”മറവിയൊരു
കാരണമായ്മൊഴിഞ്ഞ്-
കൈകഴുകുന്നവൾ
വീണ്ടും പറന്നു പോകുന്ന-
യിരുളിലേയ്ക്ക്,
സംശയഗ്രസ്തരുടെ
കുറുങ്കണ്ണിൽ നിന്നുമൊരു
നിസ്സഹായ കാമുകൻ
എരിഞ്ഞുപാളുന്നു” (‘നിർവ്വചനം’)
പുതു കവിതയുടെ പ്രത്യേകതകളെത്തേടിയിറങ്ങുമ്പോൾ കണ്ണിൽ തടയാതെ പോയേക്കാവുന്ന ചിലതുകളിൽ അടിഞ്ഞു കിടക്കുന്ന കവിതാ ഗുണം നല്ലൊരു കാഴ്ചയാണ്.ചിലപ്പോൾ ഒരു വാക്കോ ഒരു വരിയോ തന്നെ പൂർണ്ണമായും കവിതപ്പെടുന്നിടത്താണ് പുതു കവിതയും കവിയും പൂർവ്വ മാതൃകകളിൽ നിന്നും വേറിട്ടു നിൽക്കുന്നത്.പുതു കവിത അതിൻ്റെ പ്രാവർത്തിക സ്വഭാവം പ്രകടമാക്കുന്നത് പല തരത്തിലാണെന്ന് അതിൻ്റെ സ്വഭാവം കൊണ്ടു തന്നെ വ്യക്തമാകുന്നു.പേര്,വാക്ക്,വരി,പ്രമേയം തുടങ്ങിയവയെല്ലാം തന്നെ ഇതിനുള്ള മൂശകളാണ്.’ശൈലൻ്റെ കവിതകൾ’ എന്ന സമാഹാരം ഇത്തരത്തിൽ ചില സാധ്യതകൾ കാട്ടിത്തരുന്നതാണ്.അതിലെ ‘നിർവ്വചനം’ എന്ന കവിതയെ നിയന്ത്രിക്കുന്നതു തന്നെ ”കൈകഴുകുന്നവൾ” എന്ന വാക്കാണ്.ഒരു കവിയുടെ മൂല ധർമ്മം കവിതയെ സംവദിപ്പിക്കുക എന്നുള്ളതാണ്.അതിൻ്റെ വിനിമയത്തിനു വേണ്ടി അവൻ/അവൾ ഉപയോഗിക്കുന്ന മാർഗ്ഗം ഏതു തന്നെ ആയാലും അത് കവിതപ്പെട്ടിരിക്കണം എന്നതു മാത്രമാണ് മുഖ്യം.ഇത് വായനക്കാരിലെത്തിക്കുക എന്ന കർമ്മം കൃത്യമായും ചെയ്യുന്നത് കവിത തന്നെയാണ്.കവിതയുടെ ഭൗതിക സാഹചര്യങ്ങളിൽ നിന്നു തന്നെ കവിതയെ അടുത്തറിയുകയും ആശയഗ്രഹണം സാധ്യമാക്കുകയും ചെയ്തിരുന്ന കാലത്തു നിന്നും മലയാള കവിത മാറി നടക്കാൻ തുടങ്ങിയിട്ട് കാലമേറെ ആയെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിൻ്റെ പ്രാരംഭം മുതലുണ്ടായിട്ടുള്ള കവിതകളിൽ വന്നിട്ടുള്ള മാറ്റം അതിനെ സംബന്ധിച്ചിടത്തോളമുള്ള ഒരു സമൂല പരിവർത്തനം തന്നെയാണ്.കവിതയടങ്ങിയിട്ടുള്ളതെന്തും കവിതപ്പെടുന്ന അവസ്ഥയാണ് ഈ കവിതകളിൽ കാതലായിക്കാണാൻ കഴിയുന്നത്.പ്രാദേശിക ഭാഷാ സ്വഭാവത്തെ അതു പോലെ അനുകരിക്കാതെ സ്വാഭാവികത ഏറ്റവും കൂടുതൽ പ്രകടമാക്കുന്ന സാധാരണ ഭാഷയിൽ പറയപ്പെടുന്നു എന്നതാണ് ഈ പുതിയ കവിതാ സംസ്കാരം മുന്നോട്ടു വയ്ക്കുന്ന ഏറ്റവും നല്ല വശം.ഇന്നിനെക്കുറിച്ചു പറയാൻ ഇന്നിൻ്റെ ഭാഷ എന്നതാണ് അതിൻ്റെ ബലതന്ത്രം.ആ അർത്ഥത്തിൽ തന്നെ വായിക്കപ്പെടുമ്പോഴാണ് ഇന്നത്തെ കവിതകൾ അവയുടെ ലക്ഷ്യത്തിൻ്റെ പൂർണ്ണ രൂപത്തിൽ ഗ്രഹിക്കപ്പെടുന്നത്.
‘ശൈലൻ്റെ കവിതകൾ’ എന്ന സമാഹാരം ഈ നൂറ്റാണ്ടിൻ്റെ പ്രാരംഭ കാലം മുതലുള്ള കവിതകളുടെ പൊതു സ്വഭാവങ്ങൾ പ്രകടമാക്കുന്ന കവിതകൾക്ക് മികച്ച ഉദാഹരണങ്ങൾ പേറുന്ന കവിതകളുള്ള ഒന്നാണ്.ആദ്യ കവിതയായ ‘നിർവ്വചന’ത്തെക്കുറിച്ചിവിടെ സൂചിപ്പിച്ചു കഴിഞ്ഞു.അത് ഒരു വാക്കിനെ ആത്മാവാക്കുന്ന കവിതയാണ്.’ദേശാടനം’ എന്ന കവിത അർത്ഥ ഗർഭമായ ഒരു ചിരിയാണ്. ”മലയാളി ഒരു പരിമിത വിഭവനായ തിരക്കഥാകൃത്ത്” എന്ന അവസാന വരി വായിച്ചു കഴിയുമ്പോൾ കവിത മുകളിൽ നിന്നും സ്വയം താഴേയ്ക്കിറങ്ങി വരും.അപ്പോഴാണ് കവിതയിലെ ചിരി അനുഭവിക്കാൻ കഴിയുന്നത്.’നിഷ്കാസിതൻ്റെ ഇസ്റ്റർ’ , ‘താമ്രപർണി’ , ‘ദേജാ വൂ’ എന്നിങ്ങനെ മൂന്നു ഭാഗങ്ങളായാണ് ‘ശൈലൻ്റെ കവിതകൾ’ എന്ന സമാഹാരം ചിട്ടപ്പെടുത്തിയിരിക്കുന്നത് ഇതിൽ, ‘നിഷ്കാസിതൻ്റെ ഈസ്റ്റർ’ പൊതുവേ ഉന്മേഷത്തിൻ്റെ സ്വഭാവം പ്രകടിപ്പിക്കുന്ന കവിതകളാണ് ഉൾക്കൊള്ളുന്നത്.ഇതിൽ അമർത്തി വച്ചിരിക്കുന്ന ചില സാധ്യതകളെ അടർത്തിയെടുത്താൽ പുതു കവിതയുടെ ഏറ്റവും മികച്ച വശങ്ങൾ ഉൾക്കൊള്ളുന്ന കവിതകൾ കണ്ടെത്താനാവുമെന്നത് നൂറു തരമാണ്. ‘അർവ്വാചീനർ’ എന്ന കവിത ഒരു പ്രത്യേക തരം സ്വഭാവം കാണിക്കുന്ന ഒന്നാണ്.കവിത വായിച്ചു തീരുമ്പോൾ കവിതയുടെ പേരാണ് യഥാർത്ഥ കവിതയെന്നാണ് അത് കാണിച്ചു തരുന്നത്. ‘നിഷ്കാസിതൻ്റെ ഈസ്റ്റർ’ എന്ന കവിത യഥാർത്ഥത്തിൽ പൊതുജനമാണ്.ഉള്ളിൽ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്ന ചില ചോദ്യങ്ങൾ കവിതയെ ഒരു വക്താവാക്കി മാറ്റുകയാണ് ചെയ്യുന്നത്. ‘പട്ടികളെയും സർവ്വേക്കല്ലുകളേയും കുറിച്ച് ‘ കുറേ ചിരിപ്പിക്കുന്ന കവിതയാണ്.
”നാലാം നാൾ
ലോഡ്ജ്റൂം
വെക്കേറ്റ് ചെയ്തിറങ്ങുമ്പോൾ
കടുകട്ടിക്കന്യകാത്വത്തിൽത്തടവി
കാമുകി തികട്ടിത്തുപ്പി” എന്നു പറയുന്ന കവിതയുടെ പേര്, ‘തികച്ചും സമാധാനപരം’ എന്നാണെന്ന് ഒന്നോർമ്മിപ്പിക്കുന്നു എന്ന് മാത്രം! ശൈലൻ എന്ന കവി കവിതകളിൽ ഉപരിപ്ലവമായ ചില സാധ്യതകൾക്കു നൽകുന്ന അമിത പ്രാധാന്യം ഈ സമാഹാരത്തിൻ്റെ തന്നെ ഒരു സവിശേഷതയാണ്.വേണമെങ്കിൽ ഇത്, ഈ സമാഹാരത്തിനുള്ള മികച്ചതും കാര്യമാത്രപ്രസക്തമായതുമായ ഒരു വിമർശനമായി എടുത്തു കാണിക്കാം.പക്ഷേ,ഉപരിപ്ലവതകൾ നിലനിൽക്കുമ്പോൾ തന്നെ അത്തരം കവിതകളുടെ ഉള്ളിൽ തെളിയുന്ന യഥാർത്ഥ കവിതയുടെ മിന്നലാട്ടങ്ങൾ വിമർശനങ്ങളെ ശക്തമായി പ്രതിരോധിക്കാൻ പോന്നവയാണ്. ‘സാംസ്കാരികം’ , ‘അന്ത്യാക്ഷരം’ , ‘ദെരീദ’ തുടങ്ങി അനവധി കവിതകൾ ഇതിൽ ഇത്തരം സ്വഭാവം പ്രകടമാക്കുന്നുണ്ട്.
‘ശൈലൻ്റെ കവിതകളി’ൽ രാഷ്ട്രീയം അതിൻ്റെ ഏറ്റവും സൂക്ഷ്മ രൂപങ്ങളിലാണ് പ്രവർത്തിക്കുന്നതെങ്കിലും ഇവയൊന്നും അധോമുഖ സ്വഭാവം പ്രകടിപ്പിക്കുന്നില്ല.ഈ പുസ്തകത്തിലെ ‘താമ്രപർണി’ എന്ന രണ്ടാം ഭാഗം അകം കാഴ്ചകളിൽ ചില രാഷ്ട്രീയ പ്രശ്നങ്ങൾ മുന്നോട്ട് വയ്ക്കുന്നുണ്ട്. ‘ത്രികോണ വിപ്ലവം’ എന്ന കവിതയാണ് ഒരു പരിധിവരെ അതിനു തുടക്കം കുറിക്കുന്നത്.അടിസ്ഥാനപരമായി കുടുംബത്തിൻ്റെ മുഖം കാട്ടിത്തരുന്ന കവിതയിൽ അതിലെ രാഷ്ട്രീയം പ്രതിനായക സ്ഥാനത്താണ്. ‘ഞാഞ്ഞൂൽ കാലത്തെ ഗ്രഹണം’ കവിതയെന്ന അർത്ഥത്തിൽ ഒരു കറങ്ങിത്തിരിയാണ്.ഇതിൽ രാഷ്ട്രീയം ഒരു അഭിമുഖ സംഭാഷണം പോലെയാണ്.ദുർഗ്രഹതയുടെ വിയർപ്പു തുള്ളികൾ ‘താമ്രപർണി’യിലെ ചില കവിതകളിൽ ഉറഞ്ഞു നിൽക്കുന്നുണ്ട്. ‘ഉപജീവനം’ കവിതാ ഗുണം കൊണ്ട് ഏറെ മുന്നിൽ നിൽക്കുമ്പോഴും മേൽപ്പറഞ്ഞ ദോഷം ബാധിച്ചിട്ടുള്ള ഒന്നാണ്.കവിതാ കൗശലത്തിൽ ശൈലൻ എന്ന കവിയുടെ സ്ഥാനം മുൻപന്തിയിൽ തന്നെയാണെന്ന് ഇതിലെ കവിതകൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ‘താമ്രപർണി’ , ‘കാളിദാസസ്യ’ തുടങ്ങിയ കവിതകൾ ചില ഉദാഹരണങ്ങൾ മാത്രം.രാഷ്ട്രീയവും കവിതാ കൗശലവും ഒരു പോലെ ഇഴുകിച്ചേരുന്ന കവിതയാണ് ‘മൈ-ഥിലി’. ‘അൽജസീറ’ കാല്പനികതയോട് സാദൃശ്യം പുലർത്തുന്ന ഒന്നാണെന്ന തോന്നൽ ജനിപ്പിച്ചുകൊണ്ടാണ് അതിലെ രാഷ്ട്രീയം വിടർത്തിയിടുന്നത്.യാഥാർത്ഥ്യത്തിൻ്റെ ശരിയായ വിനിമയം ചെയ്യപ്പെടൽ ‘ശൈലൻ്റെ കവിതകളി’ലെ രണ്ടാം ഭാഗമായ ‘താമ്രപർണി’യിൽ പ്രത്യക്ഷാനുഭവമാണ്.
”അത്രമേൽ
വിപണനമൂല്യ-
മേറിയിട്ടും
കിഡ്നിയെച്ചൊല്ലി
ഒരു കവിയും
ഉപമ
മെനഞ്ഞതില്ലല്ലോ” (ഗുണ്ടാത്മകൻ)
എന്നതിനൊക്കെ എന്തിനാണ് പ്രത്യേകിച്ചൊരു വിശദീകരണം.
”കല്ലിനടിയിൽ
പന്തുപോകാതെ
നോക്കിയേക്കണേ
ആരാധകാ ….! ”
എന്ന് ‘സെറീനാ വില്യംസ്’ എന്ന കവിതയിൽ പറയുന്ന ശൈലൻ നേരെ എഴുതി തിരിച്ചു വായിപ്പിക്കുകയാണോ എന്ന് സംശയിച്ചു പോകും! എന്തായാലും വായനക്കാരനൊരു ഗൂഢസ്മിതത്തിനുള്ള വക ഈ കവിത നൽകുന്നുണ്ട്. ‘ഉൽപതിഷ്ണു’ അതിൻ്റെ പേരിനെ അക്ഷരം പ്രതി വിശദമാക്കുന്ന കവിതയാണ്.അത് പുതിയ കാലം തന്നെയാണ്.എഴുത്തിൻ്റെ സമതല രൂപങ്ങളിലെ വേരുറപ്പിക്കലുകൾ ജീവിതത്തിൻ്റെ നിമ്നോന്നതങ്ങളിൽ നടത്തുന്ന ജൈവികമായ മാനങ്ങൾ അതേ രൂപത്തിൽ എടുത്തു പറയുന്നു എന്നതാണ് ശൈലൻ്റെ കവിതകളുടെ എടുത്തു പറയാവുന്ന പ്രത്യേകതകളിലൊന്ന്.പിടികിട്ടാത്ത വഴികളിലൂടെ നടന്നു പോകുന്ന ചില ഒറ്റയാൻ ശബ്ദങ്ങളും കേൾപ്പിക്കുന്നുണ്ട് ഈ കവിതാ സമാഹാരം. ‘ബൈബിൾ’ എന്ന കവിത നോക്കുക,
”അയൽക്കാരനെ
യെന്നപോൽ
പതിവ്രതേ …..
വല്ലപ്പോഴെങ്കിലും
നിൻ്റെ
കെട്ടിയവനെയുമൊന്നു
സ്നേഹിച്ചു
പ്രണയിച്ചു
കാമിച്ചു നോക്കുവിൻ….
(How …….!
ഹെന്തൊരു
ചെയ്ഞ്ച്….. !!!)”
നേർരേഖാ പ്രസരണത്തിലാണെങ്കിൽ കോലാഹലം സൃഷ്ടിക്കുന്ന ഒരു കവിതയാണിത്.അപ്രിയ സത്യമെന്നിതിനെ വേണമെങ്കിൽ വിളിക്കാം എന്നു വന്നാൽ ചിലപ്പോൾ ആ വിളി പോലും ചോദ്യം ചെയ്യപ്പെട്ടേക്കും,കാരണം;അത്ര ലഘുവല്ല ഇതിൻ്റെ വിസരണ സ്വഭാവം.മേനിപ്പുളപ്പിൽ തന്നെ സദാചാര മൂല്യങ്ങളെ കടന്നാക്രമിക്കുകയാണത്.പുതിയ കാലത്തെ പെൺ പ്രത്യയശാസ്ത്രത്തിന് ചിലപ്പോളിത് അസ്വാരസ്യം സൃഷ്ടിച്ചേക്കാം.എന്തായാലും കവിതയിലിതൊരു നല്ല നടപ്പാണെന്നു പറയാൻ മുതിരുന്നില്ല.വായന തരുന്ന അനുഭവം പലർക്കും പലതായിരിക്കും.ബാക്കിയൊക്കെ ഇനി അതിൻ്റെ അടിസ്ഥാനത്തിലാവട്ടെ.
”കണ്ടുമുട്ടാത്തപ്പോൾ
കരളിൽ
കനലാണെന്നു
തമ്മിൽതെര്യപ്പെടുത്തിയത്
വജ്രകാലം ….” (താജ്മഹൽ)
എന്നെഴുതിയതും ഇതേ കവി തന്നെയാണെന്നിടത്താണ് അസന്ദിഗ്ദത എടുത്തെറിയപ്പെടുന്നത്.കവിതയ്ക്കുള്ളിൽ മറ്റൊരു കവിത പറയുന്ന ഒന്നാണ് ‘പ്രതീക്ഷാനിർഭരം’ ഈ കാലത്തിൻ്റെ ഇരുപുറങ്ങളും കവിതാ വിഷയങ്ങളാവുന്ന ‘ശൈലൻ്റെ കവിതകൾ’ എന്ന കവിതാ സമാഹാരം ചുരുക്കം ചില സന്ദർഭങ്ങളിലെങ്കിലും അന്തർമുഖത്വം പ്രത്യക്ഷമായിത്തന്നെ പ്രകടിപ്പിക്കുന്നുണ്ട്.കവിതയുടെ മൂർത്ത ഭാവങ്ങളിൽ ആശാസ്യമെന്നും ലഘുവെന്നും തോന്നുന്നതായ ഒരു പുറം മോടി,ഒരു പക്ഷേ;പുതു കവിതയ്ക്കും പുതിയ കവിക്കും പ്രകടിപ്പിക്കാൻ കഴിഞ്ഞെന്നു വരില്ല എന്തെന്നാൽ,കാലം കവിതയെ അത്രമേൽ മാറ്റിക്കഴിഞ്ഞിരിക്കുന്നു.ശൈലനും ഇതിനനുസരിച്ചു തന്നെയാണ് സഞ്ചരിക്കുന്നത്.പൂർവ്വ മാതൃകകളുടെ പുരോഡാംശങ്ങൾക്കു വേണ്ടിയോ പാരമ്പര്യത്തിൻ്റെ ഓഹരിത്തുണ്ടുകൾക്കു വേണ്ടിയോ ഓടി നടക്കാതെ,സ്വതസിദ്ധവും സ്വാഭാവികവുമായ ഒരു രചനാ പദ്ധതിയാണ് പുതു കവി സമൂഹം മുന്നോട്ടു വയ്ക്കുന്നത്.അതിന് നിയതമായ എന്തെങ്കിലും നിയമ സംഹിതകളോ പ്രത്യേകമായ ചട്ടക്കൂടുകളോ ഒന്നും തന്നെയില്ല.വ്യക്തിഗത ഭാഷയുടെ ലാവണ്യ പൂരണങ്ങളാണ് കൊള്ളാവുന്ന ഓരോ പുതു കവിതയും.
”ഭാവിയുടെ
അവാർഡു ജൂറിക്കു മുൻപാകെ
ജീവിതം
സമർപ്പിച്ചപ്പോൾ
ഞാനഭിനയിച്ച
ഡ്യുയറ്റ് ഗാനരംഗങ്ങൾ
വെട്ടിയെറിഞ്ഞ്
ശുദ്ധ-
ഖരഹരപ്രിയയായി
അവൾ” (അഗ്നിശുദ്ധി)
പ്രണയത്തെത്തന്നെ നിലനിന്നിരുന്ന ഒരു സർവ്വ സാധാരണ രീതിയിൽ നിന്നും മാറ്റിയെഴുതുന്ന ശൈലനടക്കമുള്ള ഒരോ പുതിയ കവിയും ഓരോരോ വിഷയങ്ങളിലും അവരവരുടേതായ കവിത കണ്ടെത്തുകയാണ് ചെയ്യുന്നതെന്ന് എങ്ങനെ പറയാതിരിക്കാൻ കഴിയും ?.
മാറ്റങ്ങളെ മനസ്സിലാക്കാൻ കഴിയാത്തതിൻ്റെ പേരിലോ അഥവാ ഇനി അതിന് ശ്രമിക്കാത്തതിൻ്റെ പേരിലോ അല്ലയെങ്കിൽ മനസ്സിലാക്കിയവയ്ക്ക് അതർഹിക്കുന്ന സ്ഥാനം നൽകേണ്ടവർ നൽകാതിരിക്കുകയോ ചെയ്യുന്ന വ്യവസ്ഥിതി അക്ഷരാർത്ഥത്തിൽ കവിതയെന്ന സംസ്കാരത്തിൻ്റെ മുഖത്തടിക്കുന്ന പ്രവണതയാണ്.ശൈലൻ എന്ന കവിയെ സംബന്ധിച്ചിടത്തോളം,അദ്ദേഹം മുഖ്യധാരാ മാദ്ധ്യമങ്ങളിലടക്കം ശ്രദ്ധേയനും മികച്ച അനേകം കവിതകൾ എഴുതിയിട്ടുള്ള ആളുമാണ്.എന്നിട്ടു കൂടി കവിതയുടെ ചില അപ്പർ ക്ലാസ്സ് സങ്കേതങ്ങൾക്ക് അദ്ദേഹമിപ്പോഴും അസ്പർശ്യനാകുന്നതിൻ്റെ ചേതോവികാരമെന്തെന്നു വിശദമാക്കുന്നില്ലെങ്കിലും,അതിൻ്റെ പിന്നിൽ മികച്ച ഒരു രസതന്ത്രം പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് പച്ചയായ സത്യമാണ്. ‘മോട്ടോർ സൈക്കിൾ ഡയറി’ എന്ന കവിത ഒന്നിലധികം സംസ്ക്കാരങ്ങളുടെ സംഗമമാണ്.അതുകൊണ്ടു തന്നെ അതിൻ്റെ പ്രതലം അല്പം വിസ്തൃതവുമാണ്.വിശ്വാസിയും യുക്തിവാദിയും പുരോഗമനേച്ഛുവും പിന്നെ വിയോജിപ്പുകളുമുണ്ടതിൽ.വ്യക്തി ജീവിതത്തിൻ്റെ പടിപടിയായ പുരോഗതികളുടെ പിന്നിലുള്ളതും തുടർന്നു വരുന്നതുമായ വസ്തുകളുടെ രേഖാമൂലമായ ആലേഖനമാണത്.തമിഴിൻ്റെയും മലയാളത്തിൻ്റെയും വ്യതിരിക്തതകളിലൂടെ രണ്ടു സംസ്ക്കാരങ്ങൾ ഇതിൽ ഇതൾ വിരിയുന്നു.ഭാഷയായല്ല ദേശങ്ങളായാണ് അവ കടന്നു വരുന്നത്.
”ചിത്തിരപിറന്നാൽ
അത്തറതോണ്ടുമെന്ന
ജാതകവിശേഷം”
എന്നു പറയുന്നിടത്ത് ഒരു കാലഘട്ടത്തിലെ വ്യത്യസ്ത തലമുറകളുടെ വിശ്വാസ-അവിശ്വാസങ്ങൾ മാറ്റുരയ്ക്കപ്പെടുന്നു.
”ഗുരുക്കന്മാരില്ലാത്ത
പoനത്തിൽ
കിക്കറെന്നുകരുതി
ബ്രേക്കിലിട്ടുചാമ്പി
പലവട്ടം.
ന്യൂട്രലാക്കാൻ വേണ്ടി
കാൽമടമ്പമർത്തിയപ്പോൾ
രൂപകാതിശയോക്തിയിലേക്കു
വീണ്
പുഷ്പിതാഗ്രയിലേയ്ക്ക് …! ”
എന്നു വായിക്കുമ്പോൾ ഉള്ളിലുറയുന്ന ഒരു നിരാശയും ഉറച്ച ഹാസ്യ വശവുമാണനുഭവപ്പെടുന്നത്. ‘സുതാര്യം’ എന്ന കവിത തീർത്തും സുതാര്യമായാണ് ചിരിപ്പിക്കുന്നത്. ‘ചിലപ്പോൾ’ പകുത്തെറിയുന്ന പക്വതയാണ്. ‘പ്രി-പെയ്ഡ്’ , ‘ബയോ-ഡാറ്റ’ എന്നീ കവിതകൾ പുതിയ കാലത്തിൻ്റെ കണ്ണാടിയിൽ കാണലാണ്.ഭാഷയോടും അതിൻ്റെ സംസ്ക്കാരത്തോടും ശൈലൻ എന്ന കവിക്കുള്ള പ്രതിബദ്ധത അതിനോടുള്ള സ്നേഹ-താല്പര്യങ്ങൾ എന്നിവ അതിൻ്റെ ഉന്നതമായ അംശമായിത്തന്നെയാണ് ‘ശൈലൻ്റെ കവിതകളി’ൽ തെളിഞ്ഞു കാണുന്നത്. ‘മദ്ധ്യേ വൃശ്ചിക ദംശനം’ പോലെയുള്ള കവിതകൾ ഇതാണ് കാട്ടിത്തരുന്നത്.വീക്ഷണത്തിലുള്ള പുതുമകൾ,കൈ അടക്കമുള്ള എഴുത്തു രീതി,നിരീക്ഷണ കൗതുകത്തിലുള്ള സൂക്ഷ്മത,ദൈനംദിന വിഷയങ്ങളെ തന്മയത്വത്തോടെ ഭാഷാവത്ക്കരിച്ചിരിക്കുന്ന രീതി, മികച്ച ഗദ്യ രീതിയുൾപ്പെടയുള്ള കവിതാഖ്യാനം തുടങ്ങിയ ഒട്ടേറെ ഗുണങ്ങളടങ്ങിയ കവിതാ സമാഹാരമാണ് ‘ശൈലൻ്റെ കവിതകൾ’ .

Schzylan Sailendrakumar

By ivayana