തുടുപ്പാർന്ന വിരലാൽ നെറ്റിയിൽ
തലോടി ഉമ്മ വച്ച് പിന്നിലേക്ക്
ചിറകിട്ടടിക്കാറുണ്ട് ചില വഴികൾ.
പഠനകാലം പല വഴികളിലേക്കടർന്ന്
പിരിയുമ്പോഴും കൂടെ കൂട്ടാറുണ്ട്
നമ്മൾ നമ്മളറിയാതെ
ചില മരുപ്പച്ചകൾ.
വരികൾക്കിടയിൽ കയറിയിരുന്ന്
കുത്തിയൊലിച്ച് പുളഞ്ഞ്
ചിതലരിക്കും കാലത്തിന്റെ
മിടിപ്പുകളിൽ കൊക്കുരുമ്മി
മനതാരിൻ തുമ്പത്ത്
ആടിയുലഞ്ഞ് തിളങ്ങാറുണ്ട്
ചില വാക്കുകൾ.
തുന്നിച്ചേർത്ത ദുരിതജീവിതത്തിന്റെ
തീമരക്കാടുകളിൽ ഒറ്റയ്ക്ക്
പിടഞ്ഞ് കത്തിയ
നോവുകൾക്കിടയിൽ ശലഭങ്ങളായ്
പാറിപറന്ന് സ്വപ്‌നങ്ങൾക്ക്‌
ചിറക് മുളപ്പിച്ച്, പുതുമഴയായ്
പുണർന്ന ചില നന്മമനസ്സുകളുണ്ട്.
വറുതിയുടെ ചുണ്ടിൽ കവിത
പൂത്ത് നിൽക്കുന്ന
വെയിൽ ഞരമ്പുകളിൽ
കണ്ണീരടർന്ന പഠനകാലത്തിന്റെ
കനൽവഴികളിൽ കൈകാലിട്ടടിച്ച
നിഴൽ ചിത്രങ്ങളിലേക്കിറങ്ങി
കൈപിടിച്ചുയർത്തി ആകാശത്തോളം
സ്നേഹം അളന്ന് തന്ന
മലയാളം ടീച്ചർ.
കരി പുരണ്ട പഠന പ്രതീക്ഷകളിൽ
വില കൂടിയ പുസ്തകങ്ങൾ
വാങ്ങാനാവാതെ,
ഫീസടക്കാൻ കാശില്ലാതെ
കോളേജിന് പുറത്തേക്കുള്ള
വാതിലിൽ വഴിമുട്ടി നിന്ന
നിമിഷങ്ങളിൽ സഹായ ഹസ്തമായ്
എന്റെ പ്രതീക്ഷകളിലേക്ക്
വസന്തം കൊത്തി വച്ച്
പൂക്കാലത്തെ ഇറക്കിവച്ച ,
മക്കളില്ലാത്ത ടീച്ചറുടെ നെഞ്ചിൽ
എന്നെ അടയാളപ്പെടുത്തിയിരുന്നു.
സ്നേഹത്തിന്റെ കടലാഴങ്ങളിൽ
നീന്തി തുടിച്ച് മുത്തുകൾ
വാരിയെടുത്ത് തുടി കൊട്ടി പാടി
അനുഗ്രഹ വർഷ സംഗീതമായ്
പടർന്ന് ഇടനെഞ്ച് കീറിപൊളിച്ച്
കരള് കൊത്തിപ്പറിക്കുന്ന
വാക്കുകൾക്ക്‌ മുമ്പേ
ചിറക് വിരിക്കുന്നു വീണ്ടും
പതറി പെയ്യുന്ന ഓർമ്മകൾ.

( ഷാജു. കെ. കടമേരി )

By ivayana