കൊച്ചിയിലെ തക്യാവിനെ കുറിച്ചറിയാനാണ് എല്ലാവരുടെയും താൽപ്പര്യം എന്നറിയാം . തക്യാവ് കൊച്ചീക്കാർക്ക് നല്ല ഓർമ്മകൾ പൂക്കുന്നിടമാണ് . എങ്കിലും തങ്ങന്മാരുടെ കടന്ന് വരവും ചരിത്രവും ഒപ്പം അവരിലെ ധീരരായവരെയും , സമുദായത്തിനും , സമൂഹത്തിനും , രാജ്യത്തിനുമായി അവർ നൽകിയ സേവനങ്ങളെയും എങ്ങനെ കാണാതിരിക്കാനാവും അത് നീതികേടാവില്ലെ . അതിനാൽ കൊച്ചിയിലെ തക്യാവും അവിടുത്തെ വിശേഷങ്ങൾക്കുമായി നമുക്ക് ഒരൽപ്പം കാത്തിരിക്കാം …………
കാലത്തിന്റെ ഗർജ്ജനം മമ്പുറം തങ്ങൾ …… ചരിത്രത്തെ നേരെ ചൊവ്വെ കാണുക എന്നതാണ് ചരിത്രത്തോടു നാം ചെയ്യുന്ന വലിയ നീതി . സാമ്രാജ്യത്വത്തിനും , ജന്മിത്വത്തിനും എതിരെ പോരാടിയ മുമ്പുറത്തെ സിംഹ ഗർജ്ജനമായിരുന്നു സെയ്തലവി തങ്ങൾ എന്ന സയ്യിദ് അലവി ഇബ്നു മുഹമ്മദ് മൗലദ്ദവീല . AD 1753 ഹിജ്റ 1166 ൽ യമനിലെ ഹളറുൽ മൗത്തിലായിരുന്ന ജനനം പതിനേഴാം വയസ്സിൽ കപ്പൽ കയറി കേരളത്തിലേക്ക് . അക്കാലത്ത് മലബാറിലെ ഹൈന്ദവ സഹോദരന്മാരുമായി വലിയ ആത്മബന്ധം പുലർത്തിയിരുന്നു മമ്പുറം സെയ്തലവി തങ്ങൾ . നായർ , നമ്പൂതിരി വിഭാഗങ്ങളുടെ കല്യാണ നിശ്ചയങ്ങൾക്ക് അടക്കമുള്ള സൽകർമ്മങ്ങളിലെല്ലാം സ്ഥിരം ക്ഷണിതാവായിരുന്നു എല്ലാവരാലും ബഹുമാനിക്കപ്പെട്ടിരുന്ന തങ്ങൾ . ഹൈന്ദവ സഹോദരന്മാർക്കിടയിൽ ഉണ്ടായിരുന്ന കക്ഷി വഴക്കുകൾ വരെ നിഷ്പക്ഷമായി നിന്ന് ഒത്തുതീർപ്പാക്കുന്നിതിനും , ഐക്യം നിലനിർത്തുന്നതിനും അവർ തങ്ങളെ ചുമതലപ്പെടുത്തുമായിരുന്നു .
മമ്പുറം തങ്ങളുടെ കാര്യസ്ഥൻ കോന്തുണ്ണി നായരായിരുന്നു . ജാതി വിവേചനത്താൽ അകറ്റി നിർത്തപ്പെട്ടിരുന്ന ഹൈന്ദവ സഹോദരങ്ങളെ ചേർത്ത് നിർത്താനും അവരുടെ ആവശ്യങ്ങൾ നിറവേറ്റികൊടുക്കാനും തങ്ങൾ എന്നും ശ്രദ്ധിച്ചിരുന്നു . അതോടൊപ്പം മുസ്ലിം സമുദായത്തിന്റെ ഇടയിലുണ്ടായിരുന്ന പല ദുരാചാരങ്ങൾക്ക് എതിരെയും ശബ്ദിക്കുകയും , അത് തിരുത്തിക്കാൻ ശ്രമിക്കുക കൂടി ചെയ്ത വ്യക്തിയാണ് മമ്പുറം സെയ്തലവി തങ്ങൾ . ബ്രിട്ടീഷ് അധിനിവേശ ശക്തികൾക്കെതിരെ അദ്ദേഹം ശക്തമായി നിലകൊണ്ടു . മഹാത്മാഗാന്ധിജിക്ക് മുൻപെ ബ്രിട്ടീഷുകാർക്കെതിരെ നിസ്സഹകരണ ആശയം മുന്നോട്ട് വെച്ച സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു മമ്പുറം തങ്ങൾ .
ഇദ്ദേഹത്തിന്റെ നിലപാടുകൾ ബ്രിട്ടീഷുകാർക്ക് തലവേദനയായിരുന്നു . ഒട്ടനേകം കുറ്റാരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ബ്രിട്ടിഷുകാർ എടുത്തുവെങ്കിലും പക്ഷെ അറസ്റ്റ് ചെയ്യാൻ അവർ ഭയപ്പെട്ടു . ഒരിക്കൽ ബ്രിട്ടീഷ് കളക്ടർ ജെയിംസ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ തയ്യാറായെങ്കിലും മമ്പുറം തങ്ങൾ കളക്ടറോട് പറഞ്ഞു ” ഒരിക്കലും ഞാൻ സ്വമേധയാ നിങ്ങൾക്ക് കീഴടങ്ങില്ല . ബലമായി നിങ്ങൾക്ക് എന്നെ അറസ്റ്റ് ചെയ്യേണ്ടി വരും ” ബ്രിട്ടിഷ് കളക്ടർ ജെയിംസ് തങ്ങളെ അറസ്റ്റ് ചെയ്യാതെ ആദരവോടെ തിരികെ അയക്കുകയാണ് ചെയ്തത് .
ഇദ്ദേഹം ബ്രിട്ടീഷുകാർക്കെതിരെ അറബിയിൽ രചിച്ച ‘ സൈഫുൽ ബത്താർ ‘ എന്ന ഗ്രന്ഥം വലിയ ചലനങ്ങളാണ് അക്കാലത്തുണ്ടാക്കിയത് . AD 1844 – ൽ മമ്പുറും സെയ്തലവി തങ്ങൾ നിര്യാതനായി
.മലബാറിൽ നിന്ന് ഇസ്താംബൂളിലേക്ക് ……… ഒരു രാജ്യത്തെയും അവിടുത്ത ജനങ്ങളെയും അടിച്ചമർത്തി ഭരിക്കാൻ ശ്രമിച്ച ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ കൊടുങ്കാറ്റായി മാറിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ സെയ്തലവി മമ്പുറം തങ്ങളുടെ മകനാണ് . തന്റെ പിതാവിനെ പോലെ തന്നെ ബ്രിട്ടിഷുകാർക്കെതിരെ ശക്തമായി പോരാടിയ ഇദ്ദേഹത്തെ മമ്പുറം തങ്ങൾ രണ്ടാമൻ എന്നറിയപ്പെട്ടു . AD 1824 – ൽ ജനനം . 1844 – ൽ പിതാവിന്റെ മരണ ശേഷം തന്റെ ഇരുപതാം വയസ്സിൽ മക്കയിലും ,യമനിലും ഉപരിപഠനം നടത്തി . പ്രശസ്ത അദ്യാപകരിൽ നിന്ന് വിജ്ഞാനം കരസ്ഥമാക്കി .
പ്രശസ്ത പണ്ഡിതനായ ജമാലുദ്ദീൻ അഫ്ഘാനിയും , നജ്ദിലെ പ്രശസ്ത ഇസ്ലാമിക പണ്ഡിതനായിരുന്ന ഇബ്നു വഹാബും ഫസൽ പൂക്കോയ തങ്ങളിൽ ശക്തമായ സ്വാധീനം ചെലുത്തിയിരുന്നതായി സ്റ്റീഫൻ . ഫ് . ഡെയിലിനെ പോലെയുള്ള പ്രശസ്ത ചരിത്രകാരന്മാർ വിലയിരുത്തുന്നു . തന്റെ പിതാവ് മമ്പുറം സെയ്തലവി തങ്ങളെ പോലെ തന്നെ ഹിന്ദു സഹോദരന്മാർക്കിടയിൽ വലിയ സ്വീകാര്യനായ വ്യക്തിയായിരുന്നു ഫസൽ പൂക്കോയ തങ്ങൾ . നവോത്ഥാന ചിന്തകളുമായി , വഴികാട്ടിയായി സമുദായത്തിന് മുന്നിൽ നടന്ന പരിഷ്കർത്താവ് . ജന്മികൾക്കെതിരെ കുടിയാന്മാരെ സഹായിക്കാനും , ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ സമരമുറകൾ ആഹ്വാനവും ചെയ്യുന്ന കൈയ്യെഴുത്ത് പ്രതികൾ വിതരണം ചെയ്തതിലൂടെ ഇത് ബ്രിട്ടീഷുകാരെ പ്രകോപിപ്പിച്ചു . ബ്രിട്ടീഷ് കളക്ടർ കൊണോലി ഫസൽ പൂക്കോയ തങ്ങൾക്കെതിരെ നിരവധി കുറ്റാരോപണങ്ങൾ മേലധികാരികൾക്ക് നൽകി . സ്പെഷ്യൽ കമ്മീഷ്ണർ ടി.എൽ. സ്ട്രെഞ്ചിന്റെ റിപ്പോർട്ടും ഫസൽ പൂക്കോയ തങ്ങൾ കലാപകാരിയാണ് എന്നതായിരുന്നു . 1852 ഫെബ്രുവരി 12 ന് മദ്രാസ് സർക്കാർ ഇറക്കിയ ഉത്തരവു പ്രകാരം ഫസൽ പൂക്കോയ തങ്ങളെ നാടുകടത്താൻ തീരുമാനിച്ചു .
പക്ഷെ അദ്ദേഹത്തിന്റെ വർദ്ധിച്ച ജനപിന്തുണയും സ്വാധീനവും തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ നാടുകടത്താൻ ഭയന്നു . കളക്ടർ കൊണോലി അതിനായി മറ്റൊരു മാർഗ്ഗം സ്വീകരിച്ചു . ഏറനാട് തഹസിൽദാർ കുട്ടൂസ , ഡപ്യൂട്ടി കളക്ടർ സി. കണാരൻ , ഫസൽ പൂക്കോയ തങ്ങളുടെ ബന്ധുവും ബ്രിട്ടീഷ് അനുകൂലിയുമായിരുന്ന ആറ്റക്കോയ തങ്ങൾ എന്നിവർ മുഖേന സ്വാധീനിച്ചു അനുനയത്തിലൂടെ ഫസൽ പൂക്കോയ തങ്ങളോട് നാട് വിടണം എന്നാവശ്യപ്പെട്ടു .
ആദ്യം വിസമ്മതിച്ചുവെങ്കിലും തന്നോടൊപ്പമുള്ളവരുടെ സുരക്ഷയെയും സമാധാനത്തെയും മുന്നിൽ കണ്ട് അദ്ദേഹം അതിന് തയ്യാറായി . AD 1852 ഫെബ്രുവരി മാസം ആദ്യ ആഴ്ചകളിൽ ഫസൽ പൂക്കോയ തങ്ങളെ നാട് കടത്താൻ പോകുന്നുവെന്ന വിവരമറിഞ്ഞ് മുസ്ലിംകളും ഹിന്ദുക്കളുമടക്കം സായുധരായ പതിനായിരത്തിലേറെ വരുന്ന ജനങ്ങൾ തിരൂരങ്ങാടിയിൽ തമ്പടിച്ചു . നാടിന്റെ സമാധാനത്തിനായി നിങ്ങൾ പിരിഞ്ഞു പോകണം എന്ന് അഭ്യർത്ഥിച്ച് കൊണ്ട് . തിരുരങ്ങാടിയിൽ തടിച്ചു കൂടിയവരെ തങ്ങൾ പിരിച്ചു വിട്ടു . AD 1852 മാർച്ച് 19 – ന് രണ്ട് ആൺമക്കളടക്കം അടുത്ത ബന്ധുക്കളായ 57 പേരെയും ഫസൽ പൂക്കോയ തങ്ങളെയും ബ്രിട്ടീഷുകാർ നാട് കടത്തി .
നാടിനത് കണ്ണീരിൽ കുതിർന്ന കാഴ്ചയായിരുന്നു . ചരിത്രപരമായി ബൈസാന്റിയം പിന്നീട് കോൺസ്റ്റാന്റിനോപ്പിൾ എന്നറിയപ്പെട്ട ഇസ്താംബൂൾ . രണ്ട് വൻകരകളിലായി സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഒരേയൊരു മെട്രോപോളീസാണ് തുർക്കിയുടെ ഇസ്താംബൂൾ . യൂറോപ്യൻ വൻകരയിലേക്കും (ത്രേസ് ) , ഏഷ്യൻ വൻ കരയിലേക്കും ( അനറ്റോളിയ ) നീണ്ട് കിടക്കുന്ന നഗരം .
ബ്രിട്ടീഷുകാരാൽ നാടു കടത്തപ്പെട്ട സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്ന മമ്പുറം രണ്ടാമൻ മലബാറിൽ നിന്ന് ഇസ്താംബൂളിലേക്ക് ……….. യമനിലെ ഹളറുൽ മൗത്ത് , മസ്ക്കറ്റ് , ഈജിപ്ത് തുടങ്ങിയ നാടുകളിലൊക്കെയും സന്ദർശിച്ചു . ഹിജാസ് റെയിൽവേ അടക്കമുള്ള വികസന പ്രവർത്തനങ്ങൾക്ക് പിന്നിലെ ചാലകശക്തിയായി . പിന്നീട് ഇസ്താംബൂളിലെത്തിയ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ ഓട്ടോമൻ ഖലീഫയുമായി അടുത്ത ബന്ധം പുലർത്തി ഓട്ടോമൻ ഖലീഫയുടെ മത ഉപദേഷ്ടാവായി . മികച്ച സേവനത്തിന് ഓട്ടോമൻ ഖിലാഫത്ത് ‘ ഫദ്ൽ പാഷ ‘ പട്ടം നൽകി ആദരിച്ചു . AD 1901 ജനുവരി 9 എഴുപത്തി എട്ടാമത്തെ വയസ്സിൽ സയ്യിദ് ഫസൽ പൂക്കോയ തങ്ങൾ എന്ന മമ്പുറം രണ്ടാമൻ ഈ ലോകത്ത് നിന്ന് യാത്രയായി .
തുർക്കിയിൽ തന്നെ അദ്ദേഹത്തെ ഖബറടക്കി . നിരവധി രചനകൾ നിർവ്വഹിച്ച ഫസൽ പൂക്കോയ തങ്ങളുടെ ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ എഴുതിയ ‘ ഉദ്ദത്തുൽ ഉമറാഅ’ എന്ന ഗ്രന്ഥം ശ്രദ്ധേയമായ രചനയാണ് . സയ്യിദ് ഫസൽ പൂക്കോയ തങ്ങളുടെ അഞ്ചാം തലമുറയിൽപ്പെട്ട സയ്യിദ് സഹൽ അൽ ഫദ്ലും കൊച്ചി തക്യാവിലുണ്ടായിരുന്ന സയ്യിദ് അബ്ദുള്ള ജിഫ്രി തങ്ങളും 2005 മാർച്ചിൽ സൗദി അറേബ്യയിലെ ജിദ്ദയിൽ വെച്ച് കണ്ട് മുട്ടിയത് സൗദിയിലെ പത്രങ്ങൾക്കത് വാർത്തയായിരുന്നു കാരണം ബ്രിട്ടീഷുകാർ നാട് കടത്തിയതിന് ശേഷം പിന്നീടൊരിക്കലും സയ്യിദ് ഫസൽ പൂക്കോയ തങ്ങൾക്കൊ അദ്ദേഹത്തിന്റെ കുടുംബത്തിനൊ പിന്നീടുള്ള തലമുറകൾക്കൊ കേരളത്തിലെ ബന്ധുക്കളുമായി ഒന്നിക്കാനൊ ബന്ധപ്പെടാനൊ സാധ്യമായില്ല .ചരിത്രത്തിൽ ഒരിക്കൽ പൂക്കോയ തങ്ങളുടെ കുടുംബക്കാരിൽ ഒരാൾ കേരളത്തിലെ ബന്ധുക്കളെ കാണാൻ മലപ്പുറത്തെ പരപ്പനങ്ങാടി വരെ എത്തിയെങ്കിലും കുടുംബക്കാരെ കാണാൻ സമ്മതിക്കാതെ ബ്രിട്ടീഷുകാർ അയാളെ തിരിച്ചയച്ചു .
ഫസൽ പൂക്കോയ തങ്ങളുടെ ഇപ്പോഴത്തെ തലമുറയിൽ ചിലർ ഇസ്താംബൂൾ , യമൻ , സിറിയ എന്നിവിടങ്ങളിലുണ്ട് . ‘ കാലം വേർപ്പെടുത്തിയ പരമ്പരയിലെ കണ്ണികൾക്ക് ചെങ്കടൽ തീരത്ത് പുന:സമാഗമം ‘ എന്നായിരുന്നു അന്നത്തെ പത്രത്തിലെ തലക്കെട്ട് .മക്തി തങ്ങളെന്ന പരിഷ്കർത്താവ് ……… സയ്യിദ് സനാഉല്ലാ മക്തി തങ്ങൾ AD 1847 – ൽ സയ്യിദ് അഹ്മദ് തങ്ങളുടെ മകനായി പൊന്നാനിയിലെ വെളിയങ്കോട് ജനിച്ചു . സാമുഹിക പരിഷ്കർത്താവ് , നവോത്ഥാന നായകൻ . മലയാളം , അറബി , ഹിന്ദുസ്ഥാനി , തമിഴ് , പേർഷ്യൻ ഭാഷകളിൽ പ്രാവീണ്യം . ഇദ്ദേഹം മലയാള ഭാഷക്ക് മഹത്തായ സംഭാവനകൾ നൽകി .
മുസ്ലിം സമുദായത്തിന്റെ അറബി – മലയാളം എന്ന പതിവിൽ നിന്ന് ആദ്യമായി AD 1884 -ൽ ‘ കഠോര കുഠോരം ‘ എന്ന പേരിൽ മലയാളത്തിൽ ഒരു ഗ്രന്ഥം പ്രസിദ്ധീകരിച്ചു . മുസ്ലിം സമുദായത്തിന്റെ പിന്നൊക്കാവസ്ഥ മാറ്റാൻ മക്തി തങ്ങൾ വളരെയധികം പരിശ്രമിച്ചു . മാതൃഭാഷയായ മലയാളം പഠിക്കുന്നതിനായി ശക്തമായ ബോധവൽക്കരണം തന്നെ നടത്തി . വിദ്യഭ്യാസത്തോടുള്ള ആഭിമുഖ്യം വളർത്താൻ ശ്രമിച്ചു . മക്തി തങ്ങൾ തന്റെ പ്രവർത്തന മേഖല പൊന്നാനിയിൽ നിന്ന് കൊച്ചിയിലേക്ക് മാറ്റി .
പ്രശസ്ത ബൈബിൾ – ക്വുർആൻ പണ്ഡിതനും ചിന്തകനും – നവോത്ഥാന നായകനുമായിരുന്ന സയ്യിദ് സനാഉള്ള മക്തി തങ്ങൾ നിരവധി ഗ്രന്ഥങ്ങൾ രചിച്ചു . കൊച്ചിയിൽ നിന്നു ‘ തുഫഹത്തുൽ അഖ്യാർ വ ഹിദായത്തുൽ അസ്റാർ ‘ , സത്യപ്രകാശം , എന്നീ അറബി പ്രസിദ്ധീകരണങ്ങൾക്ക് പുറമെ 1909 – ൽ തുർക്കി സമാചാരം എന്നൊരു സായാഹ്ന പത്രവുമിറക്കി . അന്ധവിശ്വാസങ്ങൾക്കും അനാചാരത്തിനുമെതിരെ ശബ്മുയർത്തിയതിനാൽ മുസ്ലിം സമുദായത്തിൽ നിന്നു തന്നെ അദ്ദേഹത്തിന് ശക്തമായ എതിർപ്പുകൾ നേരിടേണ്ടി വന്നു .
ഇന്ത്യയിലെ ആദ്യത്തെ മുൻസിപ്പാലിറ്റിയായ ഫോർട്ടുകൊച്ചിയിൽ ഏഴു വർഷത്തോളം റവന്യു ഇൻസ്പെക്ടറായിരുന്നു 1884 -ൽ സർക്കാർ ജോലി രാജിവെച്ചു . 1912 സെപ്തംബർ 12-ന് മക്തി തങ്ങൾ നിര്യാതനായി . ഫോർട്ടുകൊച്ചി കൽവത്തി ജുമാ മസ്ജിദിൽ അദ്ദേഹത്തെ കബറടക്കി . സയ്യിദ് സനാഉല്ല മക്തി തങ്ങൾ മരണത്തിന് മുന്പ് ചരിത്രങ്ങൾ രചിച്ച തന്റെ തൂലിക സുഹൃത്തും തന്റെ സഹയാത്രികനുമായിരുന്ന സി.വി. അബ്ദുർ റഹ്മാൻ ഹൈദ്രോസിന് നൽകുകയായിരുന്നു .
സി.വി. അബ്ദുർ റഹ്മാൻ ഹൈദ്രോസ്ക്ക അക്കാലത്തെ നല്ലൊരു പത്രാധിപർ കൂടിയായിരുന്നു . 1910 നവംബറിൽ അബു മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിൽ പിറവിയെടുത്ത ‘ മലബാർ ഇസ്ലാം ‘ പത്രം മൂന്നു വർഷത്തിനു ശേഷം സി.വി. ഹൈദ്രോസ് ഏറ്റെടുക്കുകയായിരുന്നു . നിരവധി ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരുന്ന അദ്ദേഹം ദേശീയ പ്രസ്ഥാനങ്ങളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നു . ഇസ്ലാമിനെതിരെയും മുസ്ലിം സമുദായത്തിനെതിരെയും അക്കാലത്ത് പ്രചരിച്ചിരുന്ന കുപ്രചരണങ്ങൾക്ക് ശരിയായ മറുപടി നൽകാൻ ‘ മലബാർ ഇസ്ലാമിൽ ‘ വന്ന ലേഖനങ്ങൾ വളരേയധികം സഹായിച്ചിട്ടുണ്ട് സി.വി. ഹൈദ്രോസ് ക്കയുടെ മകൻ സി.വി. അസീസ്ക്കയുടെ പ്രിയതമ ഇത്തീമ എന്ന സഫിയാത്ത ഇന്നും ഈ 95 കഴിഞ്ഞ പ്രായത്തിലും തിളങ്ങുന്ന ഓർമ്മകളുമായി ഫോർട്ടുകൊച്ചി കൽവത്തിയിലെ പൂവ്വത്ത് തറവാട്ടിൽ കഴിയുന്നു .
ബാല്യകാലത്ത് ഞങ്ങളുടെ കളിമുറ്റമായിരുന്നു ഇത്തീമയുടെ ദാറുസ്സലാം മുക്കിലുണ്ടായിരുന്ന തറവാട് വീട് . ഞാനും പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനുമായ ജമാൽ കൊച്ചങ്ങാടി , എന്റെ സുഹൃത്തും ഡപ്യൂട്ടി തഹസിൽദാറുമായ മഹ്മൂദ് , എന്റെ അടുത്ത ബന്ധു ഇർഷാദും , ഇർഷാദിന്റെ സഹോദരി റഷീദയും കുറച്ച് മാസങ്ങൾക്ക് മുൻപ് ഇത്തീമയെ പോയി കണ്ടിരുന്നു . ഒരു ദുഖം വല്ലാതെ പ്രയാസപ്പെടുത്തുന്നുണ്ട് . സി.വി. അസീസ്ക്കയുടെ ശേഖരത്തിലുണ്ടായിരുന്ന വെളിച്ചം കണ്ടതും കാണാത്തതുമായ നിരവധി ഗ്രന്ഥങ്ങൾ , ഹൈദ്രോസ്ക്ക മക്തി തങ്ങളുമായി നടത്തിയ നിരവധി കത്തുകൾ , മക്തി തങ്ങളുടെ ഡയറികൾ , ഹൈദ്രോസ്ക്കയുടെ ‘ മലബാർ ഇസ്ലാം ‘ പത്രത്തിന്റെ കോപ്പിയടക്കം നിരവധി രചനകൾ ….. എല്ലാം എവിടെയൊ പോയിരിക്കുന്നു .
കൊച്ചി ദാറുസ്സലാം മുക്കിലെ തറവാട് പൊളിക്കുന്നതിന് മുൻപ് ആരൊ അത് മാറ്റിയിരിക്കുന്നു . ഇതൊരു അപേക്ഷയാണ് ……. ആരുടെ കൈകളിലാണെങ്കിലും അത് വെളിച്ചത്ത് കൊണ്ടു വരണം . അതല്ലായെങ്കിൽ നിങ്ങൾ ചരിത്രത്തോട് ചെയ്യുന്ന വലിയ അനീതിയാണ് .തങ്ങൾ പുരാണം തുടരും ……അടുത്ത ആഴ്ചയിൽ നമുക്ക് കൊച്ചി കരുവേലിപ്പടിയിലെ തക്യാവിൽ ഒന്ന് കയറാം .ചരിത്രങ്ങളും കഥകളും പറയാൻ അവർ കാത്തിരിക്കുന്നുണ്ട് …………
മൻസൂർ നൈന