പൗരാണിക പോർച്ചുഗീസ് – ഡച്ച് നഗരങ്ങളിലൂടെ സഞ്ചരിക്കുകയാണ് എന്ന് തോന്നും കൊച്ചിയിലെ ഫോർട്ട് കൊച്ചിയിലൂടെ നടന്നാൽ . പുരാതന യൂറോപ്യൻ നഗരത്തിന്റെ ദൃശ്യഭംഗിയാണ് ഫോർട്ട് കൊച്ചിക്ക് . ലിവിംഗ് മ്യൂസിയം എന്നാണ് വിദേശികൾക്കിടയിൽ ഫോർട്ട് കൊച്ചിയെ വിളിക്കപ്പെടുന്നത് . നാം ഇപ്പോൾ സന്ദർശിക്കുന്നത് ‘സെന്റ് ഫ്രാൻസിസ് ചർച്ചും ‘ ‘വാസ്ക്കോ ഹൗസും ‘ ‘ Le Colonial Hotel ‘. ലുമാണ് .
” കൊച്ചി പഴയ കൊച്ചിയല്ലെന്നറിയാം പക്ഷെ ബിലാല് പഴയ ബിലാല് തന്നെയാണ് ……..”
സാമുഹ്യ പ്രവർത്തകയായ നഫീസ അലിയെന്ന മേരി ടീച്ചറിന്റെ വളർത്ത് മകൻ ബിലാലെന്ന മമ്മൂട്ടിയുടെ പഞ്ച് ഡയലോഗാണിത് . അമൽ നീരദ് തിരക്കഥയും സംവിധാനവും നിർവ്വഹിച്ച , ഹോളിവുഡ് ചിത്രമായ ‘ഫോർ ബ്രദേഴ്‌സിനെ ‘ അധാരമാക്കി ചിത്രീകരിച്ച ‘ബിഗ് B’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലൊക്കേഷൻ മിക്കവാറും കൊച്ചി തന്നെയായിരുന്നു അതിൽ മേരി ടീച്ചറെന്ന മേരി ജോൺ കുരിശിങ്കലിന്റെ വീട് ഫോർട്ട് കൊച്ചിയിലെ ‘വാസ്ക്കൊ ഹൗസായിരുന്നു ‘ അതിന് മുന്നിലൂടെ പോകുന്നവർ പറയും ‘ ദേ ബിഗ് B യിലെ ബിലാലിന്റെ വീട് ‘ .
പിന്നെ ഒരു പാട് ചിത്രങ്ങൾക്ക് വേണ്ടി ക്യാമറ ചലിച്ച ഫോർട്ട് കൊച്ചിയിലെ ‘ സെന്റ് ഫ്രാൻസിസ് ചർച്ച് ‘ .
പഞ്ച് ഡയലോഗുകളും , സാങ്കേതിക മികവും പുലർത്തുന്ന സ്റ്റൈലിഷ് സിനിമകളിലൂടെ മാത്രം ഇത്തരം കേന്ദ്രങ്ങളെ ന്യൂ ജനറേഷൻ ഓർമ്മിക്കുമ്പോൾ അറിയണം ചരിത്രത്തിലെ പഞ്ച് മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച കേന്ദ്രങ്ങൾ കൂടിയാണിത് .
വാസ്കോഡഗാമ എത്തിയത് കാപ്പാടാണൊ അതൊ പന്തലായനിയിലൊ ?
യൂറോപ്പിൽ നിന്ന് ഇന്ത്യയിലേക്ക് ആദ്യം കടൽമാർഗ്ഗം കണ്ട് പിടിച്ച വാസ്കോഡഗാമ 1498 – ൽ കേരളത്തിൽ കോഴിക്കോട് കാപ്പാട് ബീച്ചിൽ എത്തിച്ചേർന്നതായി ചരിത്രം പറയുമ്പോൾ തന്നെ അതല്ല കാപ്പാട് നിന്ന് ഏകദേശം 10 കിലോമീറ്റർ അപ്പുറം പന്തലായനിയിലാണ് വാസ്ക്കോഡഗാമ എത്തിയതെന്ന്. കണ്ണൂർ St ആഞ്ചലോ കോട്ടയിലെ ടൂറിസ്റ്റ് പൊലീസ് A.S.I. സത്യൻ എടക്കാട് ആണ് ആദ്യം പുറത്തു കൊണ്ടു വരുന്നത് . 2000 നും 2005 നും ഇടയ്ക്ക് അദ്ദേഹം ഇതു സംബന്ധിച്ച പ്രബന്ധം ഡൽഹിയിലെ പ്രമുഖ യൂണിവേഴ്സിറ്റികളിൽ അവതരിപ്പിച്ചിട്ടുണ്ട് . അതിൻ്റെ മലയാള പരാഭാഷ പുസ്തകമായി പിന്നീട് പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട് . പിന്നീട് MGS നാരായണൻ ഇതു സംബന്ധിച്ച് മലയാള മനോരമ , The Hindu എന്നീ പത്രങ്ങളിലൂടെ ഈ കാര്യം ശരിവെച്ചതായി കാണുന്നു .
പെഡ്രോ അല്വറെസ് കബ്രാൾ , അൽഫോൻസൊഡെ അൽ ബുക്കർക്ക് എന്നിവരും കോഴിക്കോട് എത്തിച്ചേർന്നു . പിന്നീട് ഇവർ കോഴിക്കോട് നിന്നും കൊച്ചിയിലേക്ക് എത്തി. ഫോർട്ട് കൊച്ചി ആസ്പിൻവാളിന് സമീപം അൽഫോൻസൊഡെ
അൽബുക്കർക്കിന്റെ പേരിൽ അൽബുക്കർക്ക് കടത്ത് ജെട്ടി ഇന്നും നിലനിൽക്കുന്നു .
കോട്ട കൊച്ചി അഥവാ ഫോർട്ട് കൊച്ചി , ഇന്ത്യയിലെ ആദ്യത്തെ കോട്ട ഈ ഫോർട്ട് കൊച്ചിയിലായിരുന്നു ……..
കോഴിക്കോട് സാമുതിരിക്ക്
എതിരെയും മറ്റും കൊച്ചി രാജാവിനെ സഹായിച്ചതിനാൽ പോർച്ചുഗീസ്കാർ കൊച്ചി രാജാവിന്റെ അനുവാദത്തോടെ കൊച്ചി രാജ്യത്ത് ഒരു കോട്ട പണിതു ആ കോട്ടയുടെ പേരായിരുന്നു ‘ഇമ്മാനുവൽ കോട്ട ‘ അന്ന് കോട്ട നിന്നിരുന്ന ആ സ്ഥലമാണ് ഇന്നത്തെ Fort kochi . ആ കോട്ടക്കുള്ളിൽ ഇവർ ‘സെന്റ് ബർത്തലേമിയേവിന്റെ ‘ പേരിൽ മരം കൊണ്ടൊരു പള്ളി പണിതു .
ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളി ഫോർട്ട് കൊച്ചിയിലാണ് …………..
1503 ൽ സ്ഥാപിക്കപ്പെട്ട ഈ ദേവാലയമാണ് ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ പള്ളി . കോഴിക്കോട് സാമുതിരിക്ക് എതിരെയുള്ള യുദ്ധത്തിൽ സഹായിച്ചതിന് പ്രത്യുപകാരമായി 1506-ൽ കൊച്ചി രാജാവ് പോർച്ച്ഗീസ് വൈസ്രോയിയായിരുന്ന ഫ്രാൻസിസ്കോ ഡി അൽഡേയ്ക്ക് ഈ പള്ളി കല്ലിൽ പണിയുവാനും ഓട് മേയുവാനും അനുമതി നൽകി . 1516 -ൽ ഈ പള്ളി പുനർനിർമ്മിക്കപ്പെട്ടു സെന്റ് ആന്റണി എന്ന് നാമകരണം ചെയ്തു .
ഇന്ത്യയിൽ കോളനി ഭരണത്തിനായി വിവിധ യൂറോപ്യൻ അധിനിവേശ ശക്തികൾ നടത്തിയ പോരാട്ടങ്ങളുടെ മൂകസാക്ഷി എന്ന നിലയിൽ വലിയ ചരിത്ര പ്രാധാന്യമുണ്ട് ഈ പള്ളിക്ക് ………….
1662 ഡിസംബർ 31-ന് കൊച്ചിയിലെത്തിയ ഡച്ചുകാർ 1663 ജനുവരി 8 ന് കൊച്ചി പോർച്ചുഗീസ്കാരിൽ നിന്നും പിടിച്ചെടുത്തു . പ്രൊട്ടസ്റ്റന്റുകാരായ ഡച്ചുകാർ റോമൻ കത്തോലിക്കരായ പോർച്ചുഗീസ്കാർ നിർമ്മിച്ച മുഴുവൻ പള്ളികളും , കോൺവെൻറുകളും തകർത്തു കളഞ്ഞു എങ്കിലും ഈ പള്ളി മാത്രം പൊളിക്കാതെ നിർത്തി . ഫോർട്ട് കൊച്ചിയിലെ ഈ പള്ളി ഡച്ചുകാർ സർക്കാരിന്റെ കീഴിലാക്കി .
പിന്നീട് ഡച്ചുകാരിൽ നിന്ന്
ബ്രിട്ടീഷ്കാരിലേക്ക് ………..
1795 -ൽ ബ്രിട്ടീഷുകാർ കൊച്ചിയെ ഡച്ച്കാരിൽ നിന്ന് പിടിച്ചെടുത്തു . ഇന്ത്യയിലെ ആദ്യത്തെ കോട്ടയായ ‘ഇമ്മാനുവൽ കോട്ട ‘ 1806 -ൽ ഡച്ചുകാർ കുറെ ഭാഗം നശിപ്പിക്കുകയും പിന്നീട്
ബ്രിട്ടീഷ്കാർ വെടിമരുന്നുപയോഗിച്ച് പൂർണ്ണമായും തകർത്ത് കളയുകയും ചെയ്തു ഒന്നും അവശേഷിപ്പിക്കാതെ , ആ കോട്ട ഓർമ്മകൾ മാത്രമായി . സെന്റ് ഫ്രാൻസിസ് എന്ന ഈ പള്ളി മാത്രം ബ്രിട്ടീഷ്കാർ ഡച്ചുകാർക്ക് തന്നെ തിരികെ നൽകി . 1804-ൽ ഡച്ച്കാർ ഈ പള്ളി സ്വമനസ്സാലെ ആംഗ്ലിക്കൻ സഭയ്ക്ക് നൽകി അതോടെ ഈ പള്ളി ‘ സെന്റ് ഫ്രാൻസിസ് ചർച്ച് ‘ എന്ന് നാമകരണം ചെയ്യപ്പെട്ടു . 1804 മുതൽ 1947 വരെ CMS എന്ന ആംഗ്ലിക്കൻ സഭയ്ക്ക് കീഴിലായിരുന്നു ഈ പള്ളി . 1947-ൽ CSI സഭയുടെ രൂപീകരണത്തെ തുടർന്ന് ഈ പള്ളി പിന്നീട് സഭയുടെ ഉത്തര കേരള മഹാ ഇടവകയുടെ ഭാഗമായി .
വാസ്ക്കോയുടെ അന്ത്യം ………..
1524 ഒരു ക്രിസ്ത്മസ്സ് ദിനത്തിൽ പോർച്ചുഗീസ് പര്യവേഷകനും നാവികനുമായ വാസ്ക്കോഡ ഗാമ എന്ന ചരിത്ര പുരുഷൻ കൊച്ചിയിൽ വെച്ച് വിട വാങ്ങി അദ്ധേഹത്തെ ഈ പള്ളിയിലാണ് അടക്കം ചെയ്തത് . പിന്നീട് 14 വർഷത്തിന് ശേഷം അദ്ധേഹത്തിന്റെ അഞ്ചാമത്തെ മകൻ പെഡ്രോസിൽവഗാമ കൊച്ചിയിലെത്തി വാസ്ക്കോഡഗാമയുടെ
ഭൗതീക ശരീരം പോർച്ചുഗീസിലേക്ക് കൊണ്ടു പോയി .
വാസ്ക്കോഡഗാമയുടെ ഇന്ത്യൻ അധിനിവേശ ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ കൊച്ചി രാജ്യത്തിനും ഇന്ത്യാ മഹാരാജ്യത്തിനും കോട്ടമായിരുന്നൊ നേട്ടമായിരുന്നൊ ? .
കൊച്ചിയിലുള്ളപ്പോഴൊക്കെ വാസ്ക്കോഡഗാമ താമസിച്ചിരുന്ന വീടാണ്
‘ ബിഗ് B ‘ യിലെ മേരി ജോൺ കുരിശിങ്കലിന്റെയും ബിലാലിന്റെ വീടായി ചിത്രീകരിക്കപ്പെട്ടത് . ഒരു പാട് ചിത്രങ്ങൾക്ക് വേദിയായ വീട് .
അത് പോലെ തന്നെ വാസ്കോഡ ഗാമ താമസിച്ചിരുന്ന മറ്റൊരു വീടുണ്ടായിരുന്നു സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപമുള്ള ഇന്നത്തെ Le Colonial Hotel . പണ്ട് ഈ കെട്ടിടത്തിനുള്ളിൽ ഒരു തുരങ്കം ഉണ്ടായിരുന്നതായി പറയപ്പെടുന്നു ആ തുരങ്കത്തിന്റെ മറു ഭാഗം ചെന്ന് നിൽക്കുക ഫോർട്ട് കൊച്ചിയിൽ തന്നെയുള്ള ഇന്നത്തെ കമാല കടവിലാണ് എപ്പോഴും പുറപ്പെടാൻ തയ്യാറായി ഒരു കപ്പലും അവിടെ ഉണ്ടായിരിക്കുമത്രെ ….
പെട്ടെന്ന് ഒരു യുദ്ധമുണ്ടായാൽ രക്ഷപ്പെടാനുള്ള ഒളി മാർഗ്ഗമായിരുന്നു ഈ തുരങ്കം . ഫോർട്ട് കൊച്ചിയിൽ ചില ഭാഗങ്ങളിൽ വലിയ തുരങ്കങ്ങൾ ഉണ്ടായിരുന്നതായി ചരിത്രം പറയുന്നു എങ്കിലും ഇതുവരെ അതിനെ സംബന്ധിച്ച് കാര്യമായ പ0നങ്ങൾക്കൊന്നും Archeology Department തയ്യാറായിട്ടില്ല എന്നതാണ് സത്യം .
Le Colonial എന്ന ഈ ഹോട്ടലിലാണ് ലോക പ്രശസ്ത ബ്രിട്ടിഷ് റിയാലിറ്റി ഷോ ‘ The RealMari Gold Hotel ‘ ന്റെ ഒരു എപ്പിസോഡ് ചിത്രീകരിച്ചത് . റിട്ടയർമെന്റ് ലൈഫിന് പറ്റിയ സുന്ദരവും ശാന്തവുമായ ലോകത്തിലെ വിവിധ പ്രദേശങ്ങൾ തേടിയുള്ള റിട്ടയർമെന്റ് ലൈഫ് നേരിടുന്ന കുറച്ച് ആളുകളുടെ അന്വേഷണ യാത്ര അതാണ് ഈ റിയാലിറ്റി ഷോ . ഈ ഹോട്ടൽ റൂമിന്റെ ഒരു ദിവസത്തെ വാടക 18,000 ( പതിനെട്ടായിരം ) രൂപയോളം വരും 1506 -ലാണ് ഈ കെട്ടിടവും നിർമ്മിക്കപ്പെട്ടിട്ടുള്ളത് അതായത് വാസ്കോഡ ഗാമ കൊച്ചിയിലെത്തിയ അതെ കാലഘട്ടത്തിൽ തന്നെ . ഒരു ഫ്രഞ്ച് വംശജന്റെ ഉടമസ്ഥതയിലാണ് ഇന്ന് ഈ ഹോട്ടൽ .
പോർച്ചുഗീസ് പുരാതന നഗരത്തിലെ കെട്ടിടങ്ങളുടെ തലയെടുപ്പോടെ നിൽക്കുന്ന ‘അൽഫോൺസ മരിയ ‘ ബംഗ്ലാവുകൾ കൊച്ചിയുടെ പോർച്ചുഗീസ് അധിനിവേഷത്തിന്റെ അടയാളങ്ങളായി അവശേഷിക്കുന്നു .
ഹോളിവുഡും – ബോളിവുഡും ഇന്ന് കൊച്ചിയെ തേടിയെത്തുന്നു കാരണം സുന്ദരിയാണ് കൊച്ചി , ആരെയും അമ്പരപ്പിക്കുന്ന ചരിത്രം അറബി കഥകൾ പോലെ ഒന്നിന് പിറകെ ഒന്നായി പെയ്തിറങ്ങുന്ന കൊച്ചി .
മൻസൂർ നൈന