നാടിനെ തഴുകി വരുന്ന കാറ്റിൽ പിച്ചി ചീന്തിയെറിയപ്പെട്ട എത്രയോ പെൺകുട്ടികളുടെ രോദനം അലിഞ്ഞു പോയിട്ടുണ്ടാകാം… അറിയാതെ പോയത് ഞാനും നിങ്ങളുമുൾക്കൊള്ളുന്ന സമൂഹത്തിന്റെയും വീഴ്ചയാണ്.. പെണ്ണെ നീ തൊട്ടാവാടിയല്ല….ചിന്തകൾ അഗ്നിയാക്കുക…ഉത്തർപ്രദേശിലെ ആ സഹോദരിക്ക് വേണ്ടി……അറിയാതെ പോയത്…

ഹൃദയത്തിൽ നീറുന്ന നോവുമായുണ്ടൊരു
അമ്മ കരയുന്നു അകലങ്ങളിൽ.
പെൺമക്കൾ തന്നുടൽ കീറിയെറിയുന്ന
നെറികേടിൻ കാലത്തിൻ കാമമോർത്ത്.
അറിയാതെ പോയതോ, കണ്ണടയ്ക്കുന്നതോ
നീതിപീഠത്തിൻ തണൽ മരങ്ങൾ.
വീശുന്ന കാറ്റിൽ അവളുടെ രോദനം
അലിയുന്നു…കേൾക്കുവാനാരുമില്ലേ?
അറിയാതെ പോയത്…ഇരയുടെ നീതിയും
അമ്മയായ് കാണുമീ നാടിൻ പേരും.
ചിലതെല്ലാം ചിന്തയിലഗ്നിയായ് നിർത്തണം
തൊട്ടാവാടികളായിടാതെ.
അറിയാതെ പോയത് പല തരം പേരെങ്കിൽ
അവരുമീ നാടിൻ പെൺമക്കൾ തന്നെ.
അമ്മയായ്, പെങ്ങളായ്, മകളായിമാറുന്ന
സത്യമാറിയാത്തവർ നമ്മൾ തന്നെ!
പെണ്ണിന്റെ ചോരയും കണ്ണീരും കലരുന്ന
ഗംഗാ നദിയും വിശുദ്ധമാണോ?
കൊടിയ പാപത്തിനെ അറിയാതെ പോയത്
അധികാര വർഗ്ഗത്തിൻ നീതി ബോധം..!

മനോജ്‌ കാലടി

By ivayana