കൊല്ലുന്നവർക്കും മരണപ്പെട്ടവർക്കും ആർക്കുമറിയില്ല, എന്തിനാണീ കൊലപാതകങ്ങളെന്ന് വരുമ്പോൾ എനിക്ക് കൊലപാതകങ്ങൾ കൗതുകങ്ങൾ മാത്രമായ് മാറുകയാണ്! . എന്തിനാണ്, എന്താണ്, ആരെയാണ്, എന്തിനുവേണ്ടിയാണ് ? ഉത്തരമില്ലാത്ത കുറെ ചോദ്യങ്ങളും ഉത്തരങ്ങളുമാകുമ്പോൾ എല്ലാം കൗതുകം മാത്രം! . ഇന്നത്തെ കാലഘട്ടത്തിലൊരു ചരിത്രപ്രസക്തിയുമില്ലാത്ത ഇതിഹാസ കഥാപാത്രങ്ങളിന്നും ജനഹൃദയങ്ങളിലരങ്ങ് വാഴുകയാണ്.

അവതാരങ്ങൾ നടത്തിയ കാപട്യതയിലൂടെയും, കൊലപാതകങ്ങളിലൂടെയും അനേകം നന്മമരങ്ങളുടെ തലയറുത്തിട്ടിട്ടുണ്ട്, മുറുവേൽപ്പിക്കപ്പെട്ടിട്ടുണ്ട്. അതിലൂടെയാണ് മഹാഭാരതവും, രാമായണവുമൊക്കെ മുന്നോട്ട് നീങ്ങുന്നത്. . ഭീഷ്മരും ഏകലവ്യനും കർണ്ണനും സീതയും ഉൾപ്പെടെ സ്ത്രീപുരുഷ വിത്യാസമന്യേ അനേകർ ഈ കുതന്ത്ര, നീചകൃത്യങ്ങൾക്കടിപ്പെട്ട് പോയവരാണ്.. ഇതിഹാസങ്ങൾ തന്നെയാണ് ഇന്നത്തെ രാഷ്ട്രീയ, ഗുണ്ടാ കൊലപാതകങ്ങളിലും നമ്മൾ വായിച്ചെടുക്കുന്നത്. നക്സൽ വർഗ്ഗീസ് മുതൽ വട്ടവടയിലെ അഭിമന്യ തൊട്ടിങ്ങോട്ട് സനൂപ് വരെ ചിന്തിച്ചാൽ, ഈ ഇതിഹാസ കഥാപാത്രങ്ങളിലെ പലരുടെയും രൂപങ്ങൾ നമുക്കിവരിലും ജീവൻ വയ്ക്കുന്നതായി കണ്ടെത്താൻ സാധിക്കും. .

ഇതിൽ രാഷ്ട്രീയ കൊലപാതകങ്ങൾ തൊട്ട് ഗുണ്ടാ കൊലപാതങ്ങൾ വരെയുണ്ടാകാം എന്നാൽ മരിച്ച് വീണവർ എന്തിന് വേണ്ടിയെന്നത് മാത്രമാണ് ആശയക്കുഴപ്പത്തിലേക്ക് വഴിതെളിക്കുന്നത്. ചിലരുടെ ഉത്തരങ്ങൾ ഒരു പ്രസ്ഥാനത്തിന് വേണ്ടി പടപൊരുതി, സമൂഹനന്മയ്ക്ക് വേണ്ടിയവർ മരണം വരിച്ചെന്ന് വരുകിൽ മറ്റുചിലർ എന്തിന് വേണ്ടി മരണപ്പെട്ടുവെന്നത് മാതാപിതാക്കൾക്കുൾപ്പെടെ, പ്രസ്ഥാനങ്ങൾക്കുൾപ്പെടെ, സമൂഹത്തിന് പോലും അന്യമാണ്! .

അതിനാൽ പ്രസ്ഥാനത്തിനും, നാടിനും സമൂഹത്തിനും വേണ്ടിയുള്ളവ കാലാനുവർത്തികളായി കാലങ്ങൾ കടക്കുമ്പോൾ മറ്റുള്ളവ കാലികമോ, കാലത്തെ പോലും അതിജീവിക്കുന്നില്ല. കാരണം, സ്വാർത്ഥലാഭത്തിനും നന്മകളെ കീഴ്പ്പെടുത്താനും ശിഖണ്ഡികളെ മുൻനിർത്തി നടത്തുന്ന കളികളിൽ ജനം സത്യങ്ങൾ മനസ്സിലാക്കുന്നു. ഒന്നിൽനിന്ന് മറ്റൊന്നിനെ വെട്ടിവീഴ്ത്തുമ്പോൾ ആദ്യത്തെതിൻ്റെ പ്രശസ്തി നഷ്ടപ്പെടുന്നു.

ജനവും, മീഡിയകളും പുതിയതിനായ് ഓടുമ്പോൾ കാതോർക്കുമ്പോൾ പഴയത് വലിച്ചെറിയപ്പെടുന്നു. അതിനാൽ നിങ്ങൾ മരണത്താലോ, കൊലപാതകത്താലോ ഒന്നും നേടുന്നില്ലെന്ന് നിങ്ങൾ മനസ്സിലാക്കുക. നിങ്ങൾ നിങ്ങളോട് ചോദിക്കുക എന്തിനാണ് ഞാൻ കൊല്ലുന്നത്? എന്തിനാണ് ഞാൻ മരിക്കേണ്ടത്? . ഈ ചോദ്യം സ്വയം ചോദിച്ച് മുന്നോട്ട് നീങ്ങുന്ന ഒരുവനും സാധിക്കയില്ല, കൊല നടത്താനും, മരണമേറ്റു വാങ്ങാനും. കാരണം, ഇത് രണ്ടും ആർക്കും വേണ്ടിയല്ല, മറിച്ച് ആർക്കോ വേണ്ടിയാണെന്ന് നിങ്ങൾക്ക് സ്വയം ബോധ്യപ്പെടും! .

നാടിന് വേണ്ടി മരിച്ച് വീഴുന്നവർ ഓർക്കപ്പെടും പക്ഷെ ശിഖണ്ഡികളായ് നിന്ന് മറ്റുള്ളവർ അമ്പെഴ്തു വീഴ്ത്തുമ്പോൾ, കവചകുണ്ടലങ്ങൾ ഊരിക്കൊടുക്കുമ്പോൾ, പെരുവിരലറുത്ത് മാറ്റുമ്പോൾ ഓർക്കെപ്പെടുവാൻ നിങ്ങളിലൊന്നുമില്ല, നഷ്ടപ്പെടുവാൻ നിനക്കും, കുടുംബത്തിന് തോൽവി മാത്രമേ മിച്ചമുണ്ടാവുകയുള്ളു. അവസാനം അഗ്നിശുദ്ധി വരുത്തിയാൽ പോലും കളങ്കങ്ങൾ തേച്ച് മായ്ക്കപ്പെടുകയില്ലെന്ന യാഥാർത്ഥ്യം നിങ്ങളറിയും. സൂര്യദുഃഖം, മാതാപിതാക്കളുടെ രോദനം നിങ്ങളിലലയടിക്കും..

അതിനാൽ നിങ്ങളോർക്കുക ഇതിഹാസങ്ങളെല്ലാം തന്നെ സൃഷ്ടിക്കപ്പെട്ട കഥകൾ മാത്രമാണ്. പണ്ടത് ഇതിഹാസങ്ങളായ് വായ്മൊഴിയിൽ നിന്ന് വരമൊഴിയിലേക്ക് മാറ്റപ്പെട്ടു. ഇന്നതേ ഇതിഹാസങ്ങൾ തന്നെയാണ് സിനിമകളായും, നോവലുകളായും രൂപാന്തരം പ്രാപിച്ചത്. അതിലെ ചില കഥാപാത്രങ്ങൾ മാത്രം ചിരംജീവിയാകുന്നതും, മറ്റുള്ളവ മൺമറയുന്നതും. അങ്ങനെ ഇതിഹാസങ്ങളിലും, നോവലിലും, സിനിമയിലും ചിരംജീവികളായവർ ഒട്ടനവധിയുണ്ട്. പക്ഷെ കോടികൾ കാലികമായ് പോലും യഥാർത്ഥ ചിരംജീവികൾ നിലനിൽക്കുന്നില്ല പകരം തള്ളപ്പെടുകയാണ്. .

അതിനാൽ വെട്ടുന്നവരും, വെട്ടുകൊള്ളുന്നവരും, ഇന്നിൻ്റെ തലമുറയിൽ നിന്നും ഇനിവരുന്ന തലമുറവരെ ഉൾക്കൊള്ളേണ്ട ഒരു പാഠവമാണ് എന്തിന് വേണ്ടി ? ആർക്കു വേണ്ടി ? . നിനക്കോ നിൻ്റെ സമൂഹത്തിനോ, രാജ്യത്തിനോ, കുടുംബത്തിനോ വേണ്ടിയല്ലെന്ന് നിനക്ക് തോന്നുമ്പോൾ, നിൻ്റെ നേത്യത്വങ്ങൾ സ്വാർത്ഥതയ്ക്കായ് നിനക്ക് നൽകുന്ന നേത്യത്വ പാഠവങ്ങൾ വലിച്ചെറിയുക. നിൻ്റെ തിന്മയുടെ കാഷായ വസ്ത്രങ്ങൾ നീ തന്നെ വലിച്ചെറിയുക! അതുമാത്രമേ നിനക്കിനി രക്ഷയാവുകയുള്ളു.

ഭാവി തലമുറയ്ക്ക് രക്ഷയേകുകയുള്ളു. മരണവും, ജീവനും പോലെ തന്നെയാണ് കൊല്ലുന്നവരും, മരിച്ചവരുമൊക്കെ തത്വമസിയാണ്, അത് നീയാകുന്നു! ഇന്ന് ഞാനാണെങ്കിൽ നാളെ നീയാകുന്നു!. മറക്കാതെയൊന്നോർക്കുക ആശയങ്ങളെ ആശയങ്ങൾ കൊണ്ട് നേരിടുന്നതിന് പകരം കാടത്വത്തിൽ നേരിടുമ്പോൾ നിങ്ങളുടെ ജീവൻ അല്ലെങ്കിൽ കൊലപാതകങ്ങൾ സമൂഹത്തിന് കൗതുകമാകുന്നു. എന്നാൽ ഒരിക്കലുമത് കൗതുകമാകരുത്! . ഡാർവിൻ പിറവം.

By ivayana