തിളങ്ങുന്ന
പച്ച നിറമുള്ള
ബജാജ് ചേതക്
സ്കൂട്ടർ….
ജ്വലിക്കുന്ന
സൗന്ദര്യമുള്ള
ഇരട്ട
സഹോദരങ്ങളെപ്പോലെ
തോന്നുന്ന
ഒരു ഭാര്യയും
ഭർത്താവും….
ഒരു മാലാഖക്കുട്ടി…
ഒരു
ഗന്ധർവ്വ കുമാരൻ…
മോഹനേട്ടന്റെ
കുടുംബം…..
കാണുമ്പോഴെല്ലാം
ടെലിവിഷൻ
പരസ്യത്തിലെ
കുടുംബചിത്രത്തിൽ
എന്നതുപോലെ
കാന്തികമായ
ഒരു
പ്രകാശവലയം
അവരെ
ചൂഴ്ന്നുനിന്നു….
ഒട്ടും
ഭംഗിയില്ലാത്ത
സ്വന്തം
വീടിനെക്കുറിച്ചോർത്ത്
കുശുമ്പ് വന്നു…
വരത്തനാണ്…
എന്നാലും
എല്ലാർക്കും
മോഹനേട്ടനെ
നല്ല മതിപ്പാണ്…
എന്തോ
ജോലിയുണ്ട്…
വീട്ടിൽ നിറയെ
കൃഷിയും
കാര്യങ്ങളുമുണ്ട്…
കോഴിയും
താറാവും
ആടും പശുവും
പിന്നെ
നാട്ടിൽ
ആർക്കും മുൻപരിചയം
ഇല്ലാത്ത
വാത്തയും
കാടയും
അങ്ങനെ….
ശ്വാസംമുട്ടിന്
നല്ലതാണെന്ന്
പറഞ്ഞ്
കാടമുട്ട വാങ്ങാൻ
അമ്മ
മോഹനേട്ടന്റെ
വീട്ടിലേക്ക്
ഇടയ്ക്കിടെ പറഞ്ഞയച്ചു…
കാണാൻ
എന്ത് ചന്തമുള്ള വീട്.
വാത്തയെ
കണ്ട്
അരയന്നം
ഇതുപോലെയാകും
എന്ന് കരുതി…
പോകുമ്പോഴെല്ലാം
ചേച്ചി
തണുത്ത
സംഭാരം തന്നു…
കുഞ്ഞുങ്ങൾ
ചുറ്റിപ്പറ്റി നിന്നു…
അവിടെ
ആകെ ഒരു അലോസരം
ഒരു പണിക്കാരൻ…
പരദേശി ഭാഷ
സംസാരിക്കുന്ന
ഒരു
ദുർമ്മുഖൻ….
പൊതു പരീക്ഷ
വന്നു ..
സ്കോളർഷിപ്പ് പരീക്ഷ എഴുതുന്ന
കുഞ്ഞുങ്ങളും
വന്നു …
മോഹനേട്ടൻ
കുഞ്ഞുമോളുടെ
കൈ പിടിച്ചു വന്നു..
എന്റെയും
കൂട്ടുകാരന്റെയും
നടുക്ക്
അവളെ ഇരുത്തി
നോക്കിക്കോണേ
എന്നുപറഞ്ഞ്
മധുരമായി
ചിരിച്ചു…
പോയി..
പരീക്ഷ തീരുന്ന
ദിവസം
മഷി
കുടഞ്ഞ് കുടഞ്ഞ്
നനഞ്ഞൊട്ടിയ
ഉടുപ്പുമായി
ഓടിച്ചെന്ന് ഉണ്ണാനിരുന്നു…
ചോറിനൊപ്പം
അമ്മ വിളമ്പി..
അടുത്തിരുന്ന്…
സഹിക്കാനാവാത്ത
ഒരു സങ്കടം കൂടി…
മോഹനേട്ടൻ
മരിച്ചുപോയി…
രാവിലെ
സ്കൂട്ടറിൽ
ഒരു തേയിലവണ്ടി
ഇടിച്ച്….
നിറച്ചുണ്ടു…
വീണ്ടും വീണ്ടും
ചോറുവാങ്ങി…
അന്ന് അമ്മ
അത്താഴ
പ്പട്ടിണിയായി ….
കുറേ ദിവസം
കഴിഞ്ഞ്
ഒരു വൈകുന്നേരം മോഹനേട്ടന്റെ
വീട്ടിൽ പോയി…
കുഞ്ഞുങ്ങളെ
കാണണം..
ഉമ്മറപ്പടിയ്ക്കരികിൽ
പണിക്കാരൻ
ദു൪മുഖ൯
വീട്ടുകാരന്റെ
ചാരുകസേരയിൽ
ഇരിക്കുന്നു…
ചേച്ചി
അയാൾക്ക് ചായ
കൊണ്ടുവന്നു
കൊടുക്കുന്നു…
അന്ധരായ
രണ്ടുകുഞ്ഞുങ്ങൾ…
പിന്നെയും
കുറേനാൾ കഴിഞ്ഞ്
ഒരു ദിവസം
ചേച്ചിയെ
വഴിയിൽ വച്ച്
കണ്ടു…..
നന്നാക്കിയെടുത്ത
മോഹനേട്ടന്റെ
സ്കൂട്ടറിൽ
പഴയ
പണിക്കാരന്റെ
പിന്നിലിരുന്ന്
പോകുന്നു…..
കാലം
പണപ്പെട്ടി
പൊട്ടിച്ച്
എണ്ണിപ്പെറുക്കി
എങ്ങോട്ടൊക്കെയോ
പറഞ്ഞയച്ചു….
അലഞ്ഞൊഴുകി
തിരികെ
വരുമ്പോൾ
എല്ലാ അമ്മമാരും
പറയും
നാട്ടുവിശേഷങ്ങള്
വീട്ടുവിശേഷങ്ങള്…
മോഹനേട്ടന്റെ
മകൾ
നാട്ടിലെ
ഒരു
ഗുണ്ടയോടൊപ്പം
ഇറങ്ങിപ്പോയതും…..
മോഹനേട്ടന്റെ
മകൻ
അയാളെ
വീടുകയറി
വെട്ടിക്കൊന്നതും…
പരദേശി
വേലക്കാരൻ
സ്വത്തെല്ലാം
കൈക്കലാക്കി
വിറ്റുപെറുക്കി
നാടുവിട്ടതും…
ഇന്ന്
മങ്ങിപ്പോകാത്ത
ഓർമ്മകളുടെ
കൈപിടിച്ച്
പഞ്ഞി പോലെ
നരച്ച മുടിയുള്ള
ഒരു പെണ്ണാളിനെ
തൊഴിലുറപ്പു പണിക്കാർക്കാ൪ക്കിടയിൽ കണ്ണുകൾകൊണ്ട്
അമ്മ കാണിച്ചു തന്നു…
മോഹനേട്ടന്റെ
ഭാര്യ…
എത്രകാലം
ചുമന്നു നടന്നാലും
ചില
സങ്കടങ്ങൾ
കരച്ചിലാവുന്നേയില്ല..
എനിക്കും
അമ്മയ്ക്കും മാത്രം
വയസ്സാകുന്നേ
ഇല്ല …..

By ivayana