പ്രകൃതി ഭംഗികൊണ്ട് മാത്രമായിരിക്കില്ല ഒരു സ്ഥലം നമുക്ക് പ്രിയപ്പെട്ടതാവുന്നത്. യാത്ര ചെയ്യുന്ന ഓരോ ഇടങ്ങളിലും നമുക്ക് നേരിടേണ്ടി വരുന്ന അനുഭവങ്ങൾ ആയിരിക്കാം ആ സ്ഥലങ്ങളെ കുറിച്ച് ഓർക്കുമ്പോൾ നമ്മുടെ മനസ്സിലേക്ക് ആദ്യം കടന്നുവരുന്നത്.കന്യാകുമാരിയിലേക്കുള്ള യാത്രകൾ എന്നും ഓർമ്മകളിൽ ഇടം പിടിച്ചിരുന്നു. മൂന്നു തവണ ആ സൂര്യാസ്തമയം കാണാൻ ഇടവന്നു. ഒരു തവണ ഉദയവും. മനോഹരമായ ആ ഉദയാസ്‌തമയങ്ങളെക്കാൾ അവിടെ എത്തിപ്പെട്ട വഴികളും, മറ്റുള്ളവർക്കൊപ്പം ചെലവഴിച്ച നിമിഷങ്ങളുമാണ് ഇന്നും ഓർമ്മയിലേക്ക് ആദ്യമെത്തുന്നത്.തിരുന്നെൽവേലിയിൽ കൂടെ ജോലി ചെയ്യുന്നവർക്കൊപ്പമായിരുന്നു ആദ്യമായി കന്യാകുമാരിയെ കാണുന്നത്. രണ്ടാമതായി ഒറ്റയ്ക്കും. മൂന്നാമതായി ഉപ്പ, ഉമ്മ, ഇക്ക എന്നിവർക്കൊപ്പവും.
പക്ഷേ കന്യാകുമാരിയെ കുറിച്ച് ഓർക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് കുടുംബത്തോടൊപ്പമുള്ള യാത്രയാണ്. ആ യാത്രയിൽ തന്നെയായിരുന്നു അസ്തമയത്തേക്കാൾ മനോഹരമായ ഉദയം ആസ്വദിക്കാൻ അവസരമുണ്ടായതും.വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. തിരുവനന്തപുരം ആർസിസി. കരുതിയതിലും പെട്ടന്ന് അവിടെനിന്നും ചെക്കപ്പ് പൂർത്തിയാക്കി ഇറങ്ങാൻ കഴിഞ്ഞതിനാൽ യാത്ര കന്യാകുമാരിയിലേക്ക് യാദൃച്ഛികമായി നീളുകയായിരുന്നു..ഉച്ചതിരിഞ്ഞാണ് തിരുവനന്തപുരത്തു നിന്നും നാഗർകോവിലേക്ക് ബസ്സ് കയറുന്നത്. ശേഷം അവിടെനിന്ന് കന്യാകുമാരിയിലേക്കും. രാത്രി ഒമ്പത് മണിയോടെ കന്യാകുമാരിയിലെത്തി. ആദ്യം കണ്ട മോശമില്ലെന്നു തോന്നിയ ഹോട്ടലിൽ നിന്നും വിശപ്പടക്കി. ബീച്ചിന് അടുത്തായിത്തന്നെ റൂമെടുത്തു. മുകളിലെ നിലയിലായതിനാൽ റൂമിലെ ജാലകത്തിലൂടെ കടലിന്റെ ഭംഗി വേണ്ടുവോളം ആസ്വദിക്കാമായിരുന്നു. എ
ങ്കിലും യാത്രാക്ഷീണം കാരണവും, ഉദയം കാണണം എന്ന ആഗ്രഹം മനസ്സിലുള്ളതിനാലും അന്ന് രാത്രി നേരത്തെ തന്നെ ഉറക്കത്തിലേക്ക് വഴുതി വീണു.പുലർച്ചെ നാലുമണിക്ക് എഴുന്നേറ്റു ബീച്ചിനടുത്തേക്ക് തിരിച്ചു. ഞങ്ങൾ എത്തുമ്പോൾ വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. അന്തരീക്ഷം രാത്രിയുടെ കറുപ്പിൽ നിന്നും പുറത്തിറങ്ങിയിരുന്നില്ല. കടലോളങ്ങൾക്കപ്പുറം ചുവന്ന് തുടുത്ത് പതിയെ ഉയർന്നു വരുന്ന സൂര്യനാളങ്ങൾക്കൊപ്പം അന്തരീക്ഷവും ഇരുട്ടിൽ നിന്ന് മോചനം നേടുന്നതായി അനുഭവപ്പെട്ടു. തിരുവള്ളുവർ പ്രതിമയും വിവേകാനന്ദപ്പാറയും ഉശിരോടെ ഉയർന്നു നിന്നു.സൂര്യരശ്മികൾക്കൊപ്പം സന്ദർശകരുടെ എണ്ണവും കൂടിവന്നു. മുഴുകിപ്പോയ ഉദയ മനോഹാരിതയിൽ നിന്നും കണ്ണുകൾ തെന്നി.. അങ്ങിങ്ങായി ഒട്ടേറെ കാഴ്ചക്കാർ.
പലവിധ കച്ചവടക്കാർ.. വ്യത്യസ്തമായ ആഭരണങ്ങൾ വിരലുകളിൽ തൂക്കി സന്ദർശകരെ ലക്ഷ്യമാക്കി നടന്നു നീങ്ങുന്നവർ. ചൂട് പാറുന്ന പലഹാരങ്ങൾ തട്ടുകളിലായി വിൽക്കുന്നവർ. സ്റ്റീൽ കാനുകളിൽ ചായ കാപ്പി എന്നിവ വിൽക്കുന്നവർ. ഫോട്ടോഗ്രാഫി ഉപജീവനമാർഗ്ഗമാക്കിയവർ.. മുന്നിലെ കടൽ പോലെ കരയും നിറഞ്ഞൊഴുകി. അവർക്കിടയിൽ ഒരു ഓരത്തായി ഞങ്ങളും.പ്രഭാത ഭക്ഷണത്തിനായി റൂമിനടുത്തുള്ള ഒരു ഹോട്ടലിൽ ആയിരുന്നു കയറിയത്. ഹോട്ടലിന് അത്യാവശ്യം വലുപ്പമുണ്ടായിരുന്നു. പക്ഷേ അവിടത്തെ ഭക്ഷണത്തിന് അത്യാവശ്യത്തിൽ കൂടുതൽ വിലയുമുണ്ടെന്ന കാര്യം കഴിച്ചതിന് ശേഷമായിരുന്നു അറിഞ്ഞത്. കയ്യിൽ കരുതിയ പൈസ തികയാതെ വന്നപ്പോൾ അടുത്തുള്ള എടിഎം കൗണ്ടറിലേക്ക് പോയ ഇക്ക തിരികെ വരുന്നത് വരെ, ഉമ്മയും ഉപ്പയും ഞാനും ബില്ല് കണ്ടപ്പോൾ പുറത്തേക്ക് തള്ളിയ കണ്ണുമായി ഹോട്ടലിനകത്തു തന്നെ ഇരിപ്പുറപ്പിച്ചു. ഇക്ക തിരികെ വന്നു കൊള്ളക്കാരിൽ നിന്നും ഞങ്ങളെ മോചിപ്പിച്ചു.
വീണ്ടും ബീച്ചിനടുത്തേക്ക് തിരിച്ചു..വിവേകാനന്ദപ്പാറയിലേക്കുള്ള കടൽ യാത്രയ്ക്കായി സഞ്ചാരികൾ തടിച്ചു കൂടിയിരുന്നു. അവർക്കിടയിലൂടെ ടിക്കറ്റ് കരസ്ഥമാക്കി ഒരുവിധത്തിൽ ബോട്ടിൽ കയറിക്കൂടി. മുമ്പൊരിക്കൽ കൊച്ചിയിൽ വെച്ച് ബോട്ടിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഓവർജാക്കറ്റ് ഇടുന്നത് ആദ്യമായിട്ടായിരുന്നു. ചാവക്കാട് കടപ്പുറത്ത് ഒരുപാട് തവണ മുങ്ങിക്കുളിച്ച് മൂക്കിൽ വെള്ളം കയറ്റിയിട്ടുണ്ടെങ്കിലും കടലിന് മുകളിലൂടെ യാത്ര ചെയ്യുന്നത് ഇത് രണ്ടാം തവണയാണ്. മുമ്പൊരിക്കൽ കോവളത്ത് വെച്ച് രണ്ട് മിനിറ്റ് യാത്രയ്ക്ക് മുന്നൂറ് രൂപ അടിച്ചെടുത്ത സ്പീഡ് ബോട്ടുകാരന്റെ മുഖം മനസ്സിൽ തെളിഞ്ഞു..
ബോട്ടുയാത്ര പെട്ടന്ന് കഴിഞ്ഞതിൽ വിഷമം തോന്നിയെങ്കിലും വിവേകാനന്ദപ്പാറയും, പ്രശസ്ത തമിഴ് കവിയും തത്വചിന്തകനുമായ തിരുവള്ളുവരുടെ കൂറ്റൻ പ്രതിമയും മനസ്സിന് ആകാംക്ഷ നൽകി.ആ പാറക്കെട്ടുകൾക്കിടയിൽ പൊതുവെ നിശ്ശബ്ദവും ശാന്തവുമായ അന്തരീക്ഷമായിരുന്നു. മ്യൂസിയവും ലൈബ്രറിയും കൊത്തുപണികളുമെല്ലാം ചുറ്റികാണുന്നതിനിടെ സന്ദർശകർക്ക് ധ്യാനത്തിനെന്നവണ്ണം സജ്ജമാക്കിയ ഒരിടം കാണാനായി. അതിനുള്ളിൽ ഉണ്ടായിരുന്ന സന്ദർശകർക്കൊപ്പം ഞാനും ഇക്കയും അല്പനേരം യോഗയിലെന്നപോലെ ഇരിപ്പുറപ്പിച്ചു. ചുരുങ്ങിയ സമയം കൊണ്ട് മനസ്സ് ഒരുപാട് ശാന്തമായത് പോലെ അനുഭവപ്പെട്ടു..പുറത്തിറങ്ങി കന്യാകുമാരിയുടെ സൗന്ദര്യം കാമറയിൽ പകർത്തി. പൊതുവെ സന്തോഷമായാലും സങ്കടമായാലും പുറത്ത് പ്രകടിപ്പിക്കാത്ത ഉമ്മയും ഉപ്പയും അന്ന് ഒരുപാട് സന്തോഷിക്കുന്നതായി എനിക്ക് തോന്നി. വർഷത്തിൽ ഒരിക്കലെങ്കിലും അവരുമായി ഇതുപോലെ യാത്രകൾ പോകണമെന്ന് അന്ന് മനസ്സിൽ ഉറപ്പിച്ചു.
വീടിനുള്ളിൽ കഴിയുന്ന അവർക്ക് നൽകാനാവുന്ന ഏറ്റവും വലിയ സന്തോഷം ഇതുപോലുള്ള യാത്രകളാകാമെന്ന്, എന്നെപ്പോലെ ഇക്കയെപ്പോലെ ഒട്ടുമിക്ക മക്കൾക്കും അറിയാമെങ്കിലും ജീവിതത്തിന്റെ ഓട്ടപ്പാച്ചിലിനിടയിൽ പലപ്പോഴും അതിനുള്ള സാഹചര്യം ഒത്തുവരാറില്ല എന്നതാണ് യാഥാർഥ്യം.കടലിന്റെ വിദൂരതയിലേക്ക് ഇമവെട്ടാതെ നിമിഷങ്ങളോളം നോക്കി നിൽക്കുമ്പോൾ മനസ്സ് ശാന്തമാകുന്നതിന്റെ രഹസ്യമെന്തെന്ന് ഇതുവരെ വ്യക്തമല്ല. സന്തോഷം തരുന്നതിന്റെ രഹസ്യം അന്വേഷിച്ചു പോകുന്നതിനേക്കാൾ ആ സന്തോഷം ആസ്വദിക്കുക എന്ന വീണ്ടുവിചാരത്തിൽ കടലിലെ ഓളങ്ങളിലേക്ക് ഇമവെട്ടാതെ നോക്കിനിന്നു.. അതിനിടയിലാണ് ഒരാൾ പുറകിൽ നിന്നും വിളിച്ചത്. ഫോട്ടോ എടുത്ത് കൊടുക്കാനായിരുന്നു. അദ്ദേഹം തനിച്ചായിരുന്നു. ഫോട്ടോ എടുത്തു കാമറ തിരികെ നൽകുന്നതിനിടയിൽ എന്റെ സ്ഥലം തിരക്കി. തിരിച്ചു ഞാനും..സേലം ആയിരുന്നു അയാളുടെ സ്ഥലം.
ഞങ്ങളിൽ നിന്നും അല്പംമാറി നിന്നിരുന്ന ഉപ്പയെയും ഉമ്മയെയും ചൂണ്ടി ഫാമിലിയാണോ എന്നു ചോദിച്ചു. അതെയെന്ന് ഞാൻ മറുപടി നൽകി. ഒറ്റയ്ക്കാണോ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹം പുഞ്ചിരിച്ചു കൊണ്ട് തലയാട്ടി. അങ്ങനെ വളരെ ചുരുങ്ങിയ നിമിഷങ്ങൾ അദ്ദേഹവുമായി അവിടെ സംസാരിച്ചിരുന്നു. കാഴ്ചയിൽ നാല്പതിന് മുകളിൽ പ്രായം തോന്നുമായിരുന്നു. വർഷങ്ങൾക്ക് മുമ്പ് അമ്മയും അച്ഛനും മരിച്ചു. രണ്ട് സഹോദരികൾ കല്യാണം കഴിഞ്ഞു കുടുംബവുമൊത്ത് ചെന്നൈയിൽ താമസിക്കുന്നു.എല്ലാ കെട്ടുപാടുകളിൽ നിന്നും സ്വതന്ത്രനായി നാട് ചുറ്റുന്ന ഒരാളായിരുന്നു അദ്ദേഹമെന്ന് ആദ്യകാഴ്ചയിൽ എനിക്കൊട്ടും മനസ്സിലാക്കാനായില്ല.
പക്ഷെ അദ്ദേഹത്തിന്റെ ചിരിയിലും നോട്ടത്തിലും സംസാരത്തിലുമെല്ലാം താൻ സന്തോഷവാനാണെന്ന് ബോധ്യപ്പെടുത്താനുള്ള പരിശ്രമം നിറഞ്ഞു നിന്നിരുന്നു എന്ന് തോന്നി. ഏകാന്തതയിൽ നിന്നും രക്ഷനേടാൻ അദ്ദേഹം തിരഞ്ഞെടുത്ത മാർഗ്ഗമായിരിക്കാം യാത്രകൾ. പക്ഷെ ഏകാന്തത എന്ന തടവറയിൽ നിന്നും അദ്ദേഹത്തിന് മോചനം നൽകാൻ ഈ യാത്രകൾക്ക് എത്രത്തോളം കഴിയുമെന്ന ചിന്ത എന്റെ മനസ്സിനെ നൊമ്പരപ്പെടുത്തി. വീണ്ടും കാണാം എന്ന ഭംഗിവാക്കോടെ ഞങ്ങൾ പരസ്പരം പിരിഞ്ഞു..വിവേകാനന്ദപ്പാറയിൽ നിന്നും തിരികെയെത്തിയ ശേഷം ഗാന്ധിമണ്ഡപത്തിൽ അല്പസമയം ചെലവഴിച്ചു. മഹാത്മാഗാന്ധിയുടെ ചിതാഭസ്മം കടലിൽ നിമഞ്ജനം ചെയ്യുന്നതിനു മുമ്പ് പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ച സ്ഥലത്താണ് ഗാന്ധിമണ്ഡപം നിർമ്മിച്ചിരിക്കുന്നത്.ഏകദേശം സൂര്യാസ്തമയത്തിനുള്ള സമയമായപ്പോൾ അവിടെനിന്നും ഞങ്ങൾ ബീച്ചിനടുത്തേക്ക് തിരിച്ചു. മുമ്പ് രണ്ട് തവണ കണ്ടിട്ടുണ്ടെങ്കിലും, കടലോളങ്ങളിലേക്ക് പതിയെ താഴ്ന്നിറങ്ങുന്ന ആ ചുവന്ന തീഗോളം വീണ്ടും കണ്ണുകൾക്ക് മറക്കാനാവാത്ത ദൃശ്യവിസ്മയമായി. മനസ്സിന് സന്തോഷമേകി. കണ്ടുനിന്ന ഓരോ മുഖങ്ങളിലും ആകാംഷ നിറഞ്ഞു നിന്നിരുന്നു. മനോഹരമായ ആ സൂര്യാസ്തമയത്തിനൊടുവിൽ വിധിയുണ്ടെങ്കിൽ വീണ്ടും കാണാമെന്ന യാത്രാമൊഴിയോടെ ഞങ്ങൾ കന്യാകുമാരിയോട് വിടപറഞ്ഞു..-
ജിംഷാദ്