ട്രയിൻ ഓടിക്കുന്ന ഏഷ്യയിലെ ആദ്യ വനിത.. !! ഭാരതത്തിൻ്റെ അഭിമാനപുത്രി..!!1995 ൽ ലിംക ബുക്ക് ഓഫ് റെക്കോർഡിൽ ഒരു ഡീസൽ ട്രയിൻ ഓടിക്കുന്ന ഏഷ്യയിലെ ആദ്യ വനിതയെന്ന് ആ പേര് ആലേഖനം ചെയ്യപ്പെട്ടു. മുംതാസ്_ഖാസി…2015ൽ ആ മഹിളാരത്നം റെയിൽവേയുടെ ജനറൽ മാനേജർ അവാർഡിനും അർഹയായി.സ്ത്രീകൾ ഒരിക്കലും കടന്ന് വരാൻ സാധ്യതയില്ലാത്ത മേഖലയിലേക്ക് ആദ്യമായി 20 വയസ്സുള്ള ഒരു പെൺകുട്ടി കടന്ന് വരികയായിരുന്നു.അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ ഒരു പുതിയ ചരിത്രം രചിക്കുകയായിരുന്നു.. !

മുംബയിലെ ഒരു സാധാരണ മുസ്ലിം കുടുംബത്തിലായിരുന്നു മുംതാസിൻ്റെ ജനനം. പിതാവ് ഇസ്മായിൽ ഖാത്താവാല റെയിൽവേയിലെ ഒരു മുതിർന്ന ജോലിക്കാരനായിരുന്നു.പിതാവിൻ്റെ ജോലി സംബന്ധമായി റെയിൽവേ ഹെഡ്ക്വാർട്ടേഴ്സിലായിരുന്നു കുടുംബത്തിൻ്റെ താമസം. ക്വാർട്ടേഴ്സിന് മുന്നിലൂടെ ചൂളം വിളിച്ച് ചീറിപ്പായുന്ന തീവണ്ടികൾ കുഞ്ഞു മുംതാസിൻ്റ മനസ്സിൽ ഒരു വലിയ മോഹത്തിന് തിരികൊളുത്തുകയായിരുന്നു. ഒരു ദിവസം എനിക്കും ആ ചീറിപ്പായുന്ന തീവണ്ടി നിയന്ത്രിക്കുന്ന ആളായി മാറണം. അവളുടെ വളർച്ചക്കൊപ്പം ആ മോഹവും വളർന്നു. പിതാവ് അവൾക്ക് ഒരുപാട് കഥകൾ പറഞ്ഞ് കൊടുക്കുമായിരുന്നു.

റെയിൽവേയിലെ അദ്ധേഹത്തിൻ്റെ അനുഭവങ്ങളും ട്രയിൻ ഓടിക്കുന്ന പൈലറ്റുമാരുടെ സാഹസിക ജീവിതങ്ങളുമായിരുന്നു ആ കഥകൾ. അത് അവളുടെ മോഹത്തിൻ്റെ വളർച്ചക്ക് വേഗം കൂട്ടുകയായിരുന്നു.മുംബയിലെ സാന്താക്രൂസ് സേഠ് അനന്ദിലാൽ റോഡാർ ഹൈസ്കൂളിലെ 12ആം ക്ലാസ് വിദ്യാഭ്യാസത്തിന് ശേഷം എസ് എൻ ഡിറ്റി യുണിവേഴ്സിറ്റിയിൽ നിന്നും മെഡിക്കൽ ലബോറട്ടറി ടെക്നോളജിയിൽ ഉയർന്ന മാർക്കോടെ അവൾ ബിരുദം നേടി. അടുത്തതായി തൻ്റെ മോഹം സഫലമാക്കുകയായിരുന്നു ലക്ഷ്യം.

പിതാവ് ആ ഉദ്ധ്യമത്തിൽ നിന്നും ആദ്യം നിരുത്സാഹപ്പെടുത്തിയെങ്കിലും അവളുടെ ഉറച്ച തീരുമാനത്തിൻ്റെയും കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ പിന്തുണയുടെയും മുന്നിൽ ആ പിതാവ് തന്നെ പിന്നീട് അവൾക്ക് പ്രചോദനം നൽകുകയായിരുന്നു. ബിരുദത്തിന് ശേഷം ആ വർഷം തന്നെ 1988ൽ അവൾ റെയിൽവേയിൽ എഞ്ചിൻ ഡ്രൈവർ പോസ്റ്റിനുള്ള അപേക്ഷ നൽകി. പിന്തിരിപ്പിക്കാൻ പല മേഖലകളിൽ നിന്നും ശ്രമങ്ങളുണ്ടായി, പരിഹാസങ്ങൾ വേറെയും.പക്ഷെ അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മറ്റ് തടസ്സങ്ങൾ നിസ്സാരമായിരുന്നു.1989 ൽ റിട്ടേൺ ടെസ്റ്റിന് വിധേയയായി.തുടർന്നങ്ങോട്ട് ഇൻ്റർവ്യൂകളും മെഡിക്കൽ ഫിറ്റ്നസ് ടെസറ്റിന് വേണ്ടിയുള്ള കഠിനമായ പരിശീലനങ്ങളും. ആ ട്രൈനിംഗ് ബാച്ചിലെ 50 പേരിൽ 49 ആൺകുട്ടികളും പെൺകുട്ടിയായി ഒരാൾ മാത്രവുമായിരുന്നു. ഉയർന്ന മാർക്കോടെ അവൾ എല്ലാ ടെസ്റ്റുകളും പാസായി.11-03-1991 ൽ തൻ്റെ 20 ആമത്തെ വയസ്സിൽ മുംതാസ് ഖാസി എന്ന ആ പെൺകുട്ടി ഒരു പുതിയ ചരിത്രം കുറിച്ചു.

ഏഷ്യയിലെ ആദ്യ ഡീസൽ എഞ്ചിൻ വനിത ഡ്രൈവറായി(പൈലറ്റ് ) ഇന്ത്യൻ റെയിൽവേയിൽ ജോയിൻ ചെയ്തു. ഏറ്റവും തിരക്കേറിയ മുംബയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ നിന്നുള്ള ലോക്കൽ ട്രയിനിലായിരുന്നു തുടക്കം.1995 ൽ ലിംക ബുക് ഓഫ് റെക്കോർഡിൽ മുംതാസ് ഖാസിയുടെ പേര് ആലേഖനം ചെയ്യപ്പെട്ടു.2015ൽ റെയിൽവേയുടെ ജനറൽ മാനേജർ അവാർഡിന് അർഹയായി.2017 ലെ ദേശീയ വനിത ദിനത്തിൽ രാഷ്ട്രപതിയിൽ നിന്നും രാജ്യത്തെ പരമോന്നത ബഹുമതിയായ നാരീശക്തി പുരസ്കാരവും നേടി.29 വർഷമായി തുടരുന്ന സേവനത്തിൽ മുംബൈ സി എസ് ടി യിൽ നിന്നും ഒരുപാട് പാസഞ്ചർ ട്രയിനുകൾ നിയന്ത്രിച്ച് കഴിഞ്ഞ അനുഭവസമ്പത്താണ് ഇന്ന് മുംതാസിനുള്ളത്.

നമ്മുടെ രാജ്യത്തെ പെൺകുട്ടികൾക്ക് പ്രചോദനവും മാതൃകയുമാണ് മുംതാസ് ഖാസിയെ പോലുള്ളവർ.കഴിവും വിദ്യാഭ്യാസവുമുണ്ടായിട്ടും രക്ഷിതാക്കളുടെയോ ചില വ്യക്തികളുടെയോ നിർബന്ധത്തിനും ഇംഗിതത്തിനും വേണ്ടി ജീവിതം ഹോമിക്കപ്പെടുന്ന പെൺ ജന്മങ്ങൾ..!അവർ ഉയർന്ന മേഖലകളിലേക്ക് കടന്ന് വരേണ്ടത് രാജ്യത്തിൻ്റെയും ഇനി വരുന്ന കാലഘട്ടത്തിൻ്റെയും ആവശ്യമാണ്. മുംതാസിൻ്റെ വാക്കുകൾ നോക്കു.. “ഞാനൊരു ഉറച്ച ഈശ്വരവിശ്വാസിയാണ് .നിങ്ങളുടെ ജീവിതയാത്രയിൽ നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ തീർച്ചയായും കഠിന പരിശ്രമത്തിലൂടെയും ശരിയായ മാർഗത്തിലൂടെയും നിങ്ങൾക്കത് നേടാനാകും എന്ന ഖുർആനിലെ വാക്കുകൾ എനിക്ക് കരുത്തായിരുന്നു.

ഇന്ന് ഞാൻ ഒരു ട്രയിൻ നിയന്ത്രിക്കുമ്പോൾ യാത്രക്കാരുടെ സുരക്ഷക്കായി നിരന്തരം ദൈവത്തോട് പ്രാർത്ഥിക്കാറുണ്ട്. ഇത് വരെ വലിയ അപകടങ്ങൾ എനിക്ക് നേരിടേണ്ടി വന്നിട്ടില്ല. പെൺകുട്ടികളുള്ള രക്ഷിതാക്കൾ അവർക്ക് നല്ല വിദ്യാഭ്യാസം നൽകുന്നതോടൊപ്പം അവരുടെ നല്ല ഭാവിയിലേക്കുള്ള ആഗ്രഹങ്ങൾ തല്ലിക്കൊഴിക്കാതെ അവരെ ഉന്നത സ്ഥാനങ്ങളിലെത്തിക്കാൻ പിന്തുണ നൽകുകയും വേണം…”ഇലക്ട്രിക്കൽ എഞ്ചിനീയറായ മഖ്സൂദ് അഹമ്മദ് ഖാസിയാണ് മുംതാസ് ഖാസിയുടെ ഭർത്താവ്. രണ്ട് മക്കൾ തൗസിഫ് അഹമ്മദും ഫത്തീനും.നമ്മുടെ രാജ്യത്തിൻ്റെ യശസ്സ് ഉയർത്താനായി മുംതാസ് ബാസിയെ പോലെയുള്ള മഹത് വ്യക്തിത്വങ്ങൾ ഇനിയും ഉയർന്ന് വരട്ടെ….

By ivayana