നാവറുക്കപ്പെട്ടു
പോയവന്റെ/അവളുടെ
പിൻകഴുത്തിൽ ബന്ധിപ്പിച്ച
നുകങ്ങളുടെ മണ്ണിൽ തട്ടുന്ന
മൂർച്ചയെറിയ അഗ്രങ്ങളിലാണ്
ആദ്യത്തെ……
വിപ്ലവ കവിതകൾ തളിർത്തത്..
രാകി മിനുക്കിയ അരിവാൾ-
ത്തലപ്പിന്റെ തെളിച്ചം പോലെ
ഒരു നുള്ള് വെളിച്ചം മാത്രം
ആശിച്ചു കൊണ്ട് ഇനിയും
സൂര്യാസ്തമയം സംഭവിക്കരുതേ
എന്ന പ്രാർത്ഥനകൾ
ദൈവങ്ങൾ കേൾക്കാതെ പോയപ്പോൾ
സ്വയം വെറുത്തു പോയ ഇരുട്ടിൽ
മൗനം തുന്നിച്ചേർത്ത നാവുകൾ
പൊട്ടിത്തെറിച്ചപ്പോൾ മുഴങ്ങിയ
കറുത്ത ലിപികൾ നിറഞ്ഞ
നിലവിളികളിൽ നിന്നും ഉരുത്തിരിഞ്ഞ
വിലക്കപ്പെട്ട ഭാഷയിൽ എഴുതപ്പെട്ടവ..