കൊച്ചി കരുവേലിപടിയിലെ തക്യാവിന് ചരിത്രത്തിൽ നിന്നും കഥകൾ പലതും പറയാനുണ്ട് . തുടക്കത്തിലെ ചിലത് പറയട്ടെ . കൊച്ചിയിലെ പുരാതനവും പ്രശസ്തവുമായ മുസ്ലിം നൈനാ കുടുംബങ്ങളും – കോഴിക്കോട് സയ്യിദ് വംശത്തിന്റെ പിന്മുറക്കാരായ തങ്ങന്മാരും തമ്മിലുണ്ടായിരുന്ന ഒരുമയുടെ സാമൂഹിക രസതന്ത്രമാണ് കൊച്ചിയിലെ തക്യാവിന് കൊച്ചിയുടെ ചരിത്രത്തിൽ നിന്നും പറയാനുള്ളത് . അതു പോലെ കച്ചീ മേമൻ കുടുംബങ്ങൾക്കും തക്യാവുമായി ബന്ധമുണ്ടായിരുന്നു .
അറേബ്യയിൽ നിന്നും കാറ്റിനൊപ്പം അറബിക്കടലിലൂടെ ഒഴുകിയെത്തിയ പത്തേമാരികളിൽ സയ്യിദ് വംശത്തിന്റെ പിൻമുറക്കാർ കേരളത്തിലേക്കെത്തി . സയ്യിദ് വംശത്തിന്റെ അറേബ്യയില്‍ നിന്നുള്ള വലിയൊരു കടന്നു വരവുണ്ടാകുന്നതും അധിവാസമുറപ്പിക്കുന്നതും നാല് നൂറ്റാണ്ട് മുമ്പാണ് . അതിന് മുൻപെ ഒറ്റപ്പെട്ട കടന്ന് വരവുകളുണ്ടായിരുന്നതായി ചരിത്രത്തിൽ കാണാം . മദീനയില്‍നിന്ന് ഇറാഖിലേക്കും അവിടെനിന്ന് യമനിലെ ഹളര്‍മൗത്തിലേക്കും കുടിയേറിയ സയ്യിദ് കുടുംബം അവിടെ നിന്നാണ് കേരളത്തിലേക്ക് എത്തുന്നത് .
പതിനഞ്ചാം നൂറ്റാണ്ടിലൊ പതിനാറാം നൂറ്റാണ്ടിലൊ ആവാം സയ്യിദ് വംശത്തിന്റെ പിന്മുറക്കാർ വ്യാപകമായി കേരളത്തിലെത്തുന്നത് എന്ന് മലപ്പുറം ഖാസിയായിരുന്ന ഒ.പി.എം. സയ്യിദ് മുത്തുക്കോയ തങ്ങൾ ചരിത്രം ഉദ്ധരിച്ച് രേഖപ്പെടുത്തുന്നു . എങ്കിലും അതിന് മുൻപെ ഒറ്റപ്പെട്ട കടന്നു വരവുകളുണ്ടായിരുന്നതായി നേരെത്തെ പറഞ്ഞുവല്ലൊ . കേരളവുമായി വ്യാപാരബന്ധം പുലര്‍ത്തിയിരുന്ന അറബ് വ്യാപാര സംഘങ്ങളിലൂടെയാണ് യമനിലെ സയ്യിദ് വംശം കേരളത്തിലെത്തുന്നത് . വിവിധഘട്ടങ്ങളില്‍ ഒറ്റയായും സംഘമായും ഇവർ കേരളത്തിലേക്കെത്തി .
കേരളത്തിന് പുറമെ ഇന്ത്യയില്‍ അഹമ്മദാബാദ് , സൂറത്ത് , ബറോഡ , കൊങ്കണ്‍ , ഹൈദരാബാദ് , ബീജാപൂര്‍ , തമിഴ്‌നാട്ടിലെ കായല്‍പട്ടണം , കീളക്കര , രാമനാഥപുരം എന്നിവടിങ്ങളിലെല്ലാം ഹള്‌റമികളായ തങ്ങന്മാർ കുടിയേറിയിട്ടുണ്ട് . പതിനഞ്ചാം നൂറ്റാണ്ടിൽ തുടങ്ങിയതാണ് അവരുടെ കുടിയേറ്റം എന്ന് വിലയിരുത്തപ്പെടുന്നു . സയ്യിദ്മാരിൽ രണ്ട് വിഭാഗങ്ങളുണ്ട് . കേരളത്തിൽ ബുഖാരികളെയും , ഹള്‌റമികളെയും കാണാം . ഇവരിലെ പ്രധാന കുടുംബങ്ങളാണ് അൽ മുശൈഖ് , ജിഫ്രി , ഹൈദ്രൂസ് , ശിഹാബുദ്ദീൻ , ബാഫഖീഹ് , ബാഅലവി , ജമലുല്ലൈലി , ഹദ്ദാദ് , അഹദൽ , ഹിബുശി , അത്താസ് , സഖാഫ് , ഐദിദ് മശ്ഹൂർ . ദക്ഷിണ അറേബ്യയായ യമനിലെ ഹളർമൗതില്‍ നിന്നാണ് ഇവർ ഇവിടെ എത്തുന്നത് .
പഴയ സോവിയറ്റ് റഷ്യയിലെ ഉസ്ബെക്കിസ്ഥാനിലുള്ള ബുഖാറയില്‍ നിന്നാണ് ബുഖാരികളുടെ ആഗമനം . ലാഹോറിലും ഡല്‍ഹിയിലും അവിടെ നിന്ന് കേരളത്തിലുമെത്തിയവരാണ് ബുഖാറ തങ്ങന്മാര്‍. ഇവർ കേരളത്തിൽ ആദ്യമായി അധിവാസമുറപ്പിച്ചത് കണ്ണൂരിലെ വളപട്ടണത്താണ് . ഒന്നര നൂറ്റാണ്ടിലേറെയായി കാണും ഇവരെ ‘ തങ്ങന്മാർ ‘ എന്ന് അഭിസംബോധന ചെയ്യാൻ തുടങ്ങിയിട്ട് . ബഹുമാനിച്ച് ആദരിച്ച് നൽകിയ പേരാണ് ‘തങ്ങന്മാർ ‘ എന്നത് . പണ്ടു കാലങ്ങളിൽ മുസ്ലിംകളല്ലാത്ത മറ്റു മത വിഭാഗങ്ങളിലെ ചിലരെ തങ്ങൾ എന്ന് വിളിച്ചിരുന്നതായി കാണാം .
രാഷ്ട്രീയ സാമൂഹിക രംഗത്തെ കർമ്മോന്മുഖമായ പ്രവർത്തനം . പോര്‍ച്ചുഗീസ് , ഡച്ച് , ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ പോരാടിയ സമരനായകന്മാർ . ഗ്രന്ഥകാരന്മാർ , കവികൾ അങ്ങിനെ വൈജ്ഞാനിക സംസ്‌കാരിക രംഗത്തെ ജ്വലിപ്പിച്ചവർ . ജ്ഞാനം , നേതൃപാടവം, ചരിത്രബോധം തുടങ്ങിയ ഗുണങ്ങള്‍ ചരിത്രത്തിലുടനീളം ഇവരിലൂടെ പ്രകടമായിരുന്നു . കേരളത്തിലെ ബുഖാരികളല്ലാത്ത മുഴുവന്‍ തങ്ങന്മാരുടെ കുടുംബങ്ങളും യമനില്‍ നിന്നു വന്നവരാണ് . ഇന്ത്യക്കു പുറമെ , സൗദി , ഒമാൻ , മൊറോക്കോ , തുണീഷ്യ , മലാക്കാ , ഫിലിപ്പൈന്‍സ് , മലേഷ്യ , ജാവാ എന്നിവിടങ്ങളിലെല്ലാം ഇവരുടെ സാന്നിദ്ധ്യമുണ്ട് .
പ്രവാചകൻ മുഹമ്മദ് നബി ( സ ) യുടെ പുത്രി ഫാത്വിമയുടെയും പ്രിയതമൻ അലി ( റ ) യുടെയും പുത്ര പരമ്പരയിലാണ് സയ്യിദന്മാർ എന്നാണ് പൊതുവെ പറയപ്പെടുന്നത് . അറേബ്യയിൽ നിന്നെത്തിയ രുചി കൂട്ട് ……. ഹരീസ് എന്ന ( അലീസ ) ഇറച്ചിയും , ഗോതമ്പും കൂടെ നല്ല നറുനെയ്യും , പഞ്ചസാരയും ചേർന്ന വിഭവം . ഇത് ഇവരോടൊപ്പം യമനിൽ നിന്നെത്തിയ രുചിയാണ് . അതു പോലെ ഏതൊരു സൽക്കാരത്തിലും അറബി കാവയുമുണ്ടാകും .
മുട്ട മാല ….. മുട്ടയുടെ വെള്ള വേർപെടുത്തി മുട്ട കരു കൊണ്ടുണ്ടാക്കുന്ന വിഭവം ഇത് മാല പോലിരിക്കും . മുട്ട സുർക്ക ….. വേർപ്പെടുത്തിയെടുത്ത മുട്ടയുടെ വെള്ള കൊണ്ടുണ്ടാക്കുന്ന വിഭവം . മുട്ട കൊണ്ടുള്ള ഈ രണ്ട് വിഭവങ്ങളും കേരളത്തിൽ പ്രചാരമായത് തങ്ങന്മാരുടെ തീൻമേശകളിൽ നിന്നാണ് .ബൈത്തും – ഇശലും – ദഫഫുമായി പുതിയാപ്ല…… കല്യാണ പന്തലിലേക്ക് പുതിയാപ്ലയെ ( വരൻ ) ആനയിച്ചുകൊണ്ടു വരുന്നത് ദഫഫ് മുട്ടി , ബൈത്ത് ( കവിത ) ചൊല്ലി , ഇശല് പാടിയാണ് . ആദ്യ ദിവസം പെൺ വീട്ടിലാണ് താമസം . ‘അറമുറി ‘ സംവിധാനം പെൺ വീട്ടിൽ ഒരുക്കിയിട്ടുണ്ടാകും ഇതിന് ‘ ഭവനം ‘ എന്ന് കൂടി പറയും . ഈ അറമുറി എന്നാൽ സർവ്വ സജ്ജീകരണങ്ങളും ഒരുക്കിയ ഒരു മുറിയായിരിക്കും . ഇന്നും മലബാറിൽ ഇത്തരം ‘അറമുറി ‘ ഒരുക്കലുണ്ട് . പുതിയാപ്ലയെ നിക്കാഹിനായി പെൺ വീട്ടിൽ നിന്ന് കുട്ടികൊണ്ടുവരൽ ചടങ്ങുണ്ട് . സമൂഹത്തിൽ ഉയർന്ന പദവികളുള്ള ആരെങ്കിലുമാവും തങ്ങൾ കല്യാണങ്ങളിൽ അതിന് നേതൃത്വം നൽകുക .
കൊച്ചിയിലെ ഖാസിയായിരുന്ന സയ്യിദ് അബ്ദുറഹിമാൻ ചെറിയ കുഞ്ഞിക്കോയ തങ്ങളുടെ ( അൽ മുശൈഖ് ) പേരക്കുട്ടി സുഹറ ബീവിയുടെ കല്യാണത്തിന് കൊയിലാണ്ടിയുള്ള വരൻ ഹുസൈൻ ജിഫ്രി തങ്ങളെ കൂട്ടികൊണ്ടു വരാൻ അന്ന് നേതൃത്വം നൽകിയത് നൈനാ കുടുംബത്തിലെ തമ്പുരാൻ കൊച്ചൊ എന്ന K.Z. മുഹമ്മദ് അബ്ദുൽ ഖാദിർ നൈനയാണ് എന്ന് അബ്ദുല്ലാ കോയ തങ്ങൾ ഇന്നും വ്യക്തമായി ഓർക്കുന്നു .പാണക്കാട് കൊടപ്പനക്കൽ തറവാട് ……. മലപ്പുറം പാണക്കാട് കൊടപ്പനക്കൽ തറവാടിന് കേരള രാഷ്ട്രീയത്തിൽ നിർണ്ണായക സ്വാധീനമാണ് ഉള്ളത് . മതപരവും – രാഷ്ട്രീയ പരവുമായ ചർച്ചകൾക്ക് ഈ തറവാട് എന്നും വേദിയായി .കുടുംബപരമായ പ്രശ്നങ്ങൾ , സ്വത്ത് തർക്കങ്ങൾ എന്നിവയുടെ പരിഹാരങ്ങൾക്കായി ആളുകൾ ഈ തറവാട്ടിലേക്ക് എത്തുന്നു .
പാണക്കാട് സെയ്യിദ് അഹ്മദ് പൂക്കോയ തങ്ങളുടെ മകൻ മുഹമ്മദലി ശിഹാബ് തങ്ങൾ മലപ്പുറത്തെ പാണക്കാട് കൊടപ്പനക്കൽ തറവാടിൽ നിന്ന് എടുക്കുന്ന തീരുമാനങ്ങൾക്ക് കേരളത്തിൽ വലിയ സ്വാധീനം സൃഷ്ടിക്കാറുണ്ടായിരുന്നു . പതിഞ്ഞ ശബ്ദത്തിലെ സംസാരം പക്ഷെ കേരള രാഷ്ട്രീയത്തിൽ അത് മുഴക്കങ്ങൾ ഉണ്ടാക്കിയിരുന്നു . വർഗ്ഗീയ ലഹളകളാൽ കലാപഭൂമിയാകാതെ കേരളത്തെ സംരക്ഷിച്ചതിൽ കൊടപ്പനക്കൽ തറവാടിനും ശിഹാബ് തങ്ങൾക്കും വലിയ പങ്കുണ്ട് . പതിഞ്ഞ ശബ്ദം ശാന്തനായ വ്യക്തി കേരളത്തെ ശാന്തമാക്കി നിർത്തുന്നതിൽ അദ്ദേഹം വലിയ പങ്ക് വഹിച്ചു . നല്ലൊരു എഴുത്തുകാരനായിരുന്നു ശിഹാബ് തങ്ങൾ . ഖലീൽ ജിബ്രാന്റെ കഥകൾ വിവർത്തനം ചെയ്തു , മതം – സമൂഹം – സംസ്ക്കാരം എന്ന ഗ്രന്ഥത്തിന് എസ്. കെ. പൊറ്റക്കാട് പുരസ്ക്കാരം ലഭിച്ചിട്ടുണ്ട് .
ഈജിപ്തിലെ അൽ അസ്ഹറിൽ നിന്ന് ഉപരിപഠനം . കെയ്റൊ യൂണിവേഴ്സിറ്റിയിൽ നിന്ന് ലിസാൻ അറബിക് ലിറ്ററേച്ചറിൽ ബിരുദ്ധം . അബ്ദുറഹിമാൻ ബാഫഖി തങ്ങളുടെ മകൾ ശരീഫ ഫാത്തിമ ബീവിയാണ് പ്രിയതമ . 2009 ആഗസ്ത് – 1 ന് ഇദ്ദേഹം എന്നന്നേയ്ക്കുമായി യാത്രയായി .അബ്ദുറഹിമാൻ ബാഫഖി തങ്ങൾ ………… കേരള രാഷ്ട്രീയത്തിലെ ശോഭിച്ച നക്ഷത്രം അബ്ദുറഹിമാൻ ബാഫഖി തങ്ങൾ . കേരളത്തിൽ മുന്നണി രാഷ്ട്രീയത്തിന്റെ ശിൽപ്പി എന്നൊരു വിശേഷണവും കൂടി ഇദ്ദേഹത്തിനുണ്ട് കാരണം ഐക്യ ജനാധിപത്യ മുന്നണിയുടെ രൂപീകരണത്തിൽ മുഖ്യ പങ്ക് വഹിച്ച ധിഷണാ ശാലിയായ രാഷ്ട്രീയക്കാരനായിരുന്നു ബാഫഖി തങ്ങൾ . അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകളോട് വിയോജിക്കുമ്പോഴും വ്യക്തിപ്രഭാവത്തേയും സംശുദ്ധ പൊതു ജീവിതത്തേയും അങ്ങേയറ്റം ആദരവോടെയാണ് എതിര്‍പക്ഷ രാഷ്ട്രീയ നേതാക്കള്‍ പോലും നോക്കിക്കണ്ടിരുന്നത് .
കോട്ടയം തിരുനക്കര മൈതാനിയില്‍ നടന്ന വിമോചന സമരത്തിന്റെ ഉദ്ഘാടന മഹാസമ്മേളനത്തില്‍ മന്നത്ത് പത്മനാഭന്‍ പറഞ്ഞത് ‘‘ മാപ്പിള സമുദായത്തിന്റെ മഹാരാജാവായ ബാഫഖി തങ്ങളെ ഞാന്‍ സ്വാഗതം ചെയ്യുന്നു ‘’ എന്നാണ് . കേരള രാഷ്ട്രിയത്തിൽ വളരെ നിർണ്ണായകമായ തീരുമാനങ്ങൾക്ക് അബ്ദുറഹ്മാൻ ബാഫഖി തങ്ങളുടെ വീട് സാക്ഷ്യം വഹിച്ചിട്ടുണ്ട് . E. M. S , A. K. G എന്നിവർ 1967-ൽ അന്നത്തെ സപ്ത കക്ഷി ഭരണത്തിനായും , പിന്നീട് കെ. കരുണാകരൻ , അച്ചുതമേനോൻ അടക്കമുള്ളവർ ഇന്നത്തെ UDF മുന്നണിക്കായും കോഴിക്കോട് പുതിയങ്ങാടിയിലെ ബാഫഖി വീട്ടിൽ സമ്മേളിച്ചിട്ടുണ്ട് . ഈ കെട്ടിടം ചരിത്രത്തിന് സാക്ഷിയായി ഇന്നും നിലനിൽക്കുന്നു .
സത്യസന്ധനായ കച്ചവടക്കാരൻ , മികച്ച രാഷ്ട്രീയ തന്ത്രജ്ഞൻ അതായിരുന്നു ബാഫഖി തങ്ങൾ . വിമോചന സമരകാലത്തെ ഒരു പ്രധാന മുദ്രാവാക്യങ്ങളിലൊന്നായിരുന്നു പട്ടം-മന്നം-ബാഫക്കി തങ്ങൾ- ആർ ശങ്കർ സിന്ദാബാദ് എന്നത് . പിതൃസഹോദരന്റെ കടയിൽ ജോലിക്ക് കയറുമ്പോൾ ബാഫഖി തങ്ങൾക്ക് പന്ത്രണ്ട് വയസ്സ് . ഇരുപത്തിയാറാം വയസ്സിൽ സ്വന്തമായി കച്ചവടം ചെയ്തു തുടങ്ങി . കൊപ്ര , അരി കച്ചവടവുമായി ‘ ബാഫഖി & കമ്പിനി ‘ കോഴിക്കോട് വലിയങ്ങാടിയിൽ നിന്ന് ബർമ്മയുടെ തലസ്ഥാനമായ റംഗൂണിലേക്ക് വ്യാപിച്ചു . ഇന്തോനേഷ്യ , മലേഷ്യ , ബർമ്മ , ഈജിപ്ത് , ഇറാഖിലെ ഹിജാസ് , ബസ്വറ , കൂഫ , തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കച്ചവട ആവശ്യാർത്ഥം ബാഫഖി തങ്ങൾ സന്ദർശിച്ചിട്ടുണ്ട് .
അത്ഭുതപ്പെടുത്തുന്ന ആകാരസൗഷ്ടവവും , തങ്കനിറമുള്ള മേനിയഴകും , സ്വഭാവ നൈര്‍മ്മല്യവും , നിറഞ്ഞ പുഞ്ചിരിയുമുള്ള ബാഫഖി തങ്ങൾ 1973 ജനുവരി 19 – ന് സൗദി അറേബ്യയിലെ മക്കയിൽ വെച്ച് ഇഹലോകവാസം വെടിഞ്ഞു . അവിടെ തന്നെ അദ്ദേഹത്തെ കബറടക്കുകയും ചെയ്തു . ” ഇസ്സത്തതേറും ( ഇസ്സത്ത് – പ്രതാപം ) ജുബ്ബ തലയിൽ കെട്ട് വേഷമേ ഇനി കാണുകില്ല ചന്ദ്രമുഖം ആ പ്രകാശമെ ………… ” തങ്ങന്മാരുടെ ചരിത്രം തുടരും ……… മൻസൂർ നൈന –