ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ
താങ്ങുവാനാളില്ല കൂടെപിടിക്കുവാൻ
ആത്മബലം കൊടുത്ത മഹാത്മാവില്ല .
കൈകാലാവതില്ല കൈപ്പിടിയിലൊന്നുമില്ല
ഒരെല്ലിൻതുണ്ടുപോൽ മെലിഞ്ഞുണങ്ങി
കൂടില്ല കൂട്ടില്ല കൂടപ്പിറപ്പും കൂട്ടായ്മയും
ഇണയുംതുണയുമില്ല താങ്ങിപ്പിടിക്കുവാൻ.
തേങ്ങലുകളെ ചങ്ങലയ്ക്കിട്ട ചങ്ങാതി,
കാലത്തിൻ മൂകസാക്ഷി, ഈ ഒറ്റക്കാലൻ
ഏഴയാം കർഷകൻ,നടുവൊടിഞ്ഞ നരൻ
മഹാത്മനെ മനംനൊന്തു മനനംചെയ്കെ
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
മാടിവിളിക്കുന്നു മനസ്സിലെ മൈനയിതാ
പറക്കുന്നു മനം മഥിക്കും ജീവിതവഴിയേ
ഈ ഇടവഴികളിൽ വീണുപോയവരുടെ
വഴുതുന്ന മുൾപാകിയ വലയപാതയും
വാടിക്കരിഞ്ഞ വിജനമാം പൂവാടിയും
കഥകൾ, വ്യഥകൾ, നേരമ്പോക്കുകൾ
ഗൃഹാതുര ചിന്താചീളുകൾ വീണുടയവേ
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
പണ്ട് പ്രണയജോഡികൾ ചേർന്നുരുമ്മി
യിരുന്നയാപച്ചപുൽ പരവതാനി തിട്ടകളെ
മേച്ചിൽപുറങ്ങളാക്കിയ പുൽച്ചാടി,വിട്ടിൽ
പച്ചകുതിര,ചീവീടു,മരംകൊത്തി,മണ്ണാത്തി
താളത്തിൽ ഇണയെവിളിക്കും കുളത്തവള
എവിടെ മറഞ്ഞു,യെന്തേ,സ്വപ്നംപോൽ
എന്നു നിനച്ചു ചുടു കണ്ണീർ വീഴ്ത്തുന്നു.
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
സ്നേഹമഞ്ഞു തുള്ളിതുള്ളിയായ് വീഴ്ത്തും
അംബരമൊരുകുബേര വനിതയെന്നപോൽ
ആനന്ദകണ്ണീർ ഇറ്റിച്ച ഈ ധരണിയിൽ
എന്തേ വറുതിയും തീക്കാറ്റും പെരുകുന്നു?
കാടു ചാമ്പലായ് തരിശായി തീരുന്നു
മൃഗങ്ങൾ പക്ഷികൾ പലായനം ചെയ്യുന്നു
കൃഷീവലനവന്റെ തോരാമിഴിനീർ വീഴവേ
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
ശിഖരങ്ങൾ വെട്ടിയൊരുക്കിയ മരമൊക്കെ
കോമരം പോലുള്ള മനുഷ്യനെ നോക്കുന്നു
അതിൽവാസിച്ചൊരാ തത്തയും മാടത്തയും
അവരുടെ കിളിക്കൂട്ടിലടവച്ച മുട്ടകൾ,പിന്നെ
വിരിഞ്ഞപറക്കമുറ്റാ പ്രാവിൻ കുഞ്ഞുങ്ങൾ
മാനത്തുരുണ്ടുകൂടിയ മേഘം പെയ്തപോൽ
ആശനശിച്ചു ജനവിസ്മൃതിയിലാകുന്നു.
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
കരിപുരണ്ട ജീവിതച്ചൂളയിൽപെട്ടബാല്യവും
കത്തിയമരുന്ന സ്ത്രീത്വവും നഗ്നസത്യവും
തത്വശാസ്ത്രങ്ങളും ദേശസ്നേഹചിന്തയും
തടവിലാകുന്ന മനുഷ്യചിന്തയും ജന്മങ്ങളും
വൃക്ഷശിഖരങ്ങൾ മുറിച്ചു മാറ്റും പോൽ
തലവെട്ടിമാറ്റുന്ന രാഷ്ട്രീയ വൈര്യവും
ആർക്കും വേണ്ടാത്ത പെൺഭ്രുണങ്ങളും
അമ്മത്തൊട്ടിൽകണ്ട വേണ്ടാശിശുക്കളും
ആൽത്തറകളിലുപേക്ഷിച്ച അച്ഛനമ്മമാർ
എല്ലാം തുറിച്ചുനോക്കി മരവിച്ച മനസ്സുമായ്
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ
കാറ്റും മഴയും കണ്ണാരം പൊത്തി കളിച്ച
മലയുടെ അടിവാരങ്ങളിൽ മാറത്തടിച്ചു
കരയും അമ്മമാർ തേടുന്നു ഭൂമിയുടെ
ശവക്കുഴികളിൽ സ്വർഗം പൂകിയ മക്കളെ.
മണ്ണിടിഞ്ഞും മണലൂറ്റിയും ശോഷിച്ച
നിളയുടെ മരണരോദനം പതിക്കുന്നുവോ
ബധിരാധികാരികളുടെ കർണപുടങ്ങളിൽ?
ഹൃദയം ശിലയായി മാറുന്നുവോ, ഹ!കഷ്ടം.
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
നാട്ടുപച്ചയും പച്ചമരുന്നുകളുമെവിടെ?
നാടുനീങ്ങിയോ നാട്ടറിവുകളും ഗ്രാമീണരും
കുറ്റിക്കാടുകൾ തരുക്കൾ വല്ലരികളിൽ
പൂത്ത മനോജ്ഞ മലർനികുഞ്ജങ്ങളുടെ
മൂർദ്ധാവിൽ ഉമ്മവച്ചൂറ്റിമധുനുണയും
കാനന ശലഭങ്ങൾ തുമ്പികൾ വണ്ടുകൾ
എവിടെയെന്നോർത്തോർത്തു വിതുമ്പുന്നു
മുഖം മ്ലാനമായി കണ്ണീർ കാഴ്ചമറയ്ക്കുന്നു
ഒരു ദിനംകൂടിയാ ഊന്നുവടി ഏകനായ്
സവാരിക്കിറങ്ങുന്നു ഓർമ്മവഴിയേ.
ഇന്ത്യയുടെ ആത്മാവു തേടിനടന്നൊരാ
മഹാത്മാവിന്റെ ഒറ്റക്കാൽ ഊന്നുവടി
വഴികാണാതുഴറുന്നു വഴിതെറ്റി പോകുന്നു
കണ്ണുണ്ടായിട്ടും അന്ധനായിത്തീരുന്നു.
ആ വെളിച്ചം അണഞ്ഞുപോയെങ്കിലും
കാറ്റുംവെളിച്ചവും കടക്കാത്ത ലോകത്ത്
കനലുകൾ കൂട്ടിയവൻ കാത്തിരുപ്പൂ
മൃതിയുടെ തീരത്തൂ നടന്നീടുമ്പോൾ കത്തി-
യമർന്നയാ മഹാത്മാവിൻ പട്ടടതേങ്ങുമോ
വെറും തേങ്ങലായ് ഒടുങ്ങി തീരുമോ ഒരു
ഫീനിക്സ് പക്ഷിയെപ്പോലവനുയിർക്കുമോ?
ഒരു ദിനം കൂടിയാ ഊന്നുവടി പിന്നെയും
അവൻ കയ്യിലേന്തി നടക്കുമോ ഈ വഴിയേ?

By ivayana