ദളിത്-പിന്നാക്ക സമുദായക്കാരോടുള്ള മനുഷ്യത്വരഹിതസമീപനത്തിൻ്റെ പ്രാകൃത -രൂപം പഴയപടി ഇന്നും നിലനിൽക്കുന്ന വിശാലഭൂമിയാണ് വടക്കേയിന്ത്യ.ദീർഘകാലം കോൺഗ്രസ്സും, പലവട്ടം ദളിത് നേതാവായ മായാവതിയും ഭരിച്ച നാടായ U.P യിലെ സ്ഥിതി മാത്രം മതി ഈ സത്യം നമ്മെ ഓർമ്മിപ്പിക്കുവാൻ.പിന്നാക്ക – ദളിത് സമൂഹത്തിൻ്റെ അരക്ഷിതാവസ്ഥ നേരിട്ട് അനുഭവിച്ചവർ തന്നെയാണ്, ഭരണ-പ്രതിപക്ഷ ഭാഗത്ത് ഇന്നുള്ള നേതാക്കളിൽ ഭൂരിഭാഗവും.എന്നിട്ടുമെന്തു കൊണ്ട് ദളിത്പീഡനവും, പീഡകരായ സവർണ്ണരെരക്ഷിക്കാനുള്ള ഹീനമായ ഭരണതന്ത്രങ്ങളും ഏറി വരുന്നു?യു.പിയിലെ ഹത്രാസിൽ നടന്നത്, 70 കൊല്ലത്തിനു ശേഷവും സ്വതന്ത്ര ഇൻഡ്യയിലെ ദളിതരുടെദൈന്യമുഖത്തിൻ്റെ കാഴ്ച മാത്രം.ഇവിടെ, ദളിത് വിമോചനത്തിൻ്റെ അപ്പോസ്തലന്മാരായി അധികാരത്തിലേ -റിയവരെല്ലാം അവരുടെ ലക്ഷ്യം വിസ്മരിച്ചിരിക്കുന്നു! കാരണം, അധികാരത്തിൽ തുടരാൻ, പ്രബലരായ സവർണ്ണരുടെ ധനവും, സ്വാധീനവും മാത്രം മതിയെന്നവർ മനസ്സിലാക്കിയിരിക്കുന്നു.ഇത്രയേറെ ദളിത് വിദ്വേഷം പ്രകടമായി- ട്ടുണ്ടായിരുന്നിട്ടും, ദുർബല സമൂഹത്തിൻ്റെ സംരക്ഷണത്തിനായി, ഓരോ ഗ്രാമങ്ങളിലും പ്രത്യേക നിയമസംവിധാനങ്ങൾ നടപ്പിലാക്കാൻ എന്തു കൊണ്ട് ഇതുവരെ കഴിയാതെ പോയി? ദൈനംദിന ജീവിതത്തിലെ സമസ്തമേഖല- കളിലും, ‘ജാതിപരമായ തുല്യത ‘ ,ഓരോ ഗ്രാമത്തിലും യാഥാർത്ഥ്യമാകുന്ന കാലം വരെ, പരിപൂർണ്ണമായ സംരക്ഷണം ദളിതർക്ക് ഉറപ്പാക്കുക തന്നെ വേണം.നിയമസാധുതയുള്ള ‘സർക്കാർ – ജനപങ്കാളിത്ത’ സംവിധാനങ്ങൾ നിലവിൽ വരണം.പീഡനത്തിലേക്കോ, മറ്റു വിവേചനങ്ങ -ളിലേക്കോ ദളിതർ വിധേയരാക്കപ്പെടാവുന്ന സാഹചര്യങ്ങൾ, സദാ ജാഗരൂകരായി നിന്ന്തടയുവാൻ തക്ക കരുത്തുള്ള സംവിധാനമാണ് വേണ്ടത്.ധീരനായ അയ്യങ്കാളി തെളിച്ച വില്ലുവണ്ടിയുടെസമരാഹ്വാന ധ്വനി ഇന്ത്യയിലെങ്ങും മുഴങ്ങണം.വിവേചനങ്ങൾക്ക് അറുതി വരുത്താൻ ഉറച്ച തീരുമാനമെടുത്ത ഒരു യുവതലമുറ, വടക്കേ ഇന്ത്യയുടെ രാജവീഥിയിലൂടെ ‘അയ്യങ്കാളിയുടെ വില്ലുവണ്ടി’ തലങ്ങും വിലങ്ങും ഓടിക്കാൻ മുന്നോട്ടു വരണം.അന്നേ മാറൂ ഈ ദുരവസ്ഥ.ഇന്ത്യയുടെ ഹൃദയഭൂമിയിലും ഒരു ‘അയ്യങ്കാളിപ്പട’ എന്നുണ്ടാകും?…..