മൃതുവിൻ നിഴൽ നിറഞ്ഞ കാറ്റിൽ,
അതിരു താണ്ടുകയാണു നിശബ്ദ്ധനായ് !
തൊണ്ടക്കുഴി വരണ്ടൊട്ടി
പ്രാണശ്വാസത്തിനായ് പിടയുന്നു കുടിലുകൾ.
മണിമാളികകളിലും തഥാ,
ഞരങ്ങുന്നുണ്ടു കുരലുകൾ !
ഔഷധമരച്ചു തീരാതെ ലോകം
പകച്ചു നിൽക്കയാണിപ്പൊഴും.
പണച്ചാക്കു മൂട്ടിയിട്ട മുറികളിൽ
പ്രാണവായു തിരയുന്നുവോ വൃഥാ!
സ്വർണ്ണമുരുക്കിപ്പലഹാരമാക്കുവാൻ
ഉലയിലിനിയേതു കനലു നിറക്കണം?
അന്നമൂട്ടിയ വിളനിലങ്ങളിൽ
വിറങ്ങലിച്ചു നിൽക്കയാണംബരചുംബികൾ!
ഭീതിയുടെ വിലങ്ങണിഞ്ഞു സ്വയം,
ചുമരുകൾക്കുള്ളിൽ ഗൃഹവും കാരാഗൃഹം.
പുഴ നിറഞ്ഞൊഴുകിയൊരോർമ്മയിൽ
നനവു തേടുകയാണിന്നു വേനൽ.
കാർമേഘഗർജ്ജനം കേട്ടു നടുങ്ങി
ഉരുൾ പൊട്ടുന്നു മഴക്കാടുകൾ !
മഹാമാരി താണ്ടിയാലിനി ചെറ്റു നേരം നിൽക്കാം.
കുറ്റവും ശിക്ഷയും തനിക്കു താൻ വിധിക്കാം.

By ivayana