സാമൂഹ്യമാധ്യമങ്ങളുടെ പ്രചാരം വളരെ കൂടുതലുള്ള ഇക്കാലത്ത് നമ്മിൽ പലരും വിവിധ സാമൂഹ്യമാധ്യമഗ്രൂപ്പുകളിലെ അംഗങ്ങളായിരിക്കും. ഇന്നലെ ഒരു ഗ്രൂപ്പിൽ ഒരാൾ, ഒരു മതത്തോട് ബന്ധപ്പെട്ട ഒരു പോസ്റ്റിട്ടു. ഇതു ആക്ഷേപഹാസ്യമായ ഒന്നാണെന്ന് ഏതാനും പേർ അഭിപ്രായപ്പെട്ടു. ഈ പോസ്റ്റിന്റെ പേരിൽ വളരെയേറെ വൈകാരികമായ ഏറ്റുമുട്ടലുകൾ ഞാൻ വായിച്ചു. ഒരാൾ പറയുന്നു: “താങ്കൾ എന്റെ മതവികാരത്തെ വ്രണപ്പെടുത്തി”. തുടർന്ന് ഗ്രൂപ്പിലുള്ളവർ രണ്ടു ചേരികളായിതിരിഞ്ഞ് അഭിപ്രായങ്ങൾ കൈമാറി.
സാമൂഹ്യജീവിതത്തിൽ മതവും രാഷ്ട്രീയവും തികച്ചും വൈകാരികത നിറഞ്ഞ രണ്ടു മണ്ഡലങ്ങളാണ്. ഇവിടെ നമ്മൾ മനസ്സിലാക്കേണ്ട ഒരു യാഥാർത്ഥ്യമുണ്ട്. വികാരം എപ്പോഴും മനുഷ്യമനസ്സിൽ ഉണ്ടാകുന്നതും വിഘടനം സൃഷ്ടിക്കാൻ പരിയാപ്തവുമായ മാനസികഭാവമാണ്. വികാരം മനുഷ്യമനസ്സിന്റെ സൃഷ്ടിയാണ്, മനസ്സിൽ മാത്രം നിലനിൽക്കുന്നുവെന്നു പറയുന്നതിൽ തെറ്റില്ല. ശാസ്ത്രീയതകുതുകികൾക്കു വേണ്ടി അല്പം കൂടി പറയാം. ആധുനിക സിരാവിജ്ഞാനീയത്തിന്റെ പഠനങ്ങളനുസരിച്ച് വികാരങ്ങൾ മനസ്സിന്റെ മാത്രം സൃഷ്ടിയല്ല; അത് മനസ്സിൽ മാത്രം നിലനിൽക്കുന്നതല്ല. മനുഷ്യമനസ്സും മസ്തിഷ്കവും തമ്മിൽ ഗാഢമായ ബന്ധമുണ്ട്. (ഇതേക്കുറിച്ച് കൂടുതൽ ഇവിടെ പരാമർശിക്കന്നില്ല). മതം വെറുമൊരു വികാരം ആണെങ്കിൽ മറ്റൊരാൾക്ക് അതിനെ വ്രണപ്പെടുത്താൻ സാധിക്കും. നേരേമറിച്ച്, മതം ഒരു മൂല്യം ആണെങ്കിൽ മറ്റൊരാൾക്കും അതിന് വൃണപ്പെടുത്താൻ സാധിക്കില്ല. ഒരു മതാവലംബി മതമൂല്യങ്ങളെയാണ് മുറുകെ പിടിക്കുന്നതെങ്കിൽ മതത്തിനോ, മതവിശ്വാസത്തിനോ എതിരായ ആക്രമണങ്ങളെ വൈകാരികമായി അയാൾ കാണേണ്ടതില്ല. മറ്റുമതസ്ഥരുടെയോ, വിമർശകരുടെയോ ആക്ഷേപങ്ങൾക്കു ഒരിക്കലും മതമൂല്യങ്ങളെയോ, ദൈവങ്ങളെയോ അവഹേളിക്കാനോ നശിപ്പിക്കുവാനോ കഴിയുകയില്ല.
രണ്ടാമതായി, ആദർശാധിഷ്ഠിതരായ, ജനങ്ങളോട് പ്രതിബദ്ധതയുള്ള ഒരു നല്ല രാഷ്ട്രീയക്കാരനെ എവിടെയെങ്കിലും കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഒരു ശരാശരി മലയാളിയുടെ കൂടുതൽ സമയവും മതത്തിനോ, രാഷ്ട്രീയത്തിനോ, അല്ലെങ്കിൽ മതത്തിനും രാഷ്ട്രീയത്തിനും വേണ്ടി പടവെട്ടുവനാണ് ചിലവഴിക്കുന്നതെന്നു ഞാൻ പറഞ്ഞാൽ നിങ്ങൾ നിഷേധിക്കുമോ? ഇതുകൊണ്ടു നമുക്ക് എന്തു പ്രയോജനം?
നമുക്ക് ചുറ്റും എത്രയോ നല്ല കാര്യങ്ങൾ നടക്കുന്നുണ്ട്? നമുക്ക് എത്രയോ നല്ല കാര്യങ്ങൾ ഈ സമൂഹത്തിനുവേണ്ടി സാമൂഹ്യമാധ്യമങ്ങളിലൂടെ ചെയ്യാൻ സാധിക്കും? ഇതിനുപുറമെ, നമ്മൾ എത്രയോപേർ, എത്രയോ നല്ല കാര്യങ്ങൾ ചിന്തിക്കുകയും, എഴുതുകയും പറയുകയും ചെയ്യുന്നുണ്ട്? ഇതൊന്നും നമ്മൾ കാണാതെ പോകുന്നത് എന്തുകൊണ്ടാണ്? നമ്മൾ എന്തിനാണ് നമ്മുടെ നിത്യേനയുള്ള ജീവിതത്തിൽ പ്രാമുഖ്യം നൽകുന്നത്? മതം, രാഷ്ട്രീയം എന്നീ വൈകാരിക വിഷയങ്ങൾക്കു വേണ്ടിയോ? ഈ രണ്ട് മണ്ഡലങ്ങൾക്ക് വേണ്ടിയാണോ ഈ സാമൂഹ്യവും സാങ്കേതികവുമായ എല്ലാ കണ്ടുപിടുത്തങ്ങളും നടത്തിയിരിക്കുന്നത്? മറ്റുള്ളവർ പറയുകയോ, എഴുതുകയോ ചെയ്യുന്ന ഒരു നല്ല ആശയത്തെ അല്പം സമയമെടുത്തു വായിക്കാനോ, അവർ എഴുതുന്ന ആശയെക്കുറിച്ച് ചിന്തിക്കാനോ, അവരെ പ്രോത്സാഹിപ്പിക്കാനോ, ഒരു അഭിപ്രായം പറയാനോ സമയം കണ്ടെത്താൻ കഴിയാത്ത നാം, വെറും വികാപരവിഷയങ്ങളായ മതവും രാഷ്ട്രീയവും ചർച്ചാവിഷയങ്ങളാക്കി വാദിക്കുകയും നമ്മുടെ ബന്ധങ്ങളെ വഷളായാക്കുകയും ചെയ്യുന്നത് എന്തിനുവേണ്ടിയാണ്?
(ഞാൻ എന്നും എന്നോട് തന്നെ ചോദിക്കുന്ന ചോദ്യമാണിത്. നിങ്ങളുമായി പങ്കു വെച്ചു എന്ന് മാത്രം).