അപ്പാ …
പുത്തൻപുരേലെ കണ്ണനെ കോളേജിൽ വച്ച്
ആരോ വെട്ടി
ഇന്ന് സമരമാണ്
കണ്ടത്തിലും പറമ്പിലും
ചേറിൽ പണിയെടുക്കുന്നോൻ്റെ
മോനെയൊക്കെ
വല്യ പടിപ്പിനു വിട്ടേക്കുന്നു
അവനൊക്കെ ഇപ്പ കൊണ്ടരും
ആനേ പുഴുങ്ങീത്
വെട്ടു കൊണ്ട് ചാകാൻ
കെടക്കുന്നവന് വേണ്ടിയിനി
പടിപ്പുമുടക്കാഞ്ഞിട്ടാ
എവമ്മാർക്ക് തെണ്ണം
അപ്പാ ,
പരീക്ഷയ്ക്കടക്കാൻ
ഫീസില്ലാത്തോണ്ട്
വാലുമ്മേലെ ആനിയെ പരീക്ഷക്കിരുത്തിയില്ല
ആ കൊച്ച് ,
കൈ മുറിച്ച് ആത്മഹത്യ ചെയ്യാൻ
ശ്രമിച്ചെന്ന്
ഇന്ന് പഠിപ്പുമുടക്കമാ
അധികാരികളെയൊരു പാഠം
പഠിപ്പിച്ചിട്ടേ ഇനി
പഠനം തുടരൂന്ന്
ഹും !
അതെങ്ങനാ
കണ്ടവൻ്റെ അടുക്കള നെരങ്ങേണ്ട
പെണ്ണിനെ
ഡോക്ടറാക്കാൻ വിട്ടേക്കുവല്ലിയോ
ആ സമയത്ത് ,
നല്ല സ്രീധനം കൊടുത്ത്
അതിനെ കെട്ടിച്ചു വിടാനൊള്ളേന്
ഇനീപ്പം
ഇതിൻ്റെ പേരിൽ പടിത്തം മൊടങ്ങീന്ന്
പറഞ്ഞാ മതീലോ
ചേട്ടോ …
ചേട്ടൻ്റെ മോനെ
ആരൊക്കെയോ ചേർന്ന് മർദ്ദിച്ചെന്ന്
അവൻ ആശുപത്രീലാ
എൻ്റെ ദേവിയേ …
ഇവിടെ ചോദിക്കാനും പറയാനും
ആരുമില്ലല്ലോ
തല്ലിയവന്മാരെ ശിക്ഷിക്കാതെ
കോളേജ് തൊറക്കാൻ
സമ്മതിക്കല്ല്…
സമ്മതിക്കല്ല് …
✍️ വൈഗ

By ivayana