമായിരുന്ന പണിമുടക്ക്‌സമരത്തെ ,സഹായിച്ചത് വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളായിരുന്നല്ലോ. ‘കര്‍ഷക-തൊഴിലാളി ഐക്യം’ എന്ന പില്‍ക്കാലമുദ്രാവാക്യം അങ്ങനെ അന്ന് സാക്ഷാത്കരിച്ചു.എല്ലാം ശുഭമായി എന്നാശ്വസിച്ച് അടങ്ങുന്നതിനുപകരം, കുട്ടികളുമായി നിരന്തരം സ്കൂളുകള്‍ കയറിയിറങ്ങി പ്രവേശനം തരപ്പെടുത്തുകയായിരുന്നു അദ്ദേഹം ചെയ്തത്.ഉത്തരവിനെ അട്ടിമറിക്കാനുള്ള സവര്‍ണതന്ത്രങ്ങളെ പ്രതിരോധിക്കാനുള്ള നിതാന്ത ജാഗ്രത അദ്ദേഹത്തിനുണ്ടായിരുന്നു.
മതപരിവര്‍ത്തനം ഒരു സാധ്യതയായിരുന്നു.പക്ഷെ, അതൊരു ശാശ്വതപരിഹാരമല്ലെന്ന് അദ്ദേഹം മനസ്സിലാക്കി. കുട്ടികളെ തിരുവിതാംകൂറിനു വെളിയിലയച്ചു പഠിപ്പിക്കാനുള്ള ശ്രമത്തിനു സാമ്പത്തികപ്രയാസം വിലങ്ങുതടിയായി.രാജദ്രോഹത്തിനുശിക്ഷിക്കപ്പെട്ട് മദ്രാസിലായിരുന്ന സ്വദേശാഭിമാനി രാമകൃഷ്ണപ്പിള്ളയുടെ കാര്യം അദ്ദേഹത്തിനോര്‍മ വന്നു.തങ്ങള്‍ക്കു പൊതുവിദ്യാഭ്യാസാവസരം വേണമെന്ന ആവശ്യത്തെ ക്രൂരമായി എതിര്‍ക്കയും പരിഹസിക്കയും ചെയ്ത ആളായിരുന്നിട്ടും സമുദായത്തിന്‍റെ പൊതുവായ നേട്ടം മുന്നില്‍കണ്ട് സഹായാഭ്യര്‍ത്ഥന നടത്ത്തുന്നതിന് അയ്യന്‍കാളി രണ്ടാമതൊന്നാലോചിച്ചില്ല.
രാമകൃഷ്ണപിള്ള ആ കത്ത് ‘സ്വദേശാഭിമാനി’യില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു.അഞ്ചു ലക്ഷത്തിലേറെ ജനസംഖ്യയുണ്ടായിരുന്ന സാധുജനപരിപാലനസംഘത്തെ പ്രധിനിധീകരിക്കാന്‍ കരമന പി.കെ.ഗോവിന്ദപിള്ളയെ നിയമിച്ചത് 1911-ല്‍ ആണ്.തന്നിലര്‍പ്പിതമായ ചുമതല ഭംഗിയായിത്തന്നെ നിര്‍വഹിച്ച അദ്ദേഹമാണ് ‘പുലയര്‍ക്കൊരു പുലയപ്രതിനിധി’ എന്ന നിര്‍ദേശം വച്ച്, ദിവാനെക്കൊണ്ട് അംഗീകരിപ്പിച്ചത്.പുലയര്‍,പറയര്‍,കുറവര്‍ എന്നിവരെ പൊതുവേ പ്രതിനിധീകരിക്കുന്ന അധസ്ഥിതപ്രതിനിധിയായി അയ്യന്‍കാളി നിയോഗിക്കപ്പെട്ടു.അയ്യന്‍കാളി സ്വസമുദായത്തിന്‍റെ അവസ്ഥയും ആവശ്യങ്ങളുമുന്നയിച്ച് നടത്തിയ പ്രജാസഭാപ്രസംഗങ്ങളിലെ ആത്മാര്‍ത്ഥതയും കരുത്തും അതുല്യം തന്നെയാണ്.
ഇന്റര്‍നെറ്റുള്‍പ്പെടെയുള്ള വാര്‍ത്താമാധ്യമങ്ങളുപയോഗിക്കുന്ന ഇന്നത്തെ ജനപ്രതിനിധികളുടെ ഉപരിപ്ലവവാചോടാപങ്ങള്‍ കേള്‍ക്കുമ്പോള്‍, അക്കാലത്ത് അദ്ദേഹം നടത്തിയ വിവരശേഖരങ്ങള്‍ നമ്മെ അത്ഭുതപ്പെടുത്തും. സഭയിലെ എതിരാളികളായ സവര്‍ണമെമ്പര്‍മാര്‍ക്കുപോലും അംഗീകരിക്കേണ്ടിവരുംവിധം ശക്തവും വ്യക്തവുമായിരുന്നു അദ്ദേഹത്തിന്‍റെ അവതരണരീതി.അന്നദ്ദേഹം മുന്നോട്ടുവച്ച അടിസ്ഥാനാവശ്യങ്ങള്‍ക്കപ്പുറം അധികമൊന്നും ചേര്‍ക്കാനായി ഇന്നത്തെ അസംഖ്യം സംഘടനാനേതൃത്വങ്ങള്‍ക്കും കഴിയുന്നില്ല എന്നതും ചിന്താര്‍ഹമാണ്.ദളിതരുടെ കിടയറ്റ സംഘടനയായിരുന്ന സാധുജനപരിപാലനസംഘം എങ്ങനെയാണ് ക്രമേണ തളര്‍ന്നത്?
സവര്‍ണതയുടെ വെറിപിടിച്ച ആക്രമണത്തില്‍നിന്നും രക്ഷപ്പെടാനായി മതപരിവര്‍ത്തനമെന്ന എളുപ്പമാര്‍ഗം കൈക്കൊണ്ട് ഏറെ അണികളും കുറെ നേതാക്കളും വിട്ടുപോയത് ഒരു കാരണമാകാം. എന്നിട്ടും വീര്യം വിടാതെ പൊരുതിനിന്ന ആ സംഘടനയെ ചിതറിക്കാനുള്ള സ്ഥാപിതതാല്പര്യക്കാരുടെ ശ്രമം ഒടുവിലൊടുവിലായി വിജയം കണ്ടതുമാകാം കാരണം. 1929-ല്‍, നാട്ടിലങ്ങുമിങ്ങും രൂപം കൊണ്ടിരുന്ന പുലയസംഘടനകളുടെ ഏകീകരണംകൂടി നടന്നത് ചിത്രം പൂര്‍ത്തിയാക്കി.അതോടെ സംഘടനാപ്രവര്‍ത്തനരംഗത്തുനിന്നും അയ്യന്‍കാളി വിട്ടുനില്‍ക്കാനും ആരംഭിച്ചു. ഒരുപക്ഷെ , സാധുജനപരിപാലനസംഘം അതിന്‍റെ ചരിത്രപരമായ ധര്‍മം നിര്‍വഹിച്ചുകഴിഞ്ഞതോടെ സ്വയം അപ്രസക്തമായതുമാകാം.
തന്‍റെ ജനതയ്ക്ക് നിഷേധിക്കപ്പെട്ട പ്രാഥമികപൌരാവകാശങ്ങള്‍ക്ക് വേണ്ടി അയ്യങ്കാളിക്ക് നിരന്തര പോരാട്ടം നടത്തേണ്ടിവന്നത് ആരുമായിട്ടായിരുന്നു? അന്നത്തെ സാമൂഹ്യാവസ്ഥയുമായി എന്ന് പറഞ്ഞത്കൊണ്ടായില്ല.നായരും നമ്പൂതിരിയും ഉള്‍ക്കൊള്ളുന്ന ഹൈന്ദവ-സവര്‍ണതയായിരുന്നു അദ്ദേഹത്തിന്‍റെ പ്രഥമ എതിരാളി. പലപ്പോഴും ഈഴവര്‍പോലും ശത്രുനിരയിലുണ്ടായിട്ടുണ്ട്. ആ തീവ്ര സമരഘട്ടത്തിലൊന്നും അടിയേറ്റുവീഴുന്ന അയിത്തജാതിക്കാരെ സഹായിക്കാന്‍ ഒരു ഹൈന്ദവനേതാക്കളും എത്തിയിട്ടില്ല. ചില സ്വാമിമാരും സന്യാസികളുമൊക്കെ സുരക്ഷിത അകലത്തിലിരുന്ന്‍ ഉപദേശവും പ്രാര്‍ഥനയും നടത്തിയിട്ടുണ്ടാകാം.
ഇന്ന്, ഹിന്ദുമതത്തെ രക്ഷിക്കാന്‍ പിറന്ന ആചാര്യനായി അയ്യങ്കാളിയെ ചിത്രീകരിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. ‘വെടക്കാക്കി തനിക്കാക്കാ’നുള്ള ഈ സവര്‍ണതന്ത്രം മനസ്സിലാക്കാനുള്ള ആര്ജ്ജവമെങ്കിലും സമകാലിക ദളിത് സംഘടനകളി ല്‍നിന്നും കാലം പ്രതീക്ഷിക്കുന്നുണ്ട്.താനും തന്‍റെ സമൂഹവും അനുഭവിച്ച കഠിനപീഡനങ്ങളോട് ധീരവും തീവ്രവുമായി പ്രതികരിച്ച ഒരാളായിരുന്നു അയ്യന്‍കാളി. അദ്ദേഹത്തിന് ദൈവീകപരിവേഷം നല്‍കി തൊഴുതുനില്‍ക്കുകയല്ല ,അന്നത്തെ വെല്ലുവിളികളെ നേരിടാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളില്‍നിന്നും പാഠം പഠിച്ച്, ഇന്നത്തെ വെല്ലുവിളികളെ നേരിടാനവ പ്രയോജനപ്പെടുത്തുകയാണ് ദളിത് പ്രവര്‍ത്തകര്‍ക്ക് കരണീയമായിട്ടുള്ളത്.
നേതാക്കളുടെ ഫാന്‍സുകളായും ജാഥയുടെ കണ്ണികളായും മാത്രം ഒടുങ്ങാതെ, മുന്നില്‍ കാണുന്ന അനീതികളെ എതിര്‍ക്കാനുള്ള ഊര്‍ജ്ജം സംഭരിക്കാനാകണം അദ്ദേഹത്തിന്‍റെ സ്മരണ നമുക്ക് പ്രചോദനം നല്‍കേണ്ടത്. നയിക്കാന്‍ അദ്ദേഹം മുന്നിലുണ്ട് എന്ന് കരുതിക്കൊണ്ട് , ആവേശപൂര്‍വ്വം പൊരുതാനിറങ്ങുന്ന ദളിത് പടയാളികളെയാണ് കാലം കാത്തിരിക്കുന്നത്.അതെ,പുതിയൊരു അയ്യങ്കാളിപ്പടയെത്തന്നെ.…….
പി . സി . മോഹനന്‍ .