പ്രിയ ഡയോജനീസ്
കാലത്തിൻ പൊയ്മുഖങ്ങളിൽ
നിൻ മാന്ത്രിക
വാക്കുകളെനിക്ക് ഹ്യദ്യം
ഏഥൻസിലെ തെരുവുകളിലെന്നോ
മുഴങ്ങിയ നിൻ വാക്കുകൾ
വീണ്ടും പെയ്തിറങ്ങാൻ
കൊതിക്കും കാലമിന്ന്
വിവസ്ത്രനാം രാജാവും
പ്രജയുമൊരുപോലെന്ന്
മൊഴിയുവാൻ
ഭയമേറിയവർ
മനസ്സിന്റെ ഇരുട്ടിലേയ്ക്ക്
നാട്ടുച്ചക്ക് വിളക്ക് തെളിച്ച്
അന്ധകാരത്തിന്റെ
മൂടി തുറന്നതും
നായയോടൊത്ത് ശയിക്കിലും
മനുഷ്യമഹത്വം
ഇടിയില്ലന്ന്
തെളിയിച്ചതും
മനുഷ്യരെ വിളിച്ചപ്പോൾ
ഓടിയടുത്തവർ
ചാണകക്കൂനകളെന്ന്
പരിഹസിച്ചതും
സ്വാതന്ത്ര്യത്തിലേയ്ക്കുള്ള വഴി
ഭയമല്ലന്നറിയിച്ച്
ഉറക്കെചിരിച്ചതും
നീ മാത്രം പ്രിയനെ
ആർത്തിയിൽ ഗതിതെറ്റുമീ
കപട ലോകത്തിൽ
അന്ധനാം മനുജനിൽ
നിന്റെ ചിരി ചിതറുന്നു.
അഹന്തയും ശാസ്ത്രവും
വഴി തെറ്റിയ കാലത്തിലെല്ലാം
മിഴിയടച്ചവരിലേയ്ക്ക്
നിന്റെ വിളക്ക് തെളിയുന്നു..