ഇരുട്ട് മാറുന്നതിനുമുന്നേ
എന്നുമെഴുന്നേൽക്കുമമ്മ
ഇരുട്ടിനെ തൂത്തുവാരിക്കൊണ്ടിടും –
കുണ്ടിടവഴിയിൽ
മുറ്റത്ത് ചാണകംതളിച്ച്
പടിഞ്ഞാറ്റയിൽ വിളക്ക് വെയ്ക്കും

ഇങ്ങനെ ഒരു ദിവസം തുടങ്ങിയാൽ
വടക്കു പുറത്തെ വാതിലടച്ച്
ഓരോ സാധനവും നുള്ളിപ്പെറുക്കി –
യെടുത്ത് വെച്ച്
എല്ലാം ശരിയെന്നുറപ്പുവരുത്തി
അരികുപറ്റി തലചായ്ക്കുന്നതുവരെ
നെഞ്ചിലേറ്റിയിരിക്കും വീടിനെ

അമ്മയുടെ ഒരു കണ്ണ് കാലിലും
മറുകണ്ണ് കൈയ്യിലുമാണ്
വീടിൻ്റെ മുക്കിലും, മൂലയിലും
അമ്മയെത്താത്ത ഒരു ദിനമില്ല

ആ വീടുനിന്നയിടം ഒരിക്കൽ വെറും –
നിലമായി,
കാട്ടിടവഴിയായി,
പിന്നെ കണ്ടാലറിയാതായി
ഇപ്പോൾ ഞാൻ നിൽക്കുന്ന ഈ നഗര-
ത്തിൽ
എവിടെയായിരിക്കും ആ വീട് നിന്നിട്ടു –
ണ്ടാവുക?!

…………..

രാജു കാഞ്ഞിരങ്ങാട്

By ivayana