ന്യൂയോർക്ക്: കേരള നിയമസഭയിൽ അഞ്ച് പതിറ്റാണ്ട് പൂർത്തിയാക്കിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ അമേരിക്കൻ മലയാളികളൂടെ സംഘടനയായ ഫൊക്കാന അനുമോദിക്കുകയും  ആശംസകൾ നേരുകയും ചെയ്തു. ഫൊക്കാനയുടെ  പല കൺവെൻഷനുകളിലും അദ്ദേഹം നിറസാനിധ്യം ആയിരുന്നു .  പുതുപള്ളിയെന്ന ഒരേ മണ്ഡലത്തിൽ നിന്ന് ഒരിക്കലും പരാജയമെന്തന്നറിയാതെ തെരഞ്ഞെടുക്കപ്പെട്ട ഉമ്മൻ ചാണ്ടി പാർലമെന്ററി ചരിത്രത്തിൽ തന്നെ അത്യപൂർവ്വ റിക്കോഡ് സ്ഥാപിച്ച വ്യക്തിത്വമാണ്.

1970 മുതൽ കേരള രാഷ്ട്രീയത്തിന്റെ മുഖ്യധാരയിൽ സജീവ സാന്നിധ്യമായി നിലകൊള്ളുന്ന ഉമ്മൻ ചാണ്ടി ജീവിതം തന്നെ പൊതുപ്രവർത്തനത്തിനായി സമർപ്പിച്ച രാഷ്ടീയ നേതാവാണ്. ജനങ്ങളുടെ പ്രശ്നങ്ങളിലേക്ക് യാതൊരു മുൻ വിധിയുമില്ലാതെ ഇറങ്ങി ചെല്ലാൻ എപ്പോഴും സന്നദ്ധനായ നേതാവായ ഉമ്മൻ ചാണ്ടിയുടെ കരുത്തു തന്നെ അദ്ദേഹത്തിന്റെ പൊതുജന സമ്മതിയാണ്.

ആൾക്കൂട്ടങ്ങളിൽ നിന്നാണ് അദ്ദേഹം തന്റെ പ്രവർത്തനോർജ്ജം ആവാഹിക്കുന്നതെന്ന് അനുകരിക്കാനാകാത്ത ആ രാഷ്ട്രീയ ശൈലി തന്നെ വ്യക്തമാക്കുന്നു. കേരളത്തിന്റെ സമകാലിക രാഷ്ട്രീയത്തിൽ ജനകീയതയുടെ പര്യായമായി എടുത്ത കാട്ടാൻ കഴിയുന്ന രാഷ്ട്രീയ നേതാവാണ് ഉമ്മൻ ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോൾ അവതരിപ്പിച്ച ജനസമ്പർക്ക പരിപാടി രാജ്യത്തിനു തന്നെ മാതൃകയും ലോകത്തിന് ആശ്ചര്യവുമായിരുന്നു. ഉമ്മൻ ചാണ്ടി നിത്യജീവിതത്തിൽ പുലർത്തി കാണുന്ന സഹഭാവ ദർശനത്തിന് മികച്ച ഉദാഹരണം കൂടിയായിരുന്നു ജനസമ്പർക്ക പരിപാടി. തുടർച്ചയായി ഇരുപതു മണിക്കൂറോളം ഒരു ഇടവേളയുമില്ലാതെ ജനകീയ പ്രശ്നങ്ങൾക്ക് അദ്ദേഹം ചെവി കൊടുക്കുന്നത് ജനസമ്പർക്ക വേദികളിൽ കേരളം സാക്ഷ്യം വഹിച്ചതാണ്.

 ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ബന്ധത്തിന് സമഭാവനയുടെ സ്നേഹോഷ്മളമായ നിർവചനം നൽകിയിട്ടുള്ള ഉമ്മൻ ചാണ്ടിക്ക് ആയുരാരോഗ്യവും ആയുസും നേരുന്നതായി  മാധവൻ .ബി . നായർ ആശംസ സന്ദേശത്തിൽ അറിയിച്ചു. പ്രവാസി മലയാളികളുടെ പ്രത്യേകിച്ച് അമേരിക്കയിലെ മലയാളി സമൂഹത്തിന്റെ ആവശ്യങ്ങളോട് ഒരു കുടുംബാംഗത്തെ പോലെയാണ് അദ്ദേഹം ഇടപെട്ടിരുന്നതും പരിഹാരങ്ങൾ സാധ്യമാക്കിയിട്ടുള്ളതെന്നും ഫൊക്കാന പ്രസിഡന്റ് മാധവൻ . ബി.നായർ , സെക്രട്ടറി
ടോമി കോക്കാട്ട് , ട്രഷർ  ഷീല ജോസഫ്  എന്നിവർ അനുസ്മരിച്ചു.

sreekumarbabu unnithan

By ivayana