കുട്ടികൾക്കായ് ഒരു പാട്ട്
തത്തമ്മപ്പെണ്ണും കെട്ട്യോനും
കൂടു തിരഞ്ഞു നടക്കുമ്പോൾ
മുത്തശ്ശിമാവിന്റെ തുഞ്ചത്തെ കവിളിയിൽ
കണ്ടൊരു പൊത്തിൽ ചേക്കേറി
അണ്ണാറക്കണ്ണനും കാക്കക്കറുമ്പിയും
അങ്ങേകൊമ്പിലെ താമസക്കാർ
കുഞ്ഞിക്കുരുവിയും വെള്ളാരംകൊറ്റിയും
ഇങ്ങേ കൊമ്പിലെ താമസക്കാർ
ഒത്തൊരുമിച്ചവർ കളിയാടി
പാട്ടും പാടി രസിച്ചാടി,
സന്തോഷത്താൽ നാളുകൾ നീങ്ങവേ
തത്തമ്മപ്പെണ്ണൊരു മുട്ടയിട്ടു.
തത്തിക്കളിച്ചു തത്തമ്മ
കുഞ്ഞുകിനാവുകൾ നെയ്തെടുത്തു
കുഞ്ഞിത്തത്തയെ വരവേൽക്കാൻ
കൂടൊരുക്കി കാത്തിരുന്നു.
തത്തമ്മപ്പെണ്ണും തത്തച്ചെറുക്കനും
തീറ്റയെടുക്കാൻ പോയൊരുനേരം
മുത്തശ്ശിമാവിന്റെ വേരിനടിയിലെ
ദുഷ്ടനാം പാമ്പ് മുകളിൽ കേറി.
തത്തമ്മപ്പെണ്ണിന്റെ മുട്ടവിഴുങ്ങുവാൻ
ലക്‌ഷ്യംവെച്ചു നീങ്ങിയവൻ
അതുകണ്ട് അണ്ണാൻ ഞെട്ടി വിറച്ചു
കൂട്ടുകാരെ ചിലച്ചു വിളിച്ചു.
കാക്കക്കറുമ്പിയും കുഞ്ഞിക്കുരുവിയും
പാമ്പിനുനേരെ പറന്നടുത്തു
വെള്ളാരംകൊറ്റി ചിറകുവിടർത്തി
പാമ്പിനുനേരെ പറന്നടുത്തു.
അണ്ണാറക്കണ്ണൻ വാലിൽകടിച്ചു
കുഞ്ഞിക്കുരുവി കണ്ണുതുരന്നു
കാക്കക്കറുമ്പിയും വെള്ളാരംകൊറ്റിയും
തുരുതുരെ പാമ്പിനെ കൊത്തിമലർത്തി.
അന്തിക്ക് തത്തകൾ കൂട്ടിലെത്തി
സംഗതിയെല്ലാമറിഞ്ഞനേരം
സന്തോഷാശ്രു പൊഴിച്ചുകൊണ്ട്
കൂട്ടുകാർക്കെല്ലാം നന്ദി പറഞ്ഞു.
ഇണയും തുണയും സൗഹൃദവും
മറക്കുന്ന മാനവർ കണ്ടു പഠിക്കൂ
മർത്ത്യരേക്കാൾ പക്ഷിമൃഗാദികൾ
ശ്രേഷ്‌ഠരാണെന്ന കാര്യമതോർക്കൂ
ബിന്ദു വിജയൻ കടവല്ലൂർ