നോക്കൂ!

മുഖം ഒരു തുറന്ന പുസ്തകമാണ്

ചിരിക്കുമ്പോൾ

അതിനൊരായിരം അർത്ഥങ്ങളും

ആയിരമായിരം വ്യാഖ്യാനങ്ങളും കാണും

എങ്കിലും

ജ്വാല ഒന്നേയുള്ളു.
അതിലൊരുകണമല്ലോ ഞാൻ

ദൈവങ്ങൾക്കു തുല്യം ചാർത്തിയതും

ദൈവങ്ങളത് നക്ഷത്രങ്ങൾക്ക്

ഇഷ്ടദാനം നൽകിയതും.
നോക്കൂ

എന്റെ നെഞ്ചിലെയീ വടുവിന്റെ തിളക്കം

നിലാവിന്റെ ചിരിയിൽ

പ്രതിഫലിക്കുന്നില്ലേ?
തലോടലിന്റെ പാടാണ് കേട്ടോ,

സമയരഥചക്രങ്ങളുടെ കുരുക്കിൽ പെട്ടു

ദേഹി മുറിഞ്ഞടർന്നു വീണപ്പോൾ

വീട്ടിലെ രണ്ടു ദൈവങ്ങളാണന്ന്

എന്നെത്തലോടിയുണർത്തിയത്…
നോക്കൂ

വിറവാർന്നൊരെൻ കൈകളാൽ കോറുന്ന

ചിത്രങ്ങൾ എന്റെ നെറ്റിയിൽ തന്നെ

ഞാൻ പതിച്ചു വച്ചിരിക്കുന്നത് കണ്ടുവോ?
എന്റെ ദൈവങ്ങളതിൽ

ആയിരമായിരം വർണ്ണങ്ങൾ

കോരിയൊഴിച്ചപ്പോൾ

മഴവില്ലിന്നത് ഞാൻ

പണയം വച്ചിരിക്കുകയാണ്.
നോക്കൂ

ആലസ്യത്തിലാർന്ന കൺപീലികളെ

തൊട്ടുതലോടി എന്നെ അവരുണർത്തുമ്പോൾ

ഞാനുമെന്റെ സൂര്യനും മെല്ലെച്ചിരിക്കും

ഭൂമിയൊരായിരം കാവ്യങ്ങൾ തീർക്കുമാ

പൂവിതളുകൾ മേലാകെ തൂവും

എന്റെ മുഖവും വിടരും

ദൈവങ്ങളെ ഞാൻ കണ്ടുവല്ലോ!
അങ്ങനെയാണെന്റെയീ മുഖം

ഇങ്ങനെ ധ്രുവനക്ഷത്രമായ് തെളിഞ്ഞതും

ഗായത്രികൾ ഞാൻ ചൊല്ലിതുടങ്ങിയതും.

നിങ്ങളുടെയോ…?

(കേരള കവിത കുടുംബം.)

By ivayana