1930 കളിൽ എൻ. ഗോവിന്ദൻകുട്ടി സ്കൂൾ പഠനകാലത്തും മറ്റും ഒട്ടേറെ കവിതകൾ എഴുതി പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.- അവയിൽ ചിലതാണ് കൈതൊഴാം, കാത്തിരിക്കുന്നു, എങ്ങു പോയ്?, വസന്തോഷസ്സ്, ഓണത്തിനു ശേഷം, നിരാശ, കർഷകക്കണ്ണീർ തുടങ്ങിയവ.
ഇന്ന് ഈ രാജ്യത്ത് കർഷക ബില്ലും അതിനെ തുടർന്നുണ്ടായിട്ടുള്ള കർഷക രോഷവും പടരുന്ന ഈ ഘട്ടത്തിൽഅദ്ദേഹത്തിന്റെ ‘കർഷകക്കണ്ണീർ’ എന്ന കവിത –
* * * * * * * *
“കർഷകക്കണ്ണീർ”
* * * * * * * *
പാതതൻ വക്കിൽ നീണ്ടു നിവർന്നു കിടക്കുന്ന
വിസ്തൃതമായുള്ളോരുപാടത്തു പാഴ്ച്ചെളിയിൽ,
പാടുപെട്ടു, വിയർത്തു, കാലിപൂട്ടീടുമേകൻ
പട്ടിണികീറി വ്രണമേൽപ്പിച്ച ഗാത്രത്തോടെ.
ഉഷസ്സിൽ പാടം തന്നിലിറങ്ങിവേല ചെയ്യു-
മസ്സാധുപ്രദോഷത്തെ കണ്ടുതാൻ മടങ്ങിടും.
കാലിവൃന്ദത്തെ മുന്നിൽ നടത്തി, പിന്നിലായി,
കൂലിവാങ്ങുന്നതിന്നായ്ഗമിപ്പൂ- അക്കർഷകൻ.
”തീർന്നോടാ നിന്റെ ജോലി?…. നിൽക്കേണ്ട നാളെയാട്ടെ.
തന്നീടാൻ പൈസയൊന്നും മാറ്റിയതില്ല:- പോകൂ….”
മുന്നിൽവിളങ്ങും മേടമുകളിൽ നിന്നുകൊണ്ടു,
മന്നനെപ്പോലെ ഏവമുരച്ചാൻ യജമാനൻ!
പച്ചിലപ്പാദപങ്ങൾ തിങ്ങി നിൽക്കുന്നാക്കൊച്ചു
മെച്ചമാംകുന്നിൻ കീഴിൽ കാണുന്നോരു ചെറ്റയിൽ
വിശപ്പാൽ വശംകെട്ടു വീർപ്പുകൾവിട്ടു കൊണ്ടാ,-
നവശൻ-അക്കർഷകൻ- ചെന്നങ്ങുകരേറുന്നു!
വിളക്കു കൊളുത്തുവാനില്ല,- വിഷമിക്കേണ്ടാ,
വെള്ളിമപരത്തുന്നു പൂർണ്ണേന്ദു പാഴ്ച്ചെറ്റയിൽ.
കണ്ണുകൾമങ്ങി, പാവം കണ്ണീരൊഴുക്കി, മണ്ണിൽ
കൈകാൽ തളർന്നുവീണു വിശപ്പിൻ താഡനത്താൽ.
കറുത്തമേഘപാളി കരേറിവാനിലാകെ
തെറുത്തേണാങ്കൻ തന്റെ പാലൊളിപ്പായ യെല്ലാം;
ചൊരിഞ്ഞുഘോരമാരി,
കയർത്തുകൊടുങ്കാറ്റു,
മുറിഞ്ഞുവൻമരങ്ങൾ,
ഞെരിഞ്ഞു വൻവീടുകൾ.
പുലർന്നുപൊൽ പ്രഭാതം, പറന്നു പക്ഷി ജാലം,
കാലികൾ പാടത്തേയ്ക്കു പോകുവാനെഴുന്നേറ്റു.
എങ്ങുപോയക്കർ ഷകൻ?…. പാടത്തു കാണ്മാനില്ല.
മേവുന്ന ചെറ്റയേത്?…സംസാരം കണ്ടീടുമോ?-
കഷ്ടം! കഠിനം!! സ്വാർത്ഥലോകമേ!!! ചെയ്യാവതോ?
”കർഷകക്കണ്ണീർ”ക്കണം പോരുമീബ്ഭൂമി ചുടാൻ!!!
-എൻ. ഗോവിന്ദൻകുട്ടി

(Kvenugopal)

By ivayana