അച്ഛന്റെ മരണശേഷം ദാരിദ്ര്യത്തിലാണ്ട് പോയ കുടുംബത്തെ കരകയറ്റാൻ എന്ത് ചെയ്യേണ്ടൂ എന്നറിയാതെ പകച്ച് നിന്നപ്പോൾ ദേവദൂതനെപ്പോലെയാണ് ബാലുച്ചേട്ടൻ പ്രത്യക്ഷപ്പെട്ടത്.കേട്ടറിവു മാത്രമുളള കോഴിക്കോട് നഗരത്തിൽ എത്തിപ്പെടുന്നത് അങ്ങനെയാണ്.

വ്യവസായികളും സിനിമാ നടന്മാരുമൊക്കെ വന്ന് പാർക്കുന്നമഹാറാണി ഹോട്ടലിനടുത്തുള്ള ബാലുച്ചേട്ടന്റെ വീട്ടിൽ താമസം. പ്രാതൽ കഴിഞ്ഞാൽ കല്ലായി റോഡിലെ അപ്സര തിയറ്ററിനടുത്തുള്ള ടെയ്ലറിങ് പീടികയിലേക്ക് പുറപ്പെടും. നാട്ടുകാരൻ അശോകേട്ടന്റേതാണ് ആ സ്ഥാപനം. പാളയം റോഡിലൂടെയുളള നടത്തം ഉന്മേഷം പകരുന്നതായിരുന്നു . കാണണമെന്നാഗ്രഹിച്ച പലരേയും കണ്ട്മുട്ടിയത് അവിടെവച്ചാണ്.

മഹാനഗരത്തിൽ വന്ന്പെട്ടനാട്ടുമ്പുറത്തുനെപ്പോലെ, കക്ഷത്തൊരു ബാഗും ഇറുക്കിപ്പിടിച്ച് എസ്.കെ. പൊറ്റേക്കാട് , കാലൻകുട നിലത്തൂന്നി കനത്ത കാൽവെപ്പുകളോടെ നഗ്നപാദനായി വൈക്കം മുഹമ്മദ് ബഷീർ, സുമുഖനായ എം.ടി.വാസുദേവൻ നായർ,വട്ടമുഖവും പതിഞ്ഞ മൂക്കുമുളള യു ഏ ഖാദർ, എൻ.പി.മുഹമ്മദ്, കെ. ഏ. കൊടുങ്ങല്ലൂർ .. എൻ.ബി.എസ്സിലോ അളകാപുരിയുടെ സമീപത്തോവച്ച് ഇവരിലാരെയെങ്കിലും നിത്യവും കാണാം. ഞായറാഴ്ചകളിൽ മുതലക്കുളം മൈതാനത്തൂടെ ടൗൺ ഹാളിലേക്ക് നടക്കും.

സാഹിത്യ പരിപാടികളോ ചർച്ചാക്ലാസുകളോ ഉണ്ടെങ്കിൽ കാശ് ചെലവില്ലാതെ കടന്നിരിക്കാം. മിഠായിത്തെരുവിൽ വച്ച് ഒരാളെ പരിചയപ്പെട്ടു. തയ്യൽ പണിക്കാരൻ ബാബുക്ക . ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ . ബാബുക്കയുടെ കൂടെക്കൂടി. എഞ്ചിനീയറിങ് കോളേജിലെ വിദ്യാർത്ഥികളാണ് മൂപ്പരുടെ കസ്റ്റമേഴ്സ് . ടൗണിലെ പേര് കേട്ട ടെയ്ലറിങ് ഷോപ്പുകളിലെല്ലാം ബാബുക്ക ജോലി ചെയ്തിട്ടുണ്ട്.വീട് തന്നെയാണ് പണിശാല.

ഒരു പാട് അംഗങ്ങളുള്ള കോയമാരുടെ തറവാട്. സൊറപറഞ്ഞും സംഗീതമാസ്വാദിച്ചും ഭക്ഷണം പങ്കിട്ട് കഴിച്ചും ജോലി തുടർന്നു . ബഹുരസം.സന്ധ്യ മയങ്ങിയാൽ പണി നിർത്തും. കുളിച്ചൊരുങ്ങി ‘ഹരാക്കാൻ” പുറപ്പെടണം.കോഴിക്കോട് അക്കാലത്ത് ഒരു പാട് മാളികകളുണ്ടായിരുന്നു. സംഗീതാസ്വാദകരായ ചെറുപ്പക്കാർ ഒത്തുകൂടുന്ന ഇടം. ഇശാ നമസ്കാരം കഴിഞ്ഞാൽ കലാപരിപാടി ആരംഭിക്കുകയായി. രാവേറെച്ചെല്ലുവോളം അത് നീളും. “ങ്ങ്ള് വരുന്നോ ? “ബാബുക്ക ക്ഷണിക്കും.ഇടയ്ക്ക് കൂടെപ്പോകും.

പാട്ടുകാർ കേൾവിക്കാർ എന്ന തരംതിരിവില്ല. വരുന്നവരൊക്കെ കലാകാരന്മാർ.തബല വായിച്ചയാൾ പാട്ടുകാരനാവുന്നു. പാടിയിരുന്നയാൾ വയലിൻ വായിക്കുന്നു. ഹിന്ദി മലയാളം ഗാനങ്ങൾക്കാണ് മുൻഗണന.മുഹമ്മദ് റഫിയുടെയും മുകേഷിന്റെയും പാട്ടുകൾക്കാണ് സ്വീകാര്യത കൂടുതൽ.മലയാളത്തിൽനിന്ന് ബാബുരാജിനാണ് മേൽക്കൈ.കേട്ടിട്ടില്ലാത്ത പലനാടക ഗാനങ്ങളും അവിടെനിന്ന് കേട്ടു.ബാബുരാജ് ചിട്ടപ്പെടുത്തിയ ഖവ്വാലിയോടെയാണ് ഹരാക്കലിന്റെ സമാപനം.

സംഗീതത്തിൽ താൽപ്പര്യം വരുന്നത് അവിടുന്നാണ്. നാധാരണക്കാരനും സംഗീതമാസ്വദിക്കാം എന്ന നില വന്നു. തട്ടുമ്പുറങ്ങളിലെ ആ കൂട്ടായ്മകളിൽ വലിപ്പച്ചെറുപ്പമില്ല. പണക്കാരനും നിർധനനുമില്ല. വലിയങ്ങാടിയിലെ വലിയ കച്ചവടക്കാരനും കേറ്റിറക്ക് ജോലിക്കാരനും കൈവണ്ടി വലിക്കുന്നവരും തയ്യൽത്തൊഴിലാളിയും ബീഡി തെരുപ്പുകാരനുമൊന്നിക്കുന്ന സദസ്സ് .

കല്യാണരാവുകളിൽ സംഗീതക്കച്ചേരി അരങ്ങേറുന്നത് കണ്ടത് അവിടെയാണ്. പാടാൻ വരുന്നവരെ കാണുമ്പോൾ നമ്മൾ ഞെട്ടും. എം.എസ്..ബാബുരാജ്, പി.ജയചന്ദൻ ,എസ്.ജാനകി , മച്ചാട്ട് വാസന്തി…ബാബുരാജ് ഹാർമ്മോണിയം വായിച്ച് പാടുന്നത് കേൾക്കാൻ ഭാഗ്യമുണ്ടായി. തുറന്ന വേദികളിലെ ആൾക്കൂട്ടത്തിനിടയിലിരുന്ന് പാടിയ ആ പാട്ടുകളാണ് ഇപ്പോൾ കാസറ്റിൽ അദ്ദേഹത്തിന്റെ ശബ്ദത്തിൽ നാം കേൾക്കുന്നത്. മഹാഗായകർക്ക് ചെന്നെത്താനാവാത്ത അഭൗമ തലങ്ങളിലേക്ക് അദ്ദേഹം നമ്മെ കൂട്ടിക്കൊണ്ട് പോകുന്നു.പ്രിയ ഗായകന്റെ ചരമദിനമാണിന്ന്. 1978 ഒക്ടോബർ ഏഴിനാണ് ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ വച്ച് ബാബുരാജ് മരണമടയുന്നത്.

By ivayana