കാഴ്ചപ്പാടുകളെ കവിത കൊണ്ട് കാലത്തോടു ചേർത്തു നിർത്തുന്നവനാണ് / അവളാണ് കവി.അവൻ്റെ/അവളുടെ കണ്ണുകൾക്ക് മനസ്സുകൊടുക്കുന്ന ലിഖിത മറുപടികളാണ് കവിതകൾ.പുതിയ കവികൾ ജീവിതത്തിൻ്റെ ഏറ്റവും പുതിയ പരിഷ്ക്കാരങ്ങൾക്കൊപ്പം തന്നെ നടക്കുന്നവരാണ് അതുകൊണ്ടുതന്നെ മികച്ച കവിതകൾ കൊണ്ടു മാത്രമേ അവരെ തിരിച്ചറിയാൻ കഴിയുകയുള്ളൂ.ഇങ്ങനെ ഈ ഉള്ളവൻ കുറിക്കുന്നത് വ്യക്തിപരമായ ചില അനുഭവ സ്മരണകൾ തരുന്ന തിക്തമായ രുചികൾ നുണഞ്ഞു കൊണ്ടാണ്.
”സദാ സമയവും
അന്താക്ഷരി
കളിച്ചുകൊണ്ടിരിക്കുന്ന
രാജ്യം .
അവിടെ ‘മൂ’എന്നൊരൊറ്റയക്ഷരം മാത്രം
കിട്ടുന്നൊരു ജനത”
എന്നെഴുതിയത് അരുൺ സമുദ്രയെന്ന കവിയാണ്. അർത്ഥം,ആശയം എന്നിവയ്ക്കുമപ്പുറം അരുണിൻ്റെ വരികൾ പറഞ്ഞു തന്ന വർത്തമാന കാല പരിസരത്തെ ഉൾക്കൊള്ളാൻ കഴിഞ്ഞതുകൊണ്ടാണ് ആമുഖം അങ്ങനെ തന്നെയാക്കിയത്.അത് ബോധപൂർവ്വമായൊരു ശ്രമം തന്നെയാണ്. വർത്തമാനകാലത്തെ കവിത അതിൻ്റെ രാഷ്ട്രീയം പറയുന്നത് ഉത്തമ ബോദ്ധ്യത്തോടെ തന്നെയാണ്.

ഇന്നത്തെ കവി തൻ്റെ ഇച്ഛകൾക്കും ഏറെ മുകളിലേയ്ക്ക് കവിതയിലെ രാഷ്ട്രീയത്തെയും സാമൂഹ്യബോധത്തെയും ഉയർത്തിപ്പിടിക്കുന്നു.കാവ്യ സിദ്ധാന്തങ്ങളെയോ അവയുടെ ശാസ്ത്രീയ വിവക്ഷകളെയോ തെല്ലുപോലും കൂസാതെയാണ് പുതിയ കവി കവിതയിലൂടെ നടന്നു പോകുന്നത്.ഈ അവസരത്തിലാണ് അരുൺ സമുദ്രയുടെ രണ്ടാമത്തെ കവിതാ സമാഹാരമായ ‘മൂ’ ആസ്വാദനക്കുറിപ്പിന് വിഷയമാകുന്നത്.അരക്ഷിതത്വത്തിൻ്റെ അപ ശബ്ദങ്ങൾക്കു നേരേ അറിഞ്ഞു പൊരുതിയ ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’ എന്ന,അരുണിൻ്റെ ആദ്യ കവിതാ സമാഹാരത്തിന് ആസ്വാദനമെഴുതാനിരുന്നപ്പോൾ കവിത ഒറ്റ വിഷയം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.

എന്നാൽ ‘മൂ’ അരുൺ സമുദ്രയുടെ കവിതകളിലെ മാറ്റങ്ങളെക്കുറിച്ച് കൂടിപ്പറയാൻ നിർബന്ധിക്കുന്നു.ചില മുൻവിധികളോടുകൂടിത്തന്നെ ഇതിലെ കവിതകളെ സമീപിക്കുകയെന്നത് തന്നെയാണ് ഇവിടുത്തെ ലക്ഷ്യം,കാരണം;വർത്തമാന കാല രാഷ്ട്രീയത്തിൻ്റെ നിഴലെങ്കിലും പതിയാത്ത ഒരു കവിതപോലും ഇതിൽ ഇല്ല എന്നുള്ളതാണ്. എന്ന് മാത്രമല്ല കവിതയിൽ അതൊരു അനിവാര്യതയാണെന്ന തിരിച്ചറിവും ‘മൂ’ വ്യക്തമാക്കുന്നുണ്ട്.അധസ്ഥിത ജനവിഭാഗങ്ങളുടെ ജീവിതാസ്ഥിരതകളോടുള്ള കവിയുടെ നിലപാടുകളും ഇത്തരമൊരവസ്ഥയ്ക്ക് കാരണമാകുന്ന രാഷ്ട്രീയപരവും വർണ്ണപരവുമായ പൊള്ളത്തരങ്ങളോടുള്ള പ്രതിഷേധാത്മക സമീപനങ്ങളുമാണ് ‘മൂ’ എന്ന കവിതാ സമാഹാരത്തിൻ്റെ പ്രധാന അംശം.ഇതൊരു തരത്തിൽ ‘വർഗ്ഗസമരം’ എന്നു വിളിക്കാവുന്ന ഒരു സമര രീതി തന്നെയാണ്.

കപട മേധാവിത്വങ്ങളെയും മേൽക്കോയ്മകളെയും നേരിട്ടു വെല്ലുവിളിക്കാൻ ഇവിടെ സമര രംഗത്തിറങ്ങുന്നത് കവിതകളാണ്.കവി അതിൻ്റെ സൃഷ്ട്യനുബന്ധമായ ഒരു പ്രഭവ കേന്ദ്രവും.പ്രത്യയശാസ്ത്രാവബോധത്തോടെ എഴുതപ്പെട്ട കവിതകൾ ‘മൂ’ വിൽ ഉള്ളതുകൊണ്ടാണ് ഈ പുസ്തകത്തിൻ്റെ വർഗ്ഗസമര സ്വഭാവം പ്രത്യക്ഷവൽക്കരിക്കപ്പെടുന്നത്. ‘മൂലധന സിദ്ധാന്തത്തിനെ അടിസ്ഥാനമാക്കി വിലയിരുത്താവുന്ന കവിതകൾ അരുൺ സമുദ്രയുടെ ‘മൂ’ എന്ന സമാഹാരത്തിലുണ്ടെങ്കിലും അത്, ‘മൂല മാനവ സിദ്ധാന്ത’ത്തിനാണ് കൂടുതൽ പ്രാധാന്യം നൽകുന്നത്.

ഓർമ്മയുടെ കനമാണ് ‘മൂ’ വിൻ്റെ ചലന തന്ത്രം.അനുഭവത്തിൻ്റെ ആഴം കൊണ്ട് അത്,ആത്മാംശത്തെ സമകാലികതയിൽ ഉറപ്പിച്ചു നിർത്തുന്നു.ഭാവന അരുൺ സമുദ്രയുടെ കവിതകളിൽ അവശ്യ വസ്തു ആകുന്നതേയില്ല.എന്തെന്നാൽ,സത്യരൂപങ്ങളുടെ നേർ പതിപ്പുകളാണ് അവയെല്ലാം തന്നെ.അവയ്ക്കെല്ലാം തന്നെ ‘ഇന്ന് ‘ എന്ന വിഷയത്തെക്കുറിച്ചാണ് ഏറ്റവും കൂടുതൽ പറയാനുള്ളത്. ‘ഇന്നലെ ‘ ‘നാളെ’ എന്നിവ ഇതിന് ഇരുപുറങ്ങളിലും ഇല്ല എന്നർത്ഥമില്ല. നോക്കുക,
”മുറിക്കുപുറത്ത് തിരക്കിൽ
ചെരുപ്പില്ലാത്തവൻ്റെ കാലുകളിൽ
അറിഞ്ഞുകൊണ്ട് ചവിട്ടി,
മുറിവുകളുണ്ടാക്കി
സ്വയം വികസിക്കുന്ന
രാജ്യസ്നേഹികൾ” (ചവിട്ട്‌)
”കരയുന്നവരുടെ
പേരുവെട്ടിക്കൊണ്ട്
ചിരിച്ചുനിൽക്കുന്നവൻ്റെ
ഉടലുടച്ചുകൊണ്ടാവണമിനിയീ
രാജ്യത്തിലെ ലോങ്ങ് മാർച്ച്” (ഒടുവിലത്തേതെന്നു തോന്നിപ്പിക്കുന്ന ആദ്യത്തേതുകൾ)ഇത്തരമൊരു പരിസരമുള്ള കവിതകൾ ഇനിയുമെടുത്തു പറയാനുണ്ടിതിൽ.

സമയബന്ധിതമായി അതല്ലെങ്കിൽ ഇന്നിൻ്റെ സമാന്തര രാഷ്ട്രീയ ചലനങ്ങളോട് ചേർത്തു വായിക്കുമ്പോഴാണ് ഇത്തരം കവിതകൾ ‘ഇന്ന് ‘ എന്ന കാല(Time)ത്തിൻ്റെ കാര്യത്തെക്കാട്ടിത്തരുന്നത്. ‘വിശപ്പുകൾ’ എന്ന കവിത സമീപ ഭൂതകാലത്തിലെ നെറികേടുകളോടുള്ള വിവേകപരമായ പ്രതിഷേധത്തിൻ്റെ പ്രതിഫലനമാണ്.ഈ കവിതയ്ക്കു വേണ്ടി അരുൺ സമുദ്ര ഒരുക്കിയ ഭാഷ തന്നെ സംയമനം ചാലിച്ച ഒരു മൂർച്ചയാണ്.

‘മധു’ എന്ന നാമം ഒരു പൊതുവികാരമായതിൻ്റെ ഉൾതുടിപ്പുകൾ ‘വിശപ്പുകളെ’ സർവ്വതോ മുഖമായ ഒരു സമകാലിക സമസ്യയുടെ പച്ചയായ പൂരണമാക്കുന്നു.കവിക്ക് ഇത് സഹതാപത്തിൻ്റെ എഴുത്തു കൂട്ടല്ല.സഹനത്തിൻ്റേതായ ഒരു അക്ഷര ശബ്ദമുണ്ടതിൽ.അതിൻ്റെ മൂല തത്ത്വം സഹജ സ്നേഹത്തെ അനുഭവിപ്പിച്ചു തരുന്ന മാനുഷികതയാണ്.ഇരക്കലിൻ്റെ തിരച്ചൂരടിപ്പിക്കാതെ നീതികേടുകളോടു ചോദ്യം ചോദിച്ചു പോകാൻ നിർബന്ധിതനാവുന്നവൻ്റെ സ്ഥൈര്യമാണ് ‘വിശപ്പുകൾ’ കീഴാളൻ എന്ന്, മേലാളനെന്ന് സ്വയം വിശ്വസിക്കുന്നവർ വിളിക്കുന്നവൻ്റെ ഉണർത്തു പാട്ടും ഉയർത്തു പാട്ടുമാണത്

.കവിതയായിത്തന്നെ വായിക്കുമ്പോഴാണത് പൂർണ്ണമായും ഒരു സന്ദേശമായി മാറുന്നത്.അല്ലാതെ വ്യാഖ്യാനിക്കുമ്പോഴോ നിരൂപണം ചെയ്യുമ്പോഴോ അല്ല!
ചരിത്രത്തിൻ്റെ ചലന നിയമങ്ങളോട്,സത്യത്തിൻ്റെ ഗതിവിഗതികളുമായി മത്സരിക്കുന്ന ഒരു കവിയേയും ‘മൂ’ എന്ന കവിതാ സമാഹാരത്തിൽ കാണാം.പുരാവൃത്തത്തിൻ്റെ പുഴയൊഴുക്കിൽ പടർന്നു പന്തലിച്ച കവിതാ സംസ്കൃതിയോട് ചേർന്നൊഴുകാൻ അരുൺ സമുദ്രയിലെ കവി ഒരിക്കലും താല്പര്യപ്പെടുന്നില്ല.

കവിതയിലെ തൻ്റെ ഇടം കവിതകൊണ്ടു തന്നെ കെട്ടി ഉയർത്തുക,അതിനെ കാലത്തിനോടു കൂട്ടിക്കെട്ടുക എന്ന മുൻവിധിയോടു കൂടിയുള്ള ലക്ഷ്യബോധം തന്നെയാണ് കവിയുടെയും ഈ കവിതാ സമാഹാരത്തിൻ്റേയും പരമമായ വിജയം.അതൊരുതരത്തിലും യാദൃച്ഛികതയുമല്ല.അരുൺ സമുദ്രയുടെ ആദ്യ കവിതാസമാഹാരമായ ‘അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’ എന്നതിൽ നിന്നും ‘മൂ’ വിലേയ്ക്കെത്തുമ്പോൾ ഉള്ള മാറ്റത്തെ ഒരർത്ഥത്തിൽ ഇങ്ങനെ തന്നെ അടയാളപ്പെടുത്തണം.ടി.പുസ്തകത്തിൽ തന്നെ പ്രശസ്ത കവി ശ്രീ.ഡി.യേശുദാസ്, ‘കവിതയായിത്തീർന്ന അനുഭവങ്ങൾ’ എന്ന ലേഖനത്തിൽ അരുൺ സമുദ്രയുടെ കവിതാ പരമായ മാറ്റങ്ങളെക്കുറിച്ച് വിശദമായി വിവരിക്കുന്നുണ്ട്.

ആത്മ രേഖകൾ എന്നു തോന്നിപ്പിക്കുന്ന അനേകം കവിതകൾ അരുൺ ഈ സമാഹാരത്തിൽ ചേർത്തു വച്ചിട്ടുണ്ട്.സത്യസന്ധമായിപ്പറഞ്ഞാൽ അത്തരം കവിതകളാണ് ഈ സമാഹാരത്തിൽ സത്യസന്ധമായ രാഷ്ട്രീയം ഏറ്റവും കൂടുതൽ സംസാരിക്കുന്നത്.നിരീക്ഷണ പാടവത്തിൻ്റെ സുതാര്യതയാണ് ഇതിനെയെല്ലാം മുന്നിൽ നിന്നു നയിക്കുന്നത്.’വായന ഒരു സാധ്യതയാകുന്നു’ എന്ന കവിത അതിൻ്റെ പുറത്തു കാണുന്നതിൻ്റെ അപ്പുറത്തു നിന്നുകൊണ്ടാണ് അതിൻ്റെ കടമ നിറവേറ്റുന്നത്. ഒറ്റ വെടിയുണ്ടയിൽ തീർത്തു കളഞ്ഞ അക്ഷര സത്യങ്ങളെ ഓർമ്മിപ്പിക്കുന്നുണ്ടിത്.

അക്ഷരങ്ങളെയും ആശയങ്ങളെയും ഭയക്കുന്ന അധികാര സവർണതയെ ഭംഗ്യന്തരേണ കാട്ടിത്തരുന്ന ഈ കവിത ചോദ്യ രൂപങ്ങളിലാണ് അതിൻ്റെ ശക്തി പ്രകടിപ്പിക്കുന്നത്. ‘മിനിയേച്ചർ’ എന്ന കവിത അതി വിസ്തൃതമായ ഒരു ദീർഘ വീക്ഷണമാണ്.വരണ്ടു വിണ്ടു കീറിക്കൊണ്ടിരിക്കുന്ന ഇന്ത്യൻ കാർഷിക രംഗം ഇതിനുള്ളിൽ ഉറഞ്ഞു ചിരിക്കുന്നുണ്ട്.ഉല്പന്ന സാധ്യതകളുടെ മുകളിലേക്കുള്ള കടന്നുകയറ്റങ്ങളെ ഉപമ കൊണ്ട് പ്രതിഷേധിച്ച കവിതയാണത്!
”നീ വരച്ചിട്ട
പച്ചക്കള്ളങ്ങൾക്കു മുകളിൽക്കിടന്ന്
ഞാൻ
സ്വപ്നങ്ങൾക്കാണാറുണ്ടായിരുന്നു”
എന്ന്, ‘രാജ്യമേ’ എന്ന കവിതയിൽ പറയുന്ന അരുൺ സമുദ്ര എത്ര സ്പഷ്ടമായാണ് കുത്തഴിഞ്ഞ സമകാല വ്യവസ്ഥിതിയെ വെല്ലുവിളിക്കുന്നത്.ഇങ്ങനെയുള്ള സ്വഭാവങ്ങളും ‘മൂ’ എന്ന കവിതാ സമാഹാരത്തിൻ്റെ മൂല്യ വർദ്ധിത രേഖ തന്നെയാണ്.ഇന്നത്തെ രാഷ്ട്രീയ പരിതഃസ്ഥിതിയിൽ ഇത് ചർച്ചയാവുന്നതും,ചർച്ചയാവേണ്ടുന്നതും ഇതൊക്കെക്കൊണ്ടു തന്നെയാണ്.

‘ഞാൻ’ എന്ന കവിത ഗൗരവതരമായ ഒരു വിഷയം കൈകാര്യം ചെയ്യുന്നുണ്ട്.അതിൻ്റെ രാഷ്ട്രീയം വെട്ടിമാറ്റലിൻ്റേതോ കൂട്ടിച്ചേർക്കലിൻ്റേതോ അല്ല,നിലനിന്നിരുന്നതിൽ ബോധപൂർവ്വം ചിലർ വരുത്തി വച്ച വിള്ളലിൻ്റേതാണ്.രണ്ടായിരത്തിപ്പതിനഞ്ചു മുതൽ മലയാള കവിതയിലുണ്ടായതും, വസ്തുനിഷ്ഠമായി അടയാളപ്പെടുത്തപ്പെടേണ്ടുന്നതുമായ,ഘടനാ വ്യതിയാനത്തിൻ്റെയും ഭാവുകത്വപരിണാമത്തിൻ്റെയും പതാക വാഹകരിലൊരാളായിത്തന്നെ അരുൺ സമുദ്ര രേഖപ്പെടുത്തപ്പെടുമെന്നുള്ളത് അതിശയോക്തിക്കിടനൽകാത്ത യാഥാർത്ഥ്യമാണ്.കവിത അതിൻ്റെ രാഷ്ട്രീയത്തെ ഏറ്റവും പ്രത്യക്ഷമായി പ്രകടിപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്.

ആദിവാസികൾ അടക്കമുള്ള ദളിത് പക്ഷത്തിൻ്റെ അത്യുച്ച ശബ്ദമാണിപ്പോൾ ഏറെ മുഴങ്ങിക്കേൾക്കുന്നത്. അങ്ങനെ ഉയർന്നു കേൾക്കുന്ന കവിതാ ശബ്ദത്തിൻ്റെ ശല്ക്കങ്ങളിൽ വരേണ്യ ഗരിമയോ പദാഢംബര സങ്കലനങ്ങളോ അലങ്കാര സൗകുമാര്യമോ ചൊൽക്കേളീ സാധ്യതകളോ അനുഭവപ്പെടണമെന്നില്ല, കാരണം;കവിതയ്ക്ക് വിഷയം കണ്ടെത്തുന്നവരല്ലവർ.വിഷയങ്ങൾ കവിതയാക്കി മാറ്റുന്നവരാണവർ ! എന്നു പറയുമ്പോൾ അതൊരു ഇകഴ്ത്തലല്ല പുകഴ്ത്തൽ തന്നെയാണ്.ഇവരുടെ പ്രധാന വിഷയം അതിജീവനമാണ്.അതിജീവനത്തിൻ്റെ രാഷ്ട്രീയമാണ് ഇവരുടെ കവിതകളുടെ ആത്മ രഹസ്യം.

അതിജീവനം എന്ന പൊതുവായ കാര്യത്തിൻ്റെ ഉപ വിഭാഗങ്ങൾ കവിതയുടെ കാണാച്ചരടുകളാണിവിടെ. അവയെന്നു പറയുമ്പോൾ,നിലയുറപ്പിക്കൽ തുടർന്നുള്ള നിലനില്പ്, അതിനാവശ്യമായ മണ്ണ്,ഭക്ഷണം,വസ്ത്രം,പാർപ്പിടം,വിദ്യഭ്യാസം,സാമൂഹികാംശം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളല്ല പ്രശ്നങ്ങൾ തന്നെയാണ് അവർക്ക് കവിതകൾ.അങ്ങനെ വരുമ്പോൾ അവയ്ക്ക് കൊടുങ്ങല്ലൂർ കളരിയുടെ കോയ്മയോ വെണ്മണിക്കളരിയുടെ വെണ്മയോ കണ്ടെന്നു വരില്ല.ജീവിതം മാത്രമേ അതിൽ കാണുകയുള്ളൂ.അങ്ങനെയുള്ളവർക്ക് കവിതയിൽ പറയാൻ ആവശ്യത്തിൻ്റെ രാഷ്ട്രീയമേ സാധ്യമാവുകയുള്ളൂ.ഇങ്ങനെയുള്ളവരിൽ അല്ലെങ്കിൽ ഇത്തരം കവിതകളെഴുതുന്നവരുടെ കൂട്ടത്തിലെ മുന്നണിപ്പോരാളികളിലൊരാളാണ് അരുൺ സമുദ്രയെന്ന് ചാരിതാർത്ഥ്യത്തോടെ പറയാൻ കഴിയുന്നത് ഒരു നിർവൃതി തന്നെയാണ്.

പ്രണയത്തെ അർത്ഥവത്തായിക്കാണുന്ന അരുൺ സമുദ്ര ‘മൂ’ വിൽ,അതിൻ്റെ പേശല ഭാവങ്ങളിൽ ആണ്ടു പോകുന്നില്ല.’അവർ ചില്ലക്ഷരങ്ങൾ തേടുമ്പോൾ’ എന്ന ആദ്യ കവിതാ സമാഹാരത്തിൽ ഒരു പക്ഷേ,അങ്ങനെയൊരു കവിയെ കണ്ടെത്താൻ കഴിഞ്ഞേക്കുമെന്നു വരാം.?.ഒരു പ്രത്യേക തരം പക്വത പ്രണയത്തിൽ പ്രകടമാക്കുന്ന ഒന്നാണ് ‘മൂ’ .സദാചാരത്തിൻ്റെ ആചാര മര്യാദകളെയൊന്നും മുഖവിലയ്ക്കെടുക്കുന്നില്ല കവിയെങ്കിലും,വഴിവിട്ടു പോകുന്ന അരാജകത്വ ഭാഷയൊന്നും ഉപയോഗിക്കുന്നില്ല.കപട സദാചാര വാദത്തെ വകവയ്ക്കാതെ ലൈംഗികതയെന്ന മാനുഷിക ജൈവതയെ തന്മയത്വത്തോടെ വരച്ചു കാട്ടുന്നുണ്ട് അരുൺ.

’69’ എന്ന ഒറ്റക്കവിത തന്നെ അതിനുള്ള ഉദാഹരണത്തിന് ധാരാളം.
”അവൾ ഓർമ്മകളെ
മെല്ലെത്തൊട്ടുണർത്തുന്നു
ഞാനാഴങ്ങളിൽ
മധുരം നുണയുന്നു” (69)
പരസ്പരമുള്ള വിലയം പ്രാപിക്കലിൻ്റെ സാക്ഷ്യപത്രമാണീ വരികൾ.പ്രണയം ശരീരത്തിൻ്റെ ആന്തരികാർത്ഥങ്ങളിൽ സ്വന്തം കയ്യൊപ്പു ചാർത്തുന്ന ആ സന്ദർഭത്തിനെ വായിച്ചനുഭവിപ്പിക്കുന്ന ഒരു മാന്ത്രികതയാണത്. ”അരുൺ സമുദ്രയുടെ കവിതകളിലെ പ്രണയം ഒരിക്കലും സ്വഛന്ദ സ്വപ്ന സഞ്ചാരിയാകുന്നില്ല” എന്ന്, പ്രിയ കവി സുധീർരാജ് പുസ്തകത്തി ആമുഖ ലേഖനത്തിൽ പറഞ്ഞത് ഇതിൻ്റെ കൂടി അടിസ്ഥാനത്തിലായിരിക്കാമെന്ന് അനുമാനിക്കാം

.പ്രണയം വേരുറപ്പോടെ പകർത്തിയെഴുതുന്ന വേറെയും കവിതകൾ ‘മൂ’ വിൻ്റെയുള്ളിൽ നിറയുന്നുണ്ട്. ‘ത്രീ’ എന്ന കവിത ഇവിടെ പ്രണയത്തിൻ്റെ ജല സ്പർശമാണ്.ഒന്നായിത്തീരലിൻ്റെ അഭൗമികമായ ഒരു നനവാണ്! ഞാനും നീയുമല്ലാതെ മറ്റൊരാൾ! അതാണ്, ‘ത്രീ’. ആ മറ്റൊരാൾ കടലാണ്.കടൽ എന്നാൽ,ആഴമാണ്.തിരയും ചുഴിയും വേലിയേറ്റ വേലിയിറക്കങ്ങളും നിഗൂഢതകളുമൊക്കെയുള്ള പ്രണയത്തിൻ്റെ പ്രതീകമാണിവിടെ കടൽ.നമുക്കിടയിലുള്ള മൂന്നാമൻ പ്രണയമാണെന്നു പറയുന്ന കാവ്യ ബുദ്ധിയാണത്.

നഗരം,ഗ്രാമം,രാജ്യം,പാടം,കടൽ, ബാല്യം, കൗമാരം, യൗവ്വനം, വീട്, അലക്ക്,കുളി,മൈഥുനം,മൈതാനം,വിചാരം,വിരോധം,വിരോധാഭാസം,ഉപമ,കാഴ്ച,കേൾവി,ചിന്ത,ബോധം,ബോദ്ധ്യം,നന്മ,ക്രോധം,സ്നേഹം,കാർക്കശ്യം,ഞാൻ,നീ,നമ്മൾ,സമൂഹം,പൊരുത്തപ്പെടൽ, പൊരുത്തക്കേട്,ഭരണകൂടം,ഭരണം,നിയമം,പ്രണയം, മരണം എന്നിവയോടൊപ്പം ഇവയിലെല്ലാമലിഞ്ഞു ചേർന്നിരിക്കുന്ന രാഷ്ട്രീയം,അല്ലെങ്കിൽ കാലത്തിൻ്റെ കണക്കെഴുത്തുമൂലം യാതൊരു കാരണവശാലും ഇവയിൽ നിന്നും മാറി നിൽക്കാൻ കഴിയാത്ത നായക സ്ഥാനീയനായ രാഷ്ട്രീയവും കൂടിച്ചേരുന്ന ഒരു ബഹുസ്വരതയാണ് അരുൺ സമുദ്രയുടെ ‘മൂ’.
ആത്യന്തികമായിപ്പറഞ്ഞാൽ കലർപ്പില്ലാത്ത കവിതകളുടെ കൂടാരം.

അരുൺ സമുദ്ര

By ivayana