പലതുള്ളികൾ ഒരുമിച്ച് നൂലുപോലെ മുഖത്തേക്ക്‌ പതിച്ചു. തണുപ്പ് ആരോ നുള്ളിയതു പോലെ മുഖമാകെ. അത് കഴുത്തിലൂടെയും നെഞ്ചത്തും പുറത്തും കൈകളിലും മറ്റുപലയിടങ്ങളിലും വ്യാപിച്ചു. തണുപ്പ് മരപ്പായി തല മുതൽ അടി വരെ കയറിയിറങ്ങി. കൈകൾ കൂട്ടിയോന്നു തിരുമ്മി ദേഹമാസകലം കൈയൊന്നോടിച്ചു. വെള്ളം എല്ലായിടത്തും എത്തിയപ്പോൾ കുത്തുന്ന തണുപ്പിനൊരാശ്വാസം. തണുപ്പിൽ നിന്നും ചൂടുണ്ടാവുകയാണെന്നു തോന്നി.

പുറത്ത് കോളിംഗ് ബെൽ ശബ്ദിക്കുന്നു. അതിന്റെ ടോൺ താഴേക്കു പതിക്കുന്ന വെള്ളത്തുള്ളികളുടെ ശബ്ദത്തോട് ലയിച്ചു. ആരോ വന്നിരിക്കുന്നു…!ഇത്രയും രാവിലെ തന്നെ തേടിവന്നവന് നൂറു ഗൂഢലക്ഷ്യങ്ങളുണ്ടാവണം ! ഏതെങ്കിലും സമ്മേളനം ഉത്‌ഘാടനം ചെയ്യിക്കുകയാവും ലക്ഷ്യം. അല്ലെങ്കിൽ ഒരു സാഹിത്യസദസ്സിന്റെ അധ്യക്ഷപദവി കൈയ്യാള്ണം. അതുമല്ലെങ്കിൽ, ഒന്ന് വരൂ, എന്നെ അവിടെയൊന്നു പരിചയപ്പെടുത്തണം.

വീണ്ടും കോളിംഗ്ബെൽ ശബ്ദിക്കുന്നു. ആരാവും?. കുളിക്കുകയാണെന്നു വിളിച്ചു പറയണമെന്നുതോന്നി. ചിലപ്പോൾ, വിളിച്ചുപറഞ്ഞാലും, പുറത്തുനിൽക്കുന്നയാ-ൾ കേട്ടില്ലെന്നു വരും. മുൻ വാതിലും അടച്ചിരിക്കുകയാണ്. ഇനി അയാൾ കോളിംഗ്ബെൽ വലിച്ചുപറിക്കുന്നതിന് മുൻപ് കുളിമുറിയിൽ നിന്നിറങ്ങുവാനായി ഝടുതിയിൽ തോർത്തെടുത്തു തലയിലൂടൊന്നോടിച്ചു. പുറത്തെ കാണാത്ത വെള്ളത്തുള്ളിയുടെ മീതെ തോർത്തുവിരിച്ചു. കൈലി വാരിയുടുത്തിറങ്ങി. വാതിൽ തുറന്നു. സതീഷ് ആണ് !.അദ്ദേഹം ഇവിടുത്തെ സബ്ഇൻസ്പെക്ടറാണ്. മിടുക്കനാണ്.

പാവങ്ങളോടും പരിതാപമുള്ളവനുമാണ്. എങ്കിലും, പഴയ ഗാന്ധീയനായി കുറെ വസ്തുക്കളും കുത്തിനിറച്ചു കക്ഷത്തിൽ കറുത്തബാഗുമായി കയറിവരുന്ന രാഷ്ട്രീയക്കാരനെ പരമപുച്ഛവുമാണ്. ഞങ്ങൾ ഏതോ യാത്രക്കിടയിൽ വളരെ യാദൃച്ഛികമായാണ് പരിചയപ്പെട്ടത്. ഇവിടുത്തെ സബ്ഇൻസ്പെക്ടറാണെന്നറിഞ്ഞപ്പോൾ അറിയാതെ എന്നിലൊരു ബഹുമാനം നിറഞ്ഞു. ഞാൻ സാധാരണ, സാധാരണക്കാരിൽ, സാധാരണക്കാരനെപ്പോലെയാണ് വസ്ത്രം ധരിക്കാറ്. അങ്ങനെയുള്ള എന്നെ കയറി പരിചയപ്പെട്ട് ആ യാത്രയുടെ അന്ത്യം വരെ ഒരു സുഹൃത്തിനെ പോലെയുള്ള പെരുമാറ്റം. അതൊന്നുമാത്രമാണ്, ഞാനയാളെ ബഹുമാനിക്കുവാൻ കാരണമായത്.

അയാൾ അകത്തേക്ക്‌കടന്നിരുന്നു. ഏതെങ്കിലും സായാഹ്നങ്ങളിൽ ഞങ്ങൾ ഒത്തുകൂടാറുണ്ട്. പക്ഷെ ഒരു പ്രഭാതത്തിൽ ആദ്യമായിട്ടായിരുന്നു സതീഷ് വന്നത്!.അതെന്നിൽ ആശ്ചര്യമുളവാക്കി !. എന്താ ഇത്ര രാവിലെ !.എന്റെ ചോദ്യം അയാളിലൊരു പുഞ്ചിരി നിറച്ചു. ഇന്നുപോകണ്ടേ !.എന്റെ രണ്ടാമത്തെ ചോദ്യം കേട്ട് ചിരിയോടെ രണ്ടക്ഷരം പുറത്തുവന്നു. വേണം. അയാൾ സെറ്റിയിൽ ചാരിയിരുന്നു.

നിന്നോടൊരു കഥപറയണമെന്ന് ഇന്നലെ മുതൽ ഞാൻ ചിന്തിക്കുന്നു. നടന്ന കഥ. പക്ഷെ, എങ്ങനെയാ ഞാനതു പറയേണ്ടത്.?. നിന്നെപ്പോലെ ഞാനൊരു കഥാകാരനല്ലല്ലോ. ഞാനിപ്പോൾ വരാം. എന്നുപറഞ്ഞു ഞാൻ അയാളെ ഒറ്റക്കിരുത്തി അകത്തേക്കുപോയി. ഡ്രെസ് ചേഞ്ച്‌ ചെയ്യുമ്പോഴും ഞങ്ങൾക്കായി ചായ ഒരുക്കുമ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു. എന്താണ് അയാളുടെ ആ കഥ. ഏതെങ്കിലും മർഡർ കേസായിരിക്കാം. ഏതെങ്കിലും മോഷണശ്രമവുമായിരിക്കാം.

ചായയുമായി ഞാൻ അയാളുടെ മുൻപിൽ ചെല്ലുമ്പോൾ അയാൾ പത്രത്താളുകളിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു. പത്രത്തിലുള്ളത് ഒന്നുപോലും വിടാതെ വാരിവലിച്ചു തിന്നുകയാവണം. ചായ ടീപ്പോയിൽ വയ്ക്കുമ്പോൾ അയാൾ പേപ്പർ മടക്കി മടിയിൽ വച്ചു. ചായയെടുത്തു. ഒന്ന് മൊത്തി. കാല് കാലിന്മേൽ കയറ്റിവച്ചു. പിന്നെ ഒരാമുഖം പോലെ പറഞ്ഞു. കഴിഞ്ഞദിവസം ഞാനൊരാളെ അറസ്റ്റുചെയ്തു. തൊണ്ടക്കുരലിൽ നിന്നു പുറത്തുവന്ന ആ ശബ്ദം വളരെ പതുക്കനെയായിരുന്നു. ഞാൻ ചിരിച്ചുപോയി. കഥപറയാനുള്ള ഒരു പോലീസുകാരന്റെ വ്യഗ്രതയാവണം എന്നെ ചിരിപ്പിച്ചത്.

വളരെ ലാഘവത്തോടെ ഞാൻ ചോദിച്ചു. അത് നിന്റെ തൊഴിലല്ലേ? പിന്നെ ഒന്ന് കളിയാക്കുന്നതുപോലെ പറഞ്ഞു. അറസ്റുചെയ്യുക. മുകളിൽ നിന്ന് സമ്മർദം വരുമ്പോൾ ഒരു ജാമ്യവുമില്ലാതെ ഇറക്കിവിടുക. അത് നിന്റെ ഡ്യൂട്ടിയാണ്. ഇന്ത്യയിലെ ഏതൊരു പോലീസുകാരന്റെയും ഡ്യൂട്ടി. അതു നീ ചെയ്തേപറ്റൂ. അതിലെന്താണ് ഇത്ര വിശേഷമുള്ളത് !. അയാളുടെ മുഖം കൂടുതൽ ഗൗരവപൂർണമായി. അയാൾ കാലിന്മേൽ കയറ്റിവച്ചിരുന്ന കാൽ താഴ്ത്തിവച്ചു. ഒരുവശം ചരിഞ്ഞിരുന്നു. ഇപ്പോൾ എനിക്കൊരുകാര്യം തികച്ചും ബോധ്യമായി.

ഏതോ കുറ്റാന്വേഷണ കഥയാവണം. അയാളുടെ കണ്ണുകളിലെ സൂക്ഷ്മത അതുവ്യക്തമാക്കുന്നു. അതിലാണ് വിശേഷമുള്ളത്. ദീർഘമായ സംഭാഷണത്തിന്റെ ഒരുക്കമെന്നപോലെ അയാൾ തുടങ്ങി. ആദ്യം എനിക്ക് തോന്നിയത് അയാൾ ഭ്രാന്തനെന്നുതന്നെയാണ്. ടൗൺപട്രോളിംഗിനായി പോകുമ്പോഴായിരുന്നു കണ്ടത്. അയാൾ ഒരു മതപ്രാസംഗികൻ ദൈവത്തോട് യാചിക്കുന്നതുപോലെ കൈകൾ മാനത്തേക്കുയർത്തി അനന്തതയിൽ പരന്നുകിടക്കുന്ന ജനക്കൂട്ടത്തിനോടെന്നപോലെ തന്റെ തത്വസംഹിതകൾ വിളമ്പുന്നു. ജനം നിറഞ്ഞിരിക്കുന്നുവെന്നത് അയാളുടെ തോന്നൽ മാത്രമായിരുന്നു. ബസ്‌സ്റ്റോപ്പിലുള്ള ജനങ്ങളും കടത്തിണ്ണകളിൽ നിൽക്കുന്ന ജനങ്ങങ്ങളും ചിരിക്കുന്നുവെന്നുമാത്രം. ചിലപ്പോഴുള്ള അയാളുടെ ഭാവചലനങ്ങൾ തനി രാഷ്ട്രീയക്കാരന്റേതാണ്.

എന്തോ വിലപ്പെട്ട പ്രസംഗം നടത്തുന്നതുപോലെയാണ്. തന്റെ എതിരാളിയുടെ പാകപ്പിഴകൾ വിളമ്പുന്നതുപോലെയാണ്. കൈകൾ ആകാശത്തേക്ക് മുഷ്ടിചുരുട്ടിയെറിഞ്ഞു മുദ്രാവാക്യം വിളിക്കുന്നതുപോലെയാണ്. ഞാനതുകണ്ടു കുറച്ചുനേരം നോക്കിനിന്നു. അയാളുടെ ചില പ്രസ്താവനകൾ എന്നെ വല്ലാതെ ആകർഷിച്ചു. അയാൾ പറയുകയാണ്, – ഞാൻ മാവോയാണ്. വിശക്കുന്ന മനുഷ്യർക്കുവേണ്ടി പോരാടിയ മഹാൻ. നിങ്ങൾ ഓർക്കുന്നില്ലേ.. ! എന്റെ ഈ നരച്ചു തുടങ്ങുന്ന താടിയിൽ മാവോയുടെ സ്വപ്നമുറങ്ങുന്നു. അയാൾ താടിയിൽ തടവിക്കൊണ്ട് ഒരു സംന്യാസിയുടേതുപോലെ കൂർമദൃഷ്ടിയോടെ, എപ്പോഴും ചിന്തിക്കുന്ന ഒരു വിപ്ലവകാരിയുടെ ഭാവത്തിൽ തുടർന്നു. –ഈ വെളുത്ത മുടികളുടെയിടയിൽ കുരുത്തുവരുന്ന കരുത്ത കറുത്ത മുടികൾ എന്റെ മനോഹരമായ സ്വപ്‌നങ്ങൾ കറുത്ത ചാക്കിൽ കെട്ടി ആഴിയിൽ താഴ്ത്തിയ വികല ബുദ്ധിയുള്ള മനുഷ്യരാണ്.

അയാൾ ചുറ്റുമൊന്നു തല ചെരിച്ചു. എന്നിട്ട് തന്റെ അണികളോടെന്നവണ്ണം പറഞ്ഞു. –ഞാൻ ആയിരങ്ങളുടെ ഹർഷാരവം കേൾക്കുന്നു. വിപ്ലവം ജയിക്കട്ടെ ! മാവോ ജയിക്കട്ടെ !നിങ്ങൾ കേൾക്കുന്നില്ലേ? നിങ്ങളും കേൾക്കുന്നുണ്ടാകും. എനിക്കറിയാം. മാർക്സ് റഷ്യയിൽ കമ്മ്യൂണിസം നടപ്പിലാക്കാൻ മറ്റുപലരെയും വെടിവച്ചുകൊന്നപ്പോൾ ചൈനയിൽ പാവങ്ങളുടെ കണ്ണീരൊപ്പിയത് മാവോയാണ്. ആ മാവോയാണ് ഞാൻ. കടത്തിണ്ണകളിൽ നിന്നിരുന്ന ജനങ്ങൾ കുലുങ്ങി കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു. അയാൾ പ്രസംഗത്തിനിടയിൽ എന്നെ കണ്ടു. ഞാൻ ജീപ്പിൽ ചാരി നിൽക്കുകയായിരുന്നു. ഒരുത്തൻ വട്ടുപറഞ്ഞാൽ അവനെ കൂടുതൽ വട്ടനാക്കാനാണല്ലോ ജനത്തിന് ഹരം. കൂടുതൽ ജനം അയാളെ പൊതിഞ്ഞു. ഗതാഗതം സ്തംഭിക്കുമെന്നെനിക്കുതോന്നി. ഞാൻ അയാളുടെ അടുത്തേക്ക് നടന്നു. അതും അയാൾ കണ്ടു.

അപ്പോൾ അയാൾ കൂടുതൽ ഉച്ചത്തിൽ മുദ്രാവാക്യം വിളിച്ചു. — വിപ്ലവം ജയിക്കട്ടെ ! കൈകളുയർത്തി ജനങ്ങളോടായി വിപ്ലവക്കലിമുഴക്കി ആഹ്വാനത്തോടെ വിളിച്ചുപറഞ്ഞു. — വിപ്ലവം ജയിക്കട്ടെ.!എവിടെയും കരിങ്കാലികളുണ്ട്. ഇതാ എന്നെ അറസ്‌റ്റുചെയ്യുവാനായി പട്ടാളം വന്നിരിക്കുന്നു. എന്നെ ആരോ ഒറ്റിക്കൊടുത്തിരിക്കുന്നു. ഞാൻ ഒരിക്കലും തളരില്ല. നിങ്ങളും ഒരിക്കലും തളരാതെയിരിക്കൂ. ഞാൻ നിങ്ങൾക്കുള്ളവനാണ്. ഞാൻ വീണ്ടും വരും. ജനങ്ങക്കിടയിലൂടെ ഞാൻ അയാൾക്ക്‌ മുമ്പിലെത്തി. അയാൾ പ്രസംഗം നിറുത്തി എന്റെയടുത്തേക്കുവന്നു. എന്നിട്ട് പറഞ്ഞു. _ എന്നെ നിങ്ങൾക്ക് അറസ്റ്റുചെയ്യാം. ഇവർ, ഈ, പാവപ്പെട്ട ജനങ്ങൾ നിസ്സഹായരാണ്. അവരെ വെറുതെ വിടണം. പിന്നെ അയാൾ നടന്നു. ജീപ്പിനെ ലക്ഷ്യം വച്ച്. പുറകെ ഞാനും. പറയാതെ തന്നെ അയാൾ ജീപ്പിലേക്കു കടന്നിരുന്നു. ഒന്നും മിണ്ടാതെ താടിക്കു കൈയും കൊടുത്ത് എന്തോ ചിന്തിക്കുന്നതുപോലിരുന്നു. ഞാൻ ജീപ്പിലേക്ക് ചെന്നുകയറുമ്പോൾ വെറുതെയൊന്നു തിരിഞ്ഞുനോക്കി. അയാളുടെ കണ്ണുകൾ അടഞ്ഞിരിക്കുന്നു. ഒരു കൈകൊണ്ട് തലമുടിയിലൂടെ കൈയൊടിക്കുന്നു.

ഒരു കൈകൊണ്ട് അയാളുടെ മീശരോമങ്ങളിൽ പിടിച്ചു വലിക്കുന്നു. ഏതോ ഗൂഢമായ ചിന്തയിലെന്നപോലെ. ടൗണിലൂടെ ജീപ്പിൽ പോകുമ്പോൾ ഒഴിഞ്ഞ കടത്തിണ്ണയിൽ നിരന്നിരിക്കുന്ന ഭിക്ഷക്കാരെ അയാൾ കണ്ടു. എന്റെ തോളത്തൊന്നയാൾ തൊട്ടു. എന്നിട്ട് കെഞ്ചുന്നതുപോലെ പറഞ്ഞു. — ഒന്നു നിറുത്തൂ. എന്നെ ഇവിടെയിറക്കണം. അവർ എന്റെ കുഞ്ഞാടുകളാണ്. അവരെ ഞാനൊന്നാശ്വസിപ്പിക്കട്ടെ. ഞാൻ അയാൾ ചോദിച്ചത് കേൾക്കാത്തതുപോലെ ഇരുന്നു. പോലീസ്‌സ്റ്റേഷൻ എത്തുന്നതുവരെ പിന്നെ അയാൾ ഒന്നും പറഞ്ഞതുമില്ല, ചോദിച്ചതുമില്ല. പോലീസ്‌സ്റ്റേഷനിൽ ചെന്നിറങ്ങുമ്പോൾ കണ്ടത്, അയാൾ ജീപ്പിന്റെ മേലേത്തട്ടിലെ കമ്പിയിൽ പിടിച്ചു താളം കൊടുത്തുകൊണ്ടിരിക്കുന്നതാണ് . അയാൾ ചോദ്യരൂപേണ എന്നെ നോക്കി. എന്നിട്ട് ജീപ്പിൽ നിന്നുമിറങ്ങി ജീപ്പിലേക്കു ചാരിനിന്ന് സ്റ്റേഷൻ മുഴുവനുമായി ഒന്നുനോക്കി.

ചെറുചിരിയോടെ പറഞ്ഞു. —കൊള്ളാം. നന്നായിരിക്കുന്നു. ഇതാവും അല്ലേ എന്റെ കൊട്ടാരം. ! എനിക്ക് അനേകം കാവൽക്കാരുണ്ടാവും അല്ലേ ! അവർക്ക് ആ പഴയ 303 റൈഫിൾ കൊടുത്താൽ പോരാ, സ്റ്റേൺഗൺ ആവും കൂടുതൽ നന്ന്. എത്ര ബ്ലാക്ക് ക്യാറ്റ്‌സ് ഉണ്ടാകും?. പക്ഷെ അവരുടെ കണ്ണുകൾ കൂടുതൽ സൂക്ഷ്മദൃഷ്ടിയുള്ളതായിരിക്കണം. ഇല്ലെങ്കിൽ നമ്മുടെ നേതാക്കന്മാർ മരണപ്പെട്ടതുപോലെയെല്ലാം സംഭവിക്കാം. എന്റെ മരണമല്ല പ്രശ്നം, നമ്മൾ നമ്മുടെ നേതാക്കളെ കാത്തുരക്ഷിക്കുന്ന കാര്യത്തിൽ പോലും കഴിവുകെട്ടവരാണെന്ന് മൂന്നാം ലോകം അറിയില്ലേ !! ശുദ്ധഭോഷ്ക് !.പക്ഷെ എനിക്കിതൊന്നും ഇഷ്ടമല്ല. കാരണം മഹാത്മാഗാന്ധി താമസിച്ചിരുന്നത് കുടിലിലാണ്.

ഭാരതഭൂമിയെ ബ്രിട്ടീഷുകാരുടെ കൈയിൽനിന്നും മോചിപ്പിച്ചപ്പോഴും ജീവിക്കാൻ ആഗ്രഹിച്ചതും കുടിലിലാണ്. കൂടെ നിന്നവർ ഭാരതഭൂമിയെ , സ്വന്തം പറമ്പായും തലമുറകളോളം ജീവിച്ചനുഭവിച്ചുപോന്നതും വേറെ കഥ. എനിക്ക് കുടിലാണിഷ്ടം. എനിക്കയാളുടെ സംസാരം, മാനസിക വികാരവും നന്നായി ബോധിച്ചു. എന്നോട് ചേർന്നുനിന്ന് വളരെ പതിഞ്ഞ സ്വരത്തിൽ അയാൾ പറഞ്ഞു. –ഞാനൊരു സത്യം പറയട്ടെ. ഇപ്പോഴത്തെ രാഷ്ട്രീയക്കാർക്കെല്ലാം രാഷ്ട്രീയം ബിസിനസ്സാണ്. മാർക്സിന്റേയും മാവോയുടെയും മഹാത്‌മാഗാന്ധിയുടെയും അനുയായികൾ പോലും നല്ല ബിസ്സിനസ്സുകാരാണ്. അവർ രാഷ്ട്രീയം വിൽക്കുന്നു, രാഷ്ട്രീയം വാങ്ങുന്നു.

അവർക്ക് മറ്റുമനുഷ്യരെ പോലെ മറ്റേതൊരു പണിയിലേർപ്പെടുന്നതും മാനക്കേടാണ്. ഞാൻ പറഞ്ഞെന്നേയുള്ളൂ. അയാൾ എന്നോടൊപ്പം സ്വാതന്ത്ര്യത്തോടെ സംസാരിച്ചുകൊണ്ട് സ്റ്റേഷനിലേക്ക് കയറിയപ്പോൾ മറ്റുള്ളപോലീസുകാർ ചിരിച്ചു. ഞാനയാളോട് വരാന്തയിലുള്ള ബെഞ്ചിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. അയാൾ എന്നെയൊന്നുനോക്കി. പിന്നെ ബെഞ്ച് ഒരരുകിലേക്ക് മാറ്റിയിട്ടു. വരാന്തയുടെ നടുഭാഗത്തെ പൊടി തട്ടിക്കളഞ്ഞു. എന്നിട്ട് അവിടെയിരുന്നു. പിന്നെ അയാൾ സ്വയമെന്നപോലെ പറഞ്ഞു. –ഞാൻ ഇവിടിരിക്കാം. മഹാത്‌മാഗാന്ധിപോലും ഇരുന്നത് നിലത്താണ്. എല്ലാപോലീസുകാരെയും ഒന്നു ചുറ്റിനോക്കിക്കൊണ്ടയാൾ പ്രഖ്യാപിച്ചു. –അറിയില്ലേ ഞാൻ മഹാത്‌മാഗാന്ധിയാണ്. അപ്പോൾ അയാളിലുണ്ടായ ഭാവമാറ്റം എന്നിൽ ചിരിയാണുയർത്തിയത്. പെട്ടെന്ന് ഞാൻ സംയമനം പാലിച്ചു. അയാൾ തുടരുകയാണ്. —അല്ലേ നിങ്ങൾക്ക് തോന്നുന്നില്ലേ?.

എനിക്കുശേഷം ഇവിടെ ജനിച്ച മറ്റു ഗാന്ധിമാർ എന്റെ പേരുപോലും നശിപ്പിച്ചു. ഇത് പറയുന്നതിൽ ദുഖമുണ്ട്. ഞാൻ വളരെ ബുദ്ധിമുട്ടി പാടുപെട്ട് എത്ര ഉപവാസങ്ങൾ നടത്തിയാണ് ഭാരതഭൂമിയെ ബ്രിട്ടീഷുകാരുടെ കയ്യിൽനിന്നും മോചിപ്പിച്ചു കൊടുത്തത്. ! പക്ഷെ…. തുടർന്നുപറയാൻ കഴിയാതെ അയാൾ തല ഇടതുകൈയിൽ താങ്ങി വിതുമ്പിക്കരഞ്ഞു.ഞാൻ എന്റെ മുറിയിലേക്ക് കയറി പോയി. കുറച്ചുകഴിഞ്ഞു അടിച്ചുകാരി തള്ളയോട് അയാൾക്കൊരു ചായ വാങ്ങിച്ചു കൊടുക്കുവാൻ പറഞ്ഞു. എന്തോ എനിക്കയാളോടൊരു ഭ്രമം തന്നെ തോന്നി തുടങ്ങിയിരുന്നു. കുറേക്കഴിഞ്ഞപ്പോൾ, ‘ചായകുടിക്കെടാ ‘എന്ന ഒരു പോലീസുകാരന്റെ പുലമ്പൽ ഞാൻ കേട്ടു. പിന്നെ കുറേ കഴിഞ്ഞ്, മറ്റൊരു പോലീസുകാരന്റെ അമറൽ കേട്ടു. ‘നീ എന്തു ഭ്രാന്താ ഈ കാണിക്കുന്നത്. എണീറ്റിരിയെടാ.’എന്റെ ക്ഷമ നശിച്ചു. ഞാൻ എഴുന്നേറ്റ് പുറത്തേക്ക് ചെന്നു. ചായ നിലത്തിരിക്കുന്നു. അയാൾ നീണ്ട് അനന്തശയനത്തിലാണ്.. ഞാൻ കുറച്ചുനേരം അതുനോക്കി നിന്നു. പിന്നെ ബെഞ്ചിൽ പോയിരുന്ന് അയാളെ തൊട്ടുവിളിച്ചു. — എഴുന്നേൽക്കൂ. അയാൾ കണ്ണുതുറന്നു. ഞാൻ എഴുന്നേൽക്കാൻ ആംഗ്യം കാണിച്ചു. അയാൾ ഒന്നുംമിണ്ടാതെ വീണ്ടും കണ്ണടച്ചുകിടന്നു. അതെനിക്ക് താങ്ങാനായില്ല, അവഗണിച്ചതുപോലെ.

എന്നിലെ പോലീസുകാരനുണർന്നു. ഞാൻ അയാളുടെ ഷിർട്ടിന്റെ കോളറിൽ പിടിച്ചു വലിച്ചെഴുന്നേല്പിച്ചു. പിന്നെ,ഗൗരവം വിടാതെ സംയമനത്തോടെ പറഞ്ഞു. –ഇത് പോലീസ് സ്റ്റേഷനാണ്. നിങ്ങൾ ആ ബെഞ്ചിലിരിക്കണം. എന്റെ ഗൗരവം കണ്ടാവണം, അയാളെന്നെ തുറിച്ചുനോക്കി. കണ്ണുകൾ ഇടുമ്പിച്ചു. മുഖം വലിഞ്ഞുമുറുകി. ക്രോധത്തോടെ പറഞ്ഞു. —നിങ്ങളും കരിങ്കാലിയാണ്. ! നിങ്ങൾ മഹാത്‌മാഗാന്ധിയെ വെടിവെക്കുവാൻ കൂട്ടുനിന്നവനല്ലേ. അമ്മേ എന്നുപറഞ്ഞു പുറകേ നടന്നിട്ട് ഒരു ഗാന്ധിയെ വെടിവച്ചുകൊന്നവനല്ലേ. എനിക്കറിയാം നിങ്ങളും കരിങ്കാലിയാണ്. അയാൾ വെട്ടിത്തിരിഞ്ഞു. ബെഞ്ചിൽ പോയി ഇരുന്നു. നിലത്തിരുന്ന ചായ ഞാൻ തന്നെ അയാൾക്കെടുത്തുകൊടുത്തു.

അയാൾ അതുവാങ്ങി ഒറ്റ വലിക്കുകുടിച്ചു തീർത്തു. ഗ്ലാസ്‌ മാറ്റിവച്ചു. അയാളെ സെല്ലിലേക്ക് മാറ്റി. സെല്ലിനകത്തേക്കു കയറിയ അയാൾ വീണ്ടും പറഞ്ഞു തുടങ്ങി. —നന്നായി. ശ്രീകൃഷ്ണൻ ജനിച്ചതിവിടെയാണ്. ധർമസ്ഥാപനത്തിനായി എട്ടാമത്തെ അവതാരം. ആ കഥ നിങ്ങൾ കേട്ടിട്ടുണ്ടോ? കേട്ടുകാണാൻ തരമില്ല. കാരണം നിങ്ങൾ ചെറുപ്പക്കാരൻ. അതെല്ലാം പഴങ്കഥകൾ. എങ്കിൽ ഞാൻ പറയാം. ഞാനാണ് ശ്രീകൃഷ്ണൻ. അയാൾ എന്നെ തുറിച്ചുനോക്കിക്കൊണ്ട് കൈ ചൂണ്ടി പറഞ്ഞു… —എന്റെ ഏഴു സഹോദരരെ കുരുതികൊടുക്കുവാൻ നിങ്ങളും കൂട്ടുനിന്നില്ലേ? നിങ്ങൾ നിരപരാധിയാണെന്ന് എനിക്കറിയാം. എവിടെയാണ് കംസൻ? എന്റെ അമ്മാവൻ, നിങ്ങൾ പറയില്ല. അതും എനിക്കറിയാം. കാരണം നിങ്ങൾ കിങ്കരൻ മാത്രമാണ്.

ഇനിയും അയാളോടൊത്തു അവിടെ നിൽക്കുന്നത് പന്തിയല്ലെന്നെനിക്കു തോന്നി. പുറത്തിറങ്ങി സെൽ പൂട്ടി. രാവിലെ ചെന്ന് സെൽ തുറക്കുമ്പോൾ അയാൾ ധ്യാനത്തിലായിരുന്നു. ഞാൻ സെല്ലിന് പുറത്തുനിന്നും വിളിച്ചു. അയാൾ കേട്ടില്ലെന്നു തോന്നി. താഴെടുത്തു മുട്ടി വിളിച്ചപ്പോൾ അയാൾ കണ്ണുതുറന്നു. പുഞ്ചിരിക്കുന്ന മുഖവുമായി അയാളെന്നെ കൈകളുയർത്തി അനുഗ്രഹിച്ചു. പിന്നെ സാവധാനം എഴുന്നേറ്റുപുറത്തു വന്നു. ‘ഏകാഗ്രമായിരിക്കാൻ ഏറ്റവും പറ്റിയ സ്ഥലം. ‘.അയാൾ പിറുപിറുത്തു. അയാൾ എന്റെ മുന്നിൽ ഏറെ നേരം മൗനിയായി.. ‘പൊയ്ക്കൊള്ളൂ ‘എന്ന എന്റെ മുരളലിൽ അയാൾ എന്റെ മുഖത്തേക്ക് തലയുയർത്തി നോക്കി. പിന്നെ ഒതുക്കുകളിറങ്ങി പതിയെ നടന്നു പോയി. ഇന്നലെ മുഴുവൻ വാചാലമായിരുന്ന അയാളുടെ ചുണ്ടുകളും കണ്ണുകളും വളരെ ശാന്തമായിരിക്കുന്നതു കണ്ടു. പിന്നെ ഞാനയാളെ ഈ പട്ടണത്തിൽ മുഴുവൻ അരിച്ചുപെറുക്കി. എവിടെയും അയാളില്ല. സതീഷിന്റെ കഥ കേട്ട ഞാൻ വളരെയേറെ നേരം ശാന്തനായി ഇരുന്നു. പിന്നെ പതിയെ പറഞ്ഞു. തുടുത്ത പ്രഭാതത്തിനായി കാത്തിരുന്ന യാരോ ഒരാൾ.

ബിനു. ആർ.

By ivayana