ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ
“എന്റെ മോൾ, എന്റെ മോൾ “
എന്നൊരു വിതുമ്പലു കേട്ടു.
എന്റെ നാടിന്ന്
പെണ്ണുടലുകൾക്ക് മേലെ
വട്ടമിട്ട് പറക്കുന്ന
മാംസ ദാഹികളായ
കഴുകന്മാരുടെ നാടാണ്.
തളർ വാതം വന്ന് കിടപ്പിലായ
അമ്മയെപ്പോലെ എന്റെ നാട്.
ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ
നാലു കഴുകന്മാർ കൊത്തിക്കീറുന്ന
ഒരു പെൺ മാനിനെ കണ്ടു.
തിന്നു തീർത്തതിന്റെ
തെളിവ് കിട്ടാതിരിക്കുവാൻ
തെളിവ് പറയുന്ന നാവ് ആദ്യം മുറിച്ചു.
തിരിച്ചറിയൽ പരേഡിൽ
കണ്ടു പിടിക്കുന്ന
കണ്ണുകൾ കുത്തിപ്പൊട്ടിച്ചു.
വരച്ചു കാട്ടാതിരിക്കാൻ
പണ്ടേ കൈകാലുകൾ തല്ലിയൊടിച്ചിരുന്നല്ലൊ !
അവസാനം ഇറ്റ് ജീവൻ ബാക്കിയുണ്ട്,
മനസ്സ് മനസ്സ് എന്ന ഹൃദയമിടിപ്പ് !
തെളിവ് ശേഖരിക്കാൻ വന്ന
മനസാക്ഷിയില്ലാത്തവർ
അതും കരിച്ചു കളഞ്ഞു.
ഇന്ന് ഞാൻ പറക്കാനിറങ്ങിയപ്പോൾ
എന്റെ നാട്ടിൽ രാജാക്കന്മാരേ ഉള്ളു
എന്റെ നാട്ടിലെ രാജാക്കൾ
പരിപൂർണ്ണ നഗ്നരാണ്,
മത ചിഹ്നങ്ങൾ വരച്ചു വച്ച
തുണിയുടുക്കാത്ത ഉടലുകൾ കാട്ടി
അവർ ജനത്തെ
അരക്കെട്ടിലേക്ക് അടുപ്പിക്കുകയാണ്.
പെണ്ണുടൽ കരിച്ച
സ്വപ്നങ്ങൾക്കു മേൽ
ആകാശം മുട്ടെ പ്രതിമ പണിഞ്ഞ്
അതിന്റെ ചുറ്റും
വലിയ അക്ഷരത്തിൽ എഴുതി വച്ചു
“സ്ത്രീ അമ്മയാണ്’
സ്ത്രീ പെങ്ങളാണ്
സ്ത്രീ ദേവിയാണ്
സ്ത്രീ പൂജിക്കപ്പെടേണ്ടവളാണ്.”
ഇന്ന് ഞാൻ പറക്കാനിറങ്ങിയത്
എന്റെ തെറ്റ് എന്റെ മാത്രം തെറ്റ് .