ദ്വാപരയുഗത്തിൽ കാലിച്ചെറുക്കന്
ദ്വാരകാപുരിയിൽ പോയിടേണം
കംസവധത്തിന്നൊരുങ്ങിടേണം പിന്നെ
യാദവനായി മരിച്ചീടണം…
ഓലക്കുഴൽവിളി വേണ്ടെന്റെ ചെക്കന്
ഗോക്കളെ മേയ്ക്കുവാൻ ത്രാണിയില്ല
കോലക്കുഴലിന്റെ താളത്തിലാടുവാൻ
കാമിനി രാധയെ കാണുകില്ല!
ഗോരോചനക്കുറി നെറ്റിയിൽ ചാർത്തില്ല
പീലിത്തിരുമുടി ചൂടുകില്ലാ
വൃന്ദാവനത്തിലെ ഗോപികൾ നേദിച്ച
മാലകൾ നന്ദനൻ ചാർത്തുകില്ല.
ശാസിച്ചുണർത്തുവാനമ്മയില്ലാ, പുതു-
ഗാഥകളോതുവാനച്ഛനില്ലാ
കാളിന്ദിയാറ്റിലെയോളങ്ങളെണ്ണേണ്ട
കാളിയനർത്തനമാടിടേണ്ട.
സാന്ദീപനിയുടെ വേദങ്ങളില്ലിനി
ബന്ധങ്ങൾ കർമഫലങ്ങൾ മാത്രം
മാറിൽ സ്യമന്തകമില്ലിനി കണ്ണന്
മാനസത്തിൽ പ്രിയരുക്മിണിയും!
പോകാൻ മുഹൂർത്തമായീ നവ സന്ദേശ-
ദൂതനല്ലോ നവനീതകണ്ണൻ
പോകുന്നു സാരഥിയായ് കുരുക്ഷേത്രത്തിൽ
പാർഥന്റെ യുദ്ധത്തിൽ ഗീതയായി!
തീരാത്തദുഃഖത്തിൽ വെന്തുനീറുമ്പോഴും
ഗാന്ധാരി മാത്രം പറഞ്ഞുതന്നു
വേടന്റെയമ്പേറ്റൊടുങ്ങിയാൽ
ആരംഭമായീ മുകുന്ദ
നിൻ തീർത്ഥയാത്ര!
(Lesotho കേരള കവിതാ കുടുംബം)